nearly-135-terrorists-wai

ശ്രീനഗർ: 135 ഓളം ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായി അതിർത്തിയിൽ കാത്തിരിക്കുകയാണെന്ന് കാശ്മീരിലെ അതിർത്തി സുരക്ഷാ സേന ഇൻസ്പെക്ടർ ജനറൽ രാജാ ബാബു സിംഗ് പറഞ്ഞു. എന്നിരുന്നാലും, അതിർത്തിയിൽ സമാധാനാന്തരീക്ഷമാണ് നിലവിലെന്നും നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഇപ്പോൾ കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നുഴഞ്ഞുകയറ്റം തടയാനായി സൈന്യവും അതിർത്തി സുരക്ഷാസേനയും അഹോരാത്രം ഒന്നിച്ച് പ്രവർത്തിക്കുകയാണ്.കാശ്മീരിലെ ചില ഗൈഡുകൾ നിയന്ത്രണരേഖ കടന്നതായി റിപ്പോർട്ടുണ്ട്. അവർ തിരച്ചെത്തുമ്പോൾ ശക്തമായ മുന്നറിയിപ്പ് നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയന്ത്രണരേഖ സദാസമയവും നിരീക്ഷണത്തിലാണ്. നുഴഞ്ഞുകയറാൻ അവർ ഏറെ ബുദ്ധിമുട്ടും. നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അഫ്ഗാനിസ്ഥാനിലെ ഭരണം പിടിച്ചെടുത്ത ഭീകരസംഘടനയായ താലിബാനിൽ നിന്ന് നിലവിൽ ഇന്ത്യയ്ക്ക് ഭീഷണിയില്ലെന്നും പക്ഷെ തങ്ങൾ ജാഗരൂകരാണെന്നും സിംഗ് പറഞ്ഞു.

ഡ്രോൺ ