kk

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ സംവിധായകന്‍ റാഫിയെയും ദിലീപിന്റെ നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരനെയും ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി. ക്രൈംബ്രാഞ്ച് ഓഫീസില്‍ ദിലീപിനെയും കൂട്ടുപ്രതികളെയും രണ്ടാംദിനവും ചോദ്യം ചെയ്യുന്നതിനിടെയാണ് ഇരുവരെയും വിളിച്ചുവരുത്തി മൊഴിയെടുത്തത്. ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദരേഖ തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഇരുവരെയും വിളിച്ചുവരുത്തിയതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

ദിലീപിനെ വച്ച് ചെയ്യാന്‍ ഉദ്ദേശിച്ച സിനിമയില്‍ നിന്ന് പിന്മാറുന്നതായി ബാലചന്ദ്രകുമാര്‍ തന്നെ വിളിച്ചറിയിച്ചതായി റാഫി മാദ്ധ്യമങ്ങളോട് പറഞ്ഞു. അടുത്തിടെയാണ് ഇക്കാര്യം പറഞ്ഞ് തന്നെ വിളിച്ചത്. ഒരു വര്‍ഷത്തിനുള്ളിലാണ് വിളിച്ചത്. സിനിമ നീണ്ടുപോകുന്നതില്‍ ബാലചന്ദ്രകുമാറിന് മന:പ്രയാസമുണ്ടായിരുന്നു. ദീലീപിനോട് ദേഷ്യമുള്ളതായി ബാലചന്ദ്രകുമാര്‍ തന്നോട് പറഞ്ഞിട്ടില്ലെന്നും റാഫി മാദ്ധ്യമങ്ങളോട് പറഞ്ഞു.

2018ലാണ് ദിലീപിനെ വച്ച് ചെയ്യുന്ന സിനിമയുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. സിനിമ റീവര്‍ക്ക് ചെയ്യാന്‍ സഹായിക്കണമെന്ന് പറഞ്ഞാണ് തന്നെ സമീപിച്ചത്. കാര്‍ണിവല്‍ കമ്പനിയാണ് നിര്‍മ്മിക്കാന്‍ ഇരുന്നത്. ഇവര്‍ക്ക് മറ്റൊരു സിനിമ കൂടി ഉണ്ടായിരുന്നു. അതിന്റെ സ്‌ക്രിപ്റ്റ് ആദ്യം എഴുതാന്‍ തന്നോട് പറഞ്ഞു. ഒരു വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന പ്രീ പ്രൊഡക്ഷന്‍ വേണ്ടിവരും. അതിനാല്‍ പിക്ക് പോക്കറ്റ് മാറ്റിവെച്ച് രണ്ടാമത്തെ ചിത്രം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും റാഫി പറഞ്ഞു.ദിലീപിന്റേതെന്ന് പറയുന്ന ശബ്ദരേഖ തിരിച്ചറിയാനും മറ്റുവിവരങ്ങള്‍ അറിയാനുമാണ് റാഫിയെ വിളിച്ചുവരുത്തിയതെന്ന് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍ പറഞ്ഞു.