v

ചെന്നൈ: തമിഴ്നാട്ടിലെ പുരാവസ്തു വകുപ്പിന്റെ ആദ്യ ഡയറക്ടറായ ആർ.നാഗസ്വാമി (രാമചന്ദ്രൻ നാഗസ്വാമി) (92)​ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഞായറാഴ്ച അന്തരിച്ചു. പുരാവസ്തു ഗവേഷണം,​ ശിലാലിഖിതങ്ങളെക്കുറിച്ചുള്ള പഠനമായ എപിഗ്രഫി, നാണയശാസ്ത്രം, പ്രതിമകളേയും ശിലകളേയും കുറിച്ചുള്ള പഠനമായ ഐക്കണോഗ്രഫി എന്നീ മേഖലകളിൽ പ്രശസ്തനായിരുന്നു. തമിഴ്നാട് സ്വദേശിയായ നാഗസ്വാമിയ്ക്ക് തമിഴിലും സംസ്കൃതത്തിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്നു.

മദ്രാസ് സർവകലാശാലയിൽ നിന്ന് സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദം നേടി. പൂനെ സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി ലഭിച്ചു. പുരാവസ്തു വകുപ്പിൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ചു. 1966 മുതൽ 1988 വരെ പുരാവസ്തു വകുപ്പിന്റെ ഡയറക്ടറായി. പുരാവസ്തു മേഖലയിലെ ആദരണീയ വ്യക്തികളിൽ ഒരാളായ നാഗസ്വാമിയ്ക്ക് 2018ൽ പദ്മവിഭൂഷൺ ലഭിച്ചു. തമിഴ്നാടിന്റെ ഉന്നത പുരസ്കാരമായ കലൈമാമണിയും ലഭിച്ചിട്ടുണ്ട്. പുരാവസ്തു മേഖലയെ സംബന്ധിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. നാല് മക്കളുണ്ട്