
ജീവിതത്തിലെ ചെറിയ പരാജയങ്ങളിൽ പോലും തകർന്ന് പോകുന്നവരാണ് നമ്മളിൽ പലരും. അതിന്റെ ഏറ്റവും പ്രധാന കാരണം എല്ലാവരും വിജയങ്ങൾ മാത്രം ആഗ്രഹിക്കുന്നതാണ്. എന്നാൽ ജീവിതത്തിൽ സംഭവിക്കുന്ന നല്ല കാര്യങ്ങൾ വെറും വഴിതിരിവ് മാത്രമാണെന്ന വിശ്വാസത്തോടെ വിജയങ്ങൾ സ്വന്തമാക്കുന്ന റായ് ബഹാദൂർ മോഹൻ സിംഗ് ഒബ്‌റോയ് എന്നൊരു വ്യക്തിയുണ്ട്. ലോകനിലവാരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ സ്ഥാപകനാണ് റായ് ബഹാദൂർ മോഹൻ സിംഗ് ഒബ്‌റോയ്. അമ്മ നൽകിയ 25 രൂപയ്ക്ക് ആരംഭിച്ച ബിസിനസ് സാമ്രാജ്യം സമാനതകളില്ലാത്ത രീതിയിലുള്ള വളർച്ചയാണ് നേടിയിരിക്കുന്നത്.
പാകിസ്ഥാനിലെ ഝലം ജില്ലയിലെ ഭനാവു എന്ന ഗ്രാമത്തിലെ ഒരു സിഖ് കുടുംബത്തിലാണ് എം എസ് ഒബ്‌റോയ് ജനിച്ചത്. ഒബ്റോയിക്ക് ആറുമാസം പ്രായമുള്ളപ്പോൾ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടു. തുടർന്ന് കുടുംംബത്തിന്റെ എല്ലാ ചുമതലയും അദ്ദേഹത്തിന്റെ അമ്മക്ക് ഏറ്റെടുക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ ഒബ്റോയിക്ക് അധികം വിദ്യാഭ്യാസം നേടാൻ കഴിഞ്ഞില്ല. പ്രായപൂർത്തിയായ ഉടൻ തന്നെ അദ്ദേഹം ലാഹോറിലെ അമ്മാവന്റെ ഷൂ ഫാക്ടറിയിൽ (വിഭജനത്തിന് മുമ്പ്) മാനേജരായി ജോലി ചെയ്യാൻ തുടങ്ങുകയും ചെയ്തു. എന്നാൽ വ്യാപകമായ കലാപങ്ങൾ കാരണം ഫാക്ടറി ഒരു വർഷത്തിനുള്ളിൽ അടച്ചുപൂട്ടി. അതിനിടയിൽ അദ്ദേഹം ഇശ്രാൻ ദേവിയെ വിവാഹം കഴിച്ചു. വിവാഹത്തിന് ശേഷം ഒബ്‌റോയ് തന്റെ ഭാര്യാ സഹോദരനോടൊപ്പം പാകിസ്ഥാനിലെ സർഗൊന്ദയിൽ കുറച്ച്കാലം താമസിച്ചു. അതിനിടയിൽ നിരവധി സ്ഥാപനങ്ങളിൽ ജോലി അന്വേഷിച്ച് അദ്ദേഹം കയറി ഇറങ്ങിയെങ്കിലും ജോലി ലഭിച്ചില്ല. തുടർന്ന് അദ്ദേഹം തന്റെ ഗ്രാമത്തിലേക്ക് മടങ്ങി പോയി. എന്നാൽ ഇവിടെ അധികം നിൽക്കരുതെന്നും ഉടൻ എന്തെങ്കിലും ജോലി കണ്ടെത്തണമെന്നും പറഞ്ഞ അമ്മ അദ്ദേഹത്തെ തിരിച്ചയച്ചു. പോകുന്നതിന് മുൻപ് അമ്മ അദ്ദേഹത്തിന് 25 രൂപ നൽകിയിരുന്നു. ഈ തുകയാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ അടിസ്ഥാനം.
