-thierry-mugler-

പാരീസ് : ലോകപ്രശസ്ത ഫ്രഞ്ച് ഫാഷൻ ഡിസൈനർ ടിയറി മഗ്ലർ ( 73 ) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങൾ മൂലം ഞായറാഴ്ചയായിരുന്നു അന്ത്യം. ഡെമി മൂർ മുതലുള്ള താരസുന്ദരികളും ബിയോൺസെ, ലേഡി ഗാഗ തുടങ്ങിയ പോപ്പ് റാണിമാരും മഗ്ലറുടെ ഡിസൈനർ വസ്ത്രങ്ങളിൽ തിളങ്ങി. 2003ൽ ഡിസൈനിംഗ് രംഗത്ത് നിന്ന് വിരമിച്ചെങ്കിലും 2019ലെ മെറ്റ് ഗലായിൽ കിം കർദഷിയാന്റെ വസ്ത്രങ്ങൾ ഒരുക്കിക്കൊണ്ട് വീണ്ടും തിരിച്ചുവരവ് നടത്തി. 1948ൽ ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ ജനിച്ച അദ്ദേഹം ഡിസൈനിംഗ് രംഗത്ത് എത്തുന്നതിന് മുന്നേ ഒരു ബാലെ കമ്പനിയുടെ ഭാഗമായിരുന്നു. പഴയ സാധനങ്ങൾ വില്ക്കുന്ന മാർക്കറ്റുകളിൽ നിന്ന് ശേഖരിക്കുന്ന തുണികൾ വച്ച് തനിക്കുള്ള വസ്ത്രങ്ങൾ വളരെ ചെറുപ്പത്തിൽ തന്നെ മഗ്ലർ സ്വയം നിർമ്മിക്കുമായിരുന്നു. 20 ാം വയസിൽ പാരീസിൽ എത്തിയ മഗ്ലർ വിവിധ ഫാഷൻ ഹൗസുകൾക്ക് വേണ്ടി ഫ്രീലാൻസ് സ്റ്റൈലിസ്റ്റ് ആയി. 1973ൽ കഫേ ഡി പാരീസും പിന്നീട് ടിയറി മഗ്ലർ എന്ന പേരിലും സ്വന്തം ഫാഷൻ ലേബൽ സ്ഥാപിച്ചു. 1992ൽ ' ഏഞ്ചൽ " പെർഫ്യൂം ബ്രാൻഡ് പുറത്തിറക്കി. ഒരു അപകടത്തെ തുടർന്ന് മുഖത്ത് ശസ്ത്രക്രിയ ചെയ്യേണ്ടി വന്ന അദ്ദേഹം ബോഡിബിൽഡിംഗും യോഗയും പിന്തുടർന്നിരുന്നു.