ee

അസാധാരണമായ നടനവൈഭവത്താൽ കഥക്കിനെ വിശ്വോത്തരമാക്കിയ ആചാര്യനാണ് പണ്ഡിറ്റ് ബിർജു മഹാരാജ്. ഏഴര പതിറ്റാണ്ടോളം കഥക്ക് നൃത്തത്തെ നെഞ്ചേറ്റിയ അതുല്യ പ്രതിഭ. ഒട്ടേറെ അവിസ്‌മരണീയ നൃത്തമുഹൂർത്തങ്ങൾ കാഴ്‌ചവച്ച് അരങ്ങൊഴിഞ്ഞ ബിർജു മഹാരാജിനെക്കുറിച്ച്...

ആറരപതിറ്റാണ്ടുകൾക്ക് മുമ്പത്തെ ഒരു രാവ്. ലക്‌നൗവിലെ തിങ്ങി നിറഞ്ഞ സദസിനു മുന്നിൽ ഷെഹനായ് അവതരിപ്പിച്ച്, ഉസ്‌താദ് ബിസ്‌മില്ലാ ഖാൻ അണിയറയിലെത്തി. അടുത്തത് ഒരു ബാലന്റെ കഥക്ക് നൃത്താവതരണം ആണെന്നറിഞ്ഞ അദ്ദേഹം സദസിന്റെ മുൻനിരയിൽ എത്തി ഇരിപ്പുറപ്പിച്ചു. അപ്പോൾ കാണികളെ അഭിവാദ്യം ചെയ്‌തുകൊണ്ട് എത്തിയതോ ഒരു പതിമൂന്നുകാരനും. കഥക്ക് സംഗീത ധ്വനികൾ ഉയർന്ന വേദിയിൽ അവൻ മനോഹരമായി നൃത്തമാരംഭിച്ചു. ചടുലമായ ചുവടുകൾ. കണ്ണിലും മുഖത്തിലും ഭാവങ്ങളുടെ മിന്നലാട്ടം. അംഗോപാംഗങ്ങളിലൂടെ താളലയങ്ങൾ പെയ്‌തിറങ്ങി. കൃഷ്‌ണനും രാധയും യശോദയും സഖിമാരും ഗോപികമാരുമെല്ലാം ആ കുഞ്ഞു ഭാവാഭിനയങ്ങളിലൂടെ മിന്നിമറഞ്ഞു. നൃത്താവസാനം സദസിൽനിന്ന് കയ്യടികൾ ഉയർന്നു പൊങ്ങിയപ്പോൾ ഉസ്‌താദിന്റെ കണ്ണുകളിലും അറിയാതെ കണ്ണീർ പൊടിഞ്ഞു. അദ്ദേഹം വേദിയിലെത്തി ആ ബാലനെ മാറോടണച്ചു. ''നിന്റെ നൃത്തം എന്നെ കരയിപ്പിച്ചു"" എന്ന് പറഞ്ഞുകൊണ്ട് അവന്റെ മൂർദ്ധാവിൽ കൈവച്ചനുഗ്രഹിച്ചു. സദസിനെ സൂക്ഷ്‌മഭാവാവതരണങ്ങളിലൂടെ കയ്യിലെടുത്ത ആ ബാലൻ പിന്നീട് ഭാരതത്തിലെന്നല്ല, ലോകത്തിലെ തന്നെ കഥക്ക് ആചാര്യനായ ബിർജു മഹാരാജ് ആയി വളർന്നുയർന്നു.
സംഗീതനൃത്ത, പാരമ്പര്യമുള്ള ലക്‌നോ ഖരാനയിലെ മഹാരാജ കുടുംബത്തിൽ 1938 ഫെബ്രുവരി 4നാണ് ബിർജു ജനിച്ചത്. ബിർജ് മോഹൻ നാഥ് മിശ്ര എന്നാണ് യഥാർത്ഥ പേര്. അച്ചൻ മഹാരാജ് എന്ന പേരിൽ പ്രശസ്‌തനായ കഥക്ക് നർത്തകൻ ജഗന്നാഥ് മഹാരാജ് ആണ് പിതാവ്. ജന്മസിദ്ധമായ കഴിവിനുടമയായിരുന്നു ബിർജു. നന്നേ ചെറുപ്പത്തിൽ തന്നെ പിതാവ് നൃത്തം പഠിപ്പിക്കുന്നത് നോക്കി നിൽക്കും. ചെറു ചെറു ചുവടുകളും വയ്‌ക്കും. കഥക്കിന്റെ ബാലപാഠങ്ങൾ അവനതിവേഗം ഹൃദിസ്ഥമാക്കി. അമ്മാവന്മാരായ ശംഭു മഹാരാജിന്റെയും ലച്ചു മഹാരാജിന്റെയും ശിക്ഷണം കൂടി ലഭിച്ചതോടെ ബിർജുവിലെ കഥക്ക് നർത്തകൻ ആടിത്തിളങ്ങാൻ തുടങ്ങി. ബിർജുവിന് ഒമ്പതു വയസായപ്പോഴാണ് പിതാവിന്റെ ആകസ്‌മിക വിയോഗം. അതോടെ അവന്റെ ജീവിതമാകെ മാറിമറിഞ്ഞു. ദാരിദ്ര്യത്തിലായിരുന്നു പിന്നീടുള്ള നാളുകൾ. മുന്നോട്ടുള്ള ജീവിതത്തിന് കഥക്കിനെ തന്നെ കൂട്ടുപിടിക്കാൻ അവൻ തീരുമാനിച്ചു. തുടർന്ന് പതിമൂന്നാം വയസുമുതൽ ബിർജു കുട്ടികൾക്ക് കഥക്ക് നൃത്തം അഭ്യസിപ്പിച്ചു തുടങ്ങി. അങ്ങനെ പഠിക്കലും പഠിപ്പിക്കലുമായി ബിർജു മഹാരാജ് ഏഴര പതിറ്റാണ്ടോളം കഥക്ക് നൃത്തലോകത്തെ ആചാര്യ തേജസായി ജ്വലിച്ചുയർന്നു. ഉത്തരേന്ത്യയിൽ ഒരു കാലം വരെ ക്ഷേത്രമതിൽ കെട്ടിനകത്തും രാജകൊട്ടാരങ്ങൾക്കുള്ളിലും അവതരിപ്പിച്ചിരുന്ന കഥക്ക് നൃത്തത്തെ ജനപ്രിയമാക്കി തീർത്തവരിൽ പ്രധാനിയാണ് ബിർജു മഹാരാജ്. ഇന്ത്യയിൽ അങ്ങോളമിങ്ങോളം അദ്ദേഹം കഥക്ക് അവതരിപ്പിച്ചു. വിദേശരാജ്യങ്ങളിലും ബിർജുവിന്റെ കഥക്ക് നൃത്തച്ചുവടുകൾക്ക് ആസ്വാദകരേറെയാണ്. മാത്രമല്ല, കഥക്ക് നൃത്തത്തിന്റെ പ്രചാരാർത്ഥം നിരവധി ശിൽപ്പശാലകൾക്കും അദ്ദേഹം നേതൃത്വം നൽകി.

