
ലാളിത്യവും സംശുദ്ധിയും വിനയവും. കർമ്മമണ്ഡലത്തിൽ ഇച്ഛാശക്തിയും സുതാര്യത്യയും... പൊതുപ്രവർത്തകനിൽ നിന്ന് ജനം പ്രതീക്ഷിക്കുന്ന ഈ സ്വഭാവഗുണങ്ങൾക്ക് ഉടമയാണ് പരിചയസമ്പത്തും പ്രവർത്തന മികവും കൊണ്ട് രണ്ടാം പിണറായി മന്ത്രിസഭയിലെ മുൻനിരക്കാരിൽ ഒരാളായ പട്ടികജാതി-പട്ടികവർഗ-പിന്നാക്കക്ഷേമ-ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. കന്നിയങ്കത്തിൽ വിജയിച്ച് നിയമസഭയിലെത്തിയ വേളയിൽത്തന്നെ മന്ത്രിയും പിന്നീട് സ്പീക്കറും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗത്വമുമൊക്കെയായ അദ്ദേഹം നിശബ്ദനായാണ് തന്റെ കൃത്യനിർവഹണത്തിൽ വ്യാപൃതനാവുന്നത്. തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ അദ്ദേഹം പുലർത്തുന്ന ജാഗ്രതയ്ക്കും ആത്മാർത്ഥതയ്ക്കും തെളിവാണ് സംസ്ഥാനത്തെ പിന്നാക്ക വിഭാഗക്കാരായ രണ്ടരലക്ഷത്തിൽപ്പരം വിദ്യാർത്ഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് വിതരണത്തിലെ സ്തംഭനാവസ്ഥ നീക്കുന്നതിൽ പ്രകടിപ്പിച്ച ആർജ്ജവം.
ഈ അദ്ധ്യയനവർഷം ഹയർ സെക്കൻഡറി മുതൽ ബിരുദാനന്തര ബിരുദം വരെയും എൻജിനിയറിംഗ്, സാങ്കേതിക കോഴ്സുകളിലും പ്രവേശനം നേടിയ എസ്.ഇ.ബി.സി, ഒ.ബി.സി., ഒ.ഇ.സി വിഭാഗക്കാരായ രണ്ടരലക്ഷത്തിൽപ്പരം വിദ്യാർത്ഥികളുടെ, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനുള്ള അപേക്ഷകളാണ് പട്ടികജാതി-പിന്നാക്കവികസന വകുപ്പുകളുടെ കിടമത്സരത്തിൽപ്പെട്ട് അനാഥാവസ്ഥയിലായത്. പിന്നാക്കവിഭാഗ വികസനവകുപ്പിനെ അപേക്ഷിച്ച് കൂടുതൽ ആളും പേരുമുള്ള പട്ടികജാതിവികസന വകുപ്പാണ് കഴിഞ്ഞ വർഷം വരെ ഈ അപേക്ഷകളും കൈകാര്യം ചെയ്തിരുന്നത്. എന്നാൽ , പിന്നാക്കക്കാരുടെ കാര്യം ഇനി അവരുടെ വകുപ്പ് തന്നെ നോക്കട്ടെയെന്ന നിഷേധാത്മക സമീപനം പട്ടികജാതി വികസനവകുപ്പ് മേലാളന്മാർ ഈ വർഷം കൈക്കൊണ്ടു. പിന്നാക്കക്കാരുടെ അപേക്ഷകൾ മടക്കി അയച്ചു. സർക്കാർ ധനസഹായം മാത്രം പ്രതീക്ഷിച്ച് ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്ന പാവപ്പെട്ട ആയിരക്കണക്കിന് കുട്ടികളുടെയും മാതാപിതാക്കളുടെയും കണ്ണീരും വിലാപവും ഉദ്യോഗസ്ഥരുടെ ധാർഷ്ട്യത്തിന് ബലിയാടായി. ഈ ധാർഷ്ട്യമാണ് ഞങ്ങൾ കഴിഞ്ഞ 14 ന് മുഖ്യവാർത്തയിലൂടെയും , 15 ന് മുഖപ്രസംഗം വഴിയും തുറന്നുകാട്ടിയത്. ഇത് ശ്രദ്ധയിൽപ്പെട്ട മന്ത്രി കെ.രാധാകൃഷ്ണൻ ഉടനെ പട്ടികജാതി വികസന വകുപ്പ് സെക്രട്ടറിയെയും ഡയറക്ടറെയും ബന്ധപ്പെട്ട് ,പിന്നാക്കക്കാരുടെ അപേക്ഷകളും ഏറ്റുവാങ്ങി തുടർ നടപടികളെടുക്കാൻ നിർദ്ദേശിച്ചു. വകുപ്പ് സെക്രട്ടറി ഇതിനുള്ള ഉത്തരവ് 18ന് ഇറക്കി. പിന്നാലെ ,പിന്നാക്കക്കാരുടെ അപേക്ഷകളും സ്വീകരിച്ച് തുടങ്ങിയത് സ്വാഗതാർഹമാണ്.
2011 ൽ രൂപീകൃതമായി പിന്നാക്കവിഭാഗ വികസന വകുപ്പിന് ഡയറക്ടറേറ്റിന് പുറമേ,നാല് മേഖലാ ഓഫീസുകളും ആകെ 32 ജീവനക്കാരും മാത്രമാണുള്ളത്. എല്ലാ ജില്ലകളിലും ഓഫീസും, വേണ്ടത്ര തസ്തികകളും സൃഷ്ടിക്കപ്പെടുന്നതു വരെ പിന്നാക്കക്കാരുടെ അപേക്ഷകളും പട്ടികജാതി വകുപ്പ് കൈകാര്യം ചെയ്യണമെന്ന് കാട്ടി മന്ത്രി കെ.രാധാകൃഷ്ണന്റെ നിർദ്ദേശപ്രകാരം വകുപ്പ് സെക്രട്ടറി സെപ്തംബർ 16ന് ഉത്തരവിറക്കിയിരുന്നു. വകുപ്പിലെ ഉദ്യോഗസ്ഥ പ്രമാണിമാർ ഈ ഉത്തരവ് നടപ്പാക്കാതെ പൂഴ്ത്തിവച്ചു. നീണ്ടകാലത്തെ മുറവിളികൾക്ക് ശേഷം നിലവിൽവന്ന പിന്നാക്ക വിഭാഗ വികസന വകുപ്പിനെ ഇപ്പോഴും ചവിട്ടിത്താഴ്ത്തിയിട്ടിരിക്കുന്നതിന് പിന്നിലും ഇതേ ഉദ്യോഗസ്ഥ പ്രമാണിമാരുടെ കള്ളക്കളികളാണ്. രണ്ട് വകുപ്പുകൾ തമ്മിലെ ചേരിപ്പോരിന് പിന്നിൽ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിലെയും, ശമ്പള വർദ്ധനവിലെയും അന്തരം സൃഷ്ടിച്ച അസ്വാരസ്യങ്ങളും ഉണ്ടാകാം. അത് സർക്കാർ ഇടപെട്ട് പരിഹരിക്കേണ്ടതുമാണ്. പക്ഷേ അതിന്റെ പേരിൽ പാവപ്പെട്ട ലക്ഷക്കണക്കിന് കുട്ടികളും രക്ഷിതാക്കളും പിഴ മൂളേണ്ടി വരരുത്.
.