
പാട്ന: കുട്ടികൾക്ക് നേരെ ബി.ജെ.പി നേതാവും ബീഹാർ ടൂറിസം മന്ത്രിയുമായ നാരായൺ പ്രസാദിന്റെ മകൻ ബബ്ലു കുമാർ വെടിയുതിർത്തതായി റിപ്പോർട്ട്. തോട്ടത്തിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഓടിക്കാനായാണ് ബബ്ലു വെടിവച്ചത്. ചമ്പാരനിൽ ഇന്നലെയാണ് സംഭവം നടന്നത്. കുട്ടികൾക്ക് നേരെ വെടിയുതിർത്തതിന് ബബ്ലുവിനെ ഒരു സംഘം ഗ്രാമവാസികൾ മർദ്ദിച്ചു. തോക്കും അവർ പിടിച്ചെടുത്തു. വെടിവച്ചതിനിടെയുണ്ടായ തിക്കിലും തിരക്കിലും ഒരു കുട്ടിയടക്കം ആറു പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സർക്കാർ വാഹനത്തിൽ വന്ന ബബ്ലുവിനെ ഗ്രാമവാസികൾ ഓടിക്കുന്നതിന്റെയും മന്ത്രിയുടെ പേരെഴുതിയ നെയിം പ്ലേറ്റ് തകർക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നു. എന്നാൽ, മകൻ തോട്ടത്തിലെ കയ്യേറ്റത്തെക്കുറിച്ച് അറിഞ്ഞാണ് സംഭവ സ്ഥലത്തെത്തിയതെന്നും അവിടെ വച്ച് ആക്രമിക്കപ്പെട്ടെന്നും അവിടെ വച്ച് ലൈസൻസുള്ള തോക്ക് തട്ടിയെടുത്തെന്നും മന്ത്രി അവകാശപ്പെട്ടു. തന്നെ അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. തോക്ക് പൊലീസ് പിടിച്ചെടുത്തു. ക്രമസമാധാനം നിലനിറുത്തുന്നതിനായി പ്രദേശത്ത് കനത്ത പൊലീസ് വിന്യാസം ഏർപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് സൂപ്രണ്ട് ഉപേന്ദ്ര വർമ്മ അറിയിച്ചു.