ee

കഥക്ക് നൃത്തത്തിലെ താണ്ഡവം, ലാസ്യം എന്നീ നാട്യ രീതികൾക്കൊപ്പം ഭാവത്തിനും കൂടി പ്രാധാന്യം നൽകിക്കൊണ്ടുള്ള അവതരണമായിരുന്നു ബിർജു മഹാരാജിന്റേത്. തനുവും മനവും സ്വയം സമർപ്പിച്ചുകൊണ്ടുള്ള അത്ഭുതപ്രകടനം. കണ്ണുകളിലും പുരികകൊടികളിലും മുഖത്തും വിടർത്തുന്ന അതിസൂക്ഷ്‌മഭാവ മുകുളങ്ങളാൽ അദ്ദേഹം സദസിനെ പുളകം കൊള്ളിച്ചു. തീവ്രമായ ഭാവാഭിനയത്തിലൂടെയും ബിർജു മഹാരാജ് പ്രേക്ഷക ഹൃദയം കീഴടക്കി.

''നൃത്തം ചെയ്യുമ്പോൾ ഞാനാരുമല്ല. ആ സമയം ഞാനൊന്നും അറിയുകയുമില്ല. വേദിയിൽ നൃത്തം അവതരിപ്പിക്കാനായി നിൽക്കുമ്പോൾ ഞാൻ സർവ്വവും സമർപ്പിക്കുന്നത് ഭഗവാൻ കൃഷ്‌ണനിലാണ്. കഥക്കിൽ പിന്നീട് ഞാൻ ചെയ്യുന്നതെല്ലാം ഭഗവാന്റെ അനുഗ്രഹത്താലാണ്. പ്രേക്ഷകരെ ആനന്ദിപ്പിക്കാനായി അവരുടെ കൺമുന്നിൽ ഞാനൊരു മനോഹര ചിത്രത്തെ സൃഷ്‌ടിക്കുന്നു എന്നുമാത്രം. മണിക്കൂറുകൾ പ്രേക്ഷകർ അത് ആസ്വദിക്കുന്നു എന്ന് കാണുമ്പോഴാണ് എന്റെ ലയവും താളവും ഭാവവുമെല്ലാം സഫലമായി തീരുന്നത്. ഇതിനെല്ലാം ഞാൻ നന്ദി പറയുന്നത് കൃഷ്‌ണനോടാണ്. നൃത്തം ഒരു സമുദ്രം പോലെയാണ്. സമുദ്രത്തിലെ തിരകൾക്കെല്ലാം ജീവനും ചലനവും ഉണ്ട്. അവരുടെ മാർഗവും ലക്ഷ്യവും ഒന്നു മാത്രമാണ് – തീരം. അതുപോലെ താളലയങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം തൊടുമ്പോഴാണ് നൃത്തം ആസ്വാദ്യകരമായിത്തീരുന്നത്.""