ജോലി കണ്ടെത്താനുള്ള ശക്തമായ ശ്രമങ്ങൾ നടത്തിയെങ്കിലും അദ്ദേഹം തുടരെ തുടരെ പരാജയപ്പെട്ടു. പാകിസ്ഥാനിന്റെ വിവിധ പ്രദേശങ്ങളിൽ വിവിധ രോഗങ്ങൾ പടർന്ന് പിടിച്ചതിനെ തുടർന്ന് അദ്ദേഹം 1922ൽ ഷിംലയിൽ എത്തുകയും അദ്ദേഹത്തിന് ദി സെസിൽ ഹോട്ടലിൽ പ്രതിമാസം 50 രൂപ ശമ്പളത്തിൽ ഫ്രണ്ട് ഡെസ്ക് ക്ലർക്ക് ആയി ജോലി ലഭിക്കുകയും ചെയ്തു. ഒരുപാട് പ്രശ്‌നങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന് ഈ അവസരം ലഭിച്ചത്. എന്നാൽ ഈ ചെറിയ വിജയത്തിൽ അദ്ദേഹം സംതൃപ്തനായിരുന്നില്ല. ഈ ജോലിയിൽ തുടരുമ്പോൾ തന്നെ സമീപ പ്രദേശത്തുള്ള വിവിധ ഹോട്ടലുകളുടെ നവീകരണ ചുമതല അദ്ദേഹം ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കി.
ഇത്തരത്തിൽ അദ്ദേഹം മുന്നേറികൊണ്ടിരിക്കുമ്പോൾ 1934 ൽ കോളറ പകർച്ചവ്യാധിയെത്തുടർന്ന് വിൽപ്പനയ്‌ക്ക് വച്ച കൽക്കട്ടയിലെ അഞ്ഞൂറ് മുറികളുള്ള ഗ്രാൻഡ് ഹോട്ടലിന്റെ പ്രവർത്തനം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായി. തന്റെ പതിവ് ആത്മവിശ്വാസവും വിജയിക്കാനുള്ള പൂർണ്ണമായ നിശ്ചയദാർഢ്യവുമാണ് ഈ വലിയ തീരുമാനത്തിന്റെ അടിസ്ഥാനം. ഭാര്യയുടെ എല്ലാ സ്വർണാഭരണങ്ങളും മറ്റ് വസ്തുവകകളും അദ്ദേഹത്തിന് ഇതിനായി നഷ്ടപ്പെടുത്തേണ്ടി വന്നു. പക്ഷെ വളരെ കുറച്ച് കാലം കൊണ്ടുതന്നെ ഇവിടെയും അദ്ദേഹം വിജയിച്ച് കയറി. ഒരിക്കൽ പോലും അദ്ദേഹം വിശ്രമിക്കാൻ തയ്യാറായില്ല. അതുകൊണ്ടുതന്നെ വിജയം അദ്ദേഹത്തിന് മുന്നിൽ മുട്ടുമടക്കി. തുടർന്ന് ഒബ്‌റോയ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഹോട്ടൽ കമ്പനി സ്ഥാപിക്കുകയും വലിയ വിജയം നേടുകയും ചെയ്തു. . കൂടാതെ അഞ്ച് രാജ്യങ്ങളിലായി 31 ആഡംബര ഹോട്ടലുകളും ആഡംബര ക്രൂയിസറുകളും സ്വന്തമാക്കി..
ഇന്ത്യൻ ഹോട്ടൽ വ്യവസായത്തിന്റെ പിതാവായി അംഗീകരിക്കപ്പെടുന്ന ഒബ്റോയ് പുതുതലമുറയുടെ റോൾ മോഡൽ കൂടിയാണ്. ഏത് പരാജയത്തിലും മുന്നോട്ട് വരാനുള്ള ആത്മവിശ്വാസവുമാണ്. 1943-ൽ ഒബ്‌റോയിക്ക് ബ്രിട്ടീഷ് ഗവൺമെന്റ് റായ് ബഹാദൂർ പദവി നൽകി ആദരിച്ചു. അമേരിക്കൻ സൊസൈറ്റി ഓഫ് ട്രാവൽ ഏജന്റ്‌സിന്റെ ഹാൾ ഓഫ് ഫെയിമിലേക്കുള്ള പ്രവേശനവും ന്യൂയോർക്കിലെ ഇന്റർനാഷണൽ ഹോട്ടൽ അസോസിയേഷന്റെ ) മാൻ ഓഫ് ദി വേൾഡ് അവാർഡും ഉൾപ്പെടെ നിരവധി ദേശീയ അന്തർദേശീയ അവാർഡുകൾ അദ്ദേഹം നേടി. 2001-ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ആദരിച്ചു. ജീവിത പരാജയങ്ങളെ ചിരിച്ചുകൊണ്ടു സ്വാഗതം ചെയ്ത ഒബ്റോയ് 2002 മെയ് 3ന് ലോകത്തോട് വിടപറഞ്ഞു. ഒരു ഗ്രാമത്തിൽ ജനിച്ച ഒബ്റോയ് ലോക ജനതയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് ആത്മവിശ്വാസം നൽകിയാണ് നമ്മെ വിട്ട് പിരിഞ്ഞത്.