virat-kohli

കേപ്‌ടൗൺ: മകളുടെ ചിത്രങ്ങൾ പകർത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്യരുതെന്ന ആവശ്യം ആവർത്തിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻവിരാട് കൊഹ്‌ലി. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഗാലറിയിൽ നിൽക്കുന്ന കൊഹ്‌ലിയുടെ ഭാര്യയും നടിയുമായ അനുഷ്കാ ഷർമയുടെയും മകൾ വാമികയുടെയും ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിച്ച് വിരാട് ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവയ്ക്കുകയായിരുന്നു.

ഇന്ത്യാ- ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിന മത്സരത്തിനിടെ കോഹ്‌ലി അർദ്ധസെഞ്ചുറി നേടിയപ്പോൾ ക്യാമറ ഗാലറിയിൽ നിന്ന അനുഷ്കയിലേയ്ക്കും കുഞ്ഞിലേയ്ക്കും തിരിയുകയായിരുന്നു. ഇതിന് പിന്നാലെ വാമികയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാൻ ആരംഭിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മകളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്ന് കൊഹ്‌ലി ആവർത്തിച്ചത്.

virat-kohli

തങ്ങളുടെ അറിവോ സമ്മതമോ കൂടാതെ തികച്ചും അപ്രതീക്ഷിതമായാണ് ചിത്രം പകർത്തിയതെന്നും മുൻപ് വിശദീകരിച്ച കാരണങ്ങൾ കൊണ്ട് തന്നെ ദയവായി മകളുടെ ചിത്രങ്ങൾ പകർത്തുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്നും കൊഹ്‌ലി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.