നൃത്തത്തോടുള്ള അടങ്ങാത്ത ആഗ്രഹവും അഭിനിവേശവുമാണ് ബിർജു മഹാരാജിന്റെ ഈ വാക്കുകളിൽ നിറയെ.
കഥക്കിൽ തന്റേതായ ഖരാന ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞുവെന്നതാണ് ബിർജു മഹാരാജിന്റെ ഏറ്റവും വലിയ സവിശേഷത. തലമുറകൾ നീണ്ട ശിഷ്യ സമ്പത്തിനുടമയായ അദ്ദേഹം തന്റെ ഖരാന മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിലും അതീവ തത്‌പരനായിരുന്നു. അതുകൊണ്ടുതന്നെ ഒട്ടുമിക്ക കഥക്ക് നർത്തകരും ബിർജു മഹാരാജിന്റെ ഖരാനകൾ പിന്തുടരുന്നത്. ഇപ്പോൾ ഏറെ ജനപ്രീതി നേടിയ ഖരാനകളിലധികവും ബിർജു മഹാരാജ് ചിട്ടപ്പെടുത്തിയതാണെന്ന് കഥക്ക് ഗവേഷകരും ഒരേ സ്വരത്തിൽ പറയുന്നു. പുതുതലമുറയിലെ കഥക്ക് നർത്തകരെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്നതിൽ ബിർജു മഹാരാജ് യാതൊരു മടിയും കാണിച്ചിരുന്നില്ല. അവർക്ക് വിലപ്പെട്ട ഒട്ടേറെ ഉപദേശങ്ങളും നിർദ്ദേശങ്ങളും അദ്ദേഹം നൽകാറുണ്ടെന്ന് പ്രശസ്‌ത കഥക്ക് നർത്തകി അമർത്യാ ചാറ്റർജി ഘോഷ്.

ee

''പണ്ഡിറ്റ് ബിർജു മഹാരാജിന്റെ എൺപതാം പിറന്നാൾ ആഘോഷവേളയിൽ, അദ്ദേഹത്തിന്റെ മുന്നിൽ കഥക്ക് അവതരിപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. നൃത്തം കഴിഞ്ഞതും അദ്ദേഹം എന്നെ അനുഗ്രഹിച്ചിട്ട് പറഞ്ഞു – നിങ്ങളുടെ നൃത്തം എനിക്കേറെയിഷ്‌ടമായി. കാരണം അത് നിങ്ങളുടെ ആത്മാവിൽ നിന്നുമാണ് ഉയിർകൊണ്ടത്.. അദ്ദേഹത്തിന്റെ ഈ വാക്കുകളെ ഞാൻ എനിക്കു കിട്ടിയ ഏറ്റവും വലിയ ബഹുമതിയായാണ് കാണുന്നത്. മാത്രമല്ല, പുതുതലമുറയെ തുറന്നംഗീകരിക്കുന്ന അദ്ദേഹത്തിന്റെ മനസ് ഏവർക്കും ഉത്തമ മാതൃക തന്നെയാണ്."" സ്വന്തം അനുഭവത്തിലൂടെ ബിർജു മഹാരാജിനെ ഓർത്തെടുക്കുന്നു അമർത്യാ ചാറ്റർജി.നർത്തകൻ മാത്രമല്ല നല്ലൊരു ഗായകൻ കൂടിയാണ് ബിർജു മഹാരാജ്. ഹിന്ദുസ്ഥാനി സംഗീതത്തിൽ നിപുണനും. ഹാർമോണിയം, തബല എന്നീ വാദ്യോപകരണങ്ങളിലും അദ്ദേഹത്തിന്റെ കൈവിരലുകൾ നൃത്തം ചെയ്യുമായിരുന്നു. തുടക്കകാലത്ത് ഹിന്ദി സിനിമാ ലോകത്തുനിന്ന് ധാരാളം അവസരങ്ങൾ ബിർജുവിനെ തേടിയെത്തിയിരുന്നു. എന്നാൽ അച്‌ഛന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുക എന്ന കടമ ഏറ്റെടുക്കാനാണ് അദ്ദേഹം താത്‌പര്യപ്പെട്ടത്. കഥക്കിൽ ഉയരങ്ങൾ കീഴടക്കുക എന്നതായിരുന്നു ബിർജുവിന്റെ പിന്നീടുള്ള ഏക ലക്ഷ്യം. ആ ആഗ്രഹം നിറവേറ്റിയതിനു ശേഷം മാത്രമാണ്, വർഷങ്ങളേറെ കഴിഞ്ഞപ്പോൾ, വിരലിലെണ്ണാവുന്ന ചിത്രങ്ങൾക്ക് അദ്ദേഹം നൃത്തസംവിധാനം ചെയ്‌തത്.

