kempegowda

ബംഗളൂരു: പിക്കപ്പ് വാങ്ങാൻ ഷോറൂമിലെത്തിയ കർഷകനെ അപമാനിച്ച് സെയിൽസ്‌മാൻ. കയ്യിൽ പത്തുരൂപയെങ്കിലും എടുക്കാനുണ്ടോ എന്ന് ചോദിച്ചാണ് സെയിൽസ്‌മാൻ കളിയാക്കിയത്. ഇത് കേട്ട കർഷകൻ വെല്ലുവിളിയെന്നോണം ഒരു മണിക്കൂറിനുള്ളിൽ പണവുമായി തിരിച്ചെത്തുകയായിരുന്നു.

വെള്ളിയാഴ്ച കർണാടക തുമാകൂരിലെ ഒരു മഹീന്ദ്ര ഷോറൂമിൽ വച്ചാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ട്വിറ്ററിലൂടെ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തിരുന്നു. കെമ്പഗൗഡ എന്ന കർഷകനാണ് പിക്കപ്പ് വാങ്ങാനായി എത്തിയത്. പിക്കപ്പിന്റെ വില പത്തുലക്ഷമാണെന്നും നിങ്ങളുടെ പോക്കറ്റിൽ പത്തുരൂപയെങ്കിലും ഉണ്ടാകുമോ എന്ന് ചോദിച്ചാണ് കർഷകനെ സെയിൽസ്‌മാൻ കളിയാക്കിയത്. തുടർന്ന് ഇവർ തമ്മിൽ തർക്കമുണ്ടാവുകയും ഒരു മണിക്കൂറിനുള്ളിൽ പണം എത്തിച്ചാൽ അന്നേ ദിവസം തന്നെ അവരുടെ ഷോറൂമിൽ നിന്നും ഒരു കാർ തരണമെന്നും കെമ്പഗൗഡ സെയിൽസ്മാനോട് ആവശ്യപ്പെടുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ പണം എത്തിച്ചാൽ കാർ തരാമെന്ന് സെയിൽസ്‌മാനും സമ്മതിച്ചു.

എന്നാൽ പണവുമായി തിരിച്ചെത്തിയ കെമ്പഗൗഡയെ കണ്ട് അതിശയിച്ച സെയിൽസ്‌മാന് തത്സമയം കാർ കൊടുക്കാൻ കഴിഞ്ഞില്ല. ഒരു കാർ ഡെലിവറി ചെയ്യാൻ കുറഞ്ഞത് നാല് ദിവസമെങ്കിലും ആവശ്യമാണെന്ന് ഇയാൾ കെമ്പഗൗഡയെ അറിയിക്കുകയും വിഷയത്തിൽ മാപ്പു ചോദിക്കുകയും ചെയ്തു.