
കൊച്ചി: എസ് എൻ ഡി പി യോഗം തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ട് ഹൈക്കോടതി റദ്ദാക്കി. ഇതോടെ മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം ലഭിക്കും. അടുത്ത മാസം അഞ്ചിന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതി വിധി.
200 അംഗങ്ങൾ ഉള്ള ശാഖകൾക്ക് ഒരു വോട്ട് എന്നതാണ് എസ് എൻ ഡി പി യോഗം തിരഞ്ഞെടുപ്പുകളിലെ ഇപ്പോഴത്തെ രീതി. ഇത്തരത്തിൽ ഏകദേശം പതിനായിരത്തോളം വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതാണ് ഇപ്പോൾ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. കമ്പനി നിയമം അനുസരിച്ച് 1974ല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്ന പ്രത്യേക ഇളവും ബൈലോ ഭേദഗതിയും കോടതി റദ്ദാക്കിയിട്ടുണ്ട്.
എസ്എൻഡിപിയിൽ ലക്ഷക്കണക്കിന് അംഗങ്ങളുണ്ട്. അവരെ എല്ലാവരേയും വച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് പ്രായോഗികമല്ലെന്ന് കണ്ടാകണം ഇത്തരം തിരഞ്ഞെടുപ്പ് രീതി പിന്തുടര്‍ന്ന് വന്നിരുന്നതെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വിധിയെകുറിച്ച് മാദ്ധ്യമങ്ങളിൽ കണ്ട അറിവുമാത്രമാണ് തനിക്കുള്ളതെന്നും വിധിയുടെ പകർപ്പ് കിട്ടിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.