അവയിൽ സത്യജിത് റായുടെ 'സത‌്‌രഞ്ജ് കെ ഖിലരി" എന്ന ചിത്രത്തിൽ ചെയ്‌ത നൃത്ത ചുവടുകൾ ഏറെ പ്രശസ്‌തമായി. 2002ൽ പുറത്തിറങ്ങിയ സഞ്ജയ് ലീല ബൻസാലിയുടെ 'ദേവദാസ്" എന്ന ചിത്രത്തിലെ 'കാഹേ ചേദ്"" എന്ന ഗാനത്തിൽ മാധുരി ദീക്ഷിത്തിനുവേണ്ടി നൃത്തചുവടുകൾ ഒരുക്കിയത് ബിർജു മഹാരാജ് ആണ്. 2013ൽ കമൽ ഹാസന്റെ വിശ്വരൂപം എന്ന ചിത്രത്തിലെ 'ഉന്നൈ.. കാണാത്" എന്ന ഗാനത്തിൽ കമൽ ഹാസൻ അവതരിപ്പിച്ച നൃത്തച്ചുവടുകൾ സംവിധാനം ചെയ്‌തതും അദ്ദേഹമാണ്. 2015ൽ ബാജിറാവ് മസ്‌താനി എന്ന സഞ്ജയ് ലീല ബാൻസാലിയുടെ ചിത്രത്തിലെ 'മോഹേ രംഗ് ദോ ലാൽ" എന്ന ഗാനത്തിൽ ദീപിക പദുകോൺ ചെയ്‌ത നൃത്തചുവടുകളും ഏറെ ജനപ്രിയമായി.

നൃത്തത്തിലെന്നതുപോലെ, ജീവിതത്തിലും വിനയവും ലാളിത്യവും കാത്തുസൂക്ഷിച്ച നർത്തകനാണ് ബിർജു. ഈ ഗുണങ്ങൾ അദ്ദേഹത്തിന്റെ ഉയർച്ചകൾക്ക് കൂടുതൽ തിളക്കമേകി. കഥക്ക് നൃത്തലോകത്തിനു നൽകിയ അമൂല്യ സംഭാവനകളെ ബഹുമാനിച്ചുകൊണ്ട് രാജ്യം പദ്മഭൂഷൺ, പദ്മവിഭൂഷൺ ബഹുമതികൾ നൽകി ബിർജു മഹാരാജിനെ ആദരിച്ചു. കേന്ദ്ര സംഗീത നാടക അക്കാഡമി അവാർഡ്, കാളിദാസ് സമ്മാൻ, നൃത്യചൂഡാമണി അവാർഡ്, ലതാ മങ്കേഷ്‌കർ പുരസ്‌കാരം, ഭരതമുനി സമ്മാൻ, 2012ൽ വിശ്വരൂപം സിനിമയിലെ നൃത്ത സംവിധാനത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം, ഫിലിം ഫെയർ പുരസ്‌കാരം തുടങ്ങിയവ അദ്ദേഹത്തെ തേടിയെത്തിയ പുരസ്‌കാരങ്ങളിൽ ചിലതു മാത്രം.
സ്വന്തമായി ഗാനരചന നടത്തി, സ്വയം സംഗീതമേകി, സ്വയം ചിട്ടപ്പെടുത്തിയ നൃത്ത ചുവടുകൾക്ക് ജീവനേകി, ആസ്വാദകരെ ആനന്ദിപ്പിച്ച ഒട്ടേറെ ഖരാനകൾ സമ്മാനിച്ചാണ് പണ്ഡിറ്റ് ബിർജു മഹാരാജ് അരങ്ങൊഴിഞ്ഞത്. നൃത്തേതിഹാസമായ അദ്ദേഹത്തിന്റെ വിടവാങ്ങൽ അണച്ചുകളഞ്ഞതോ കഥക്ക് നൃത്ത വേദികളിലെ കെടാവിളക്കും. എങ്കിലും അദ്ദേഹം ഡൽഹിയിൽ സ്ഥാപിച്ച 'കലാശ്രമം" എന്ന കഥക്ക് കളരിയിലൂടെയും ശിഷ്യഗണങ്ങളിലൂടെയും ബിർജു മഹാരാജിന്റെ ഖരാനകൾ നൃത്തവേദികളെ സമ്പന്നമാക്കുക തന്നെ ചെയ്യും.

(ലേഖകന്റെ ഫോൺ നമ്പർ: 9846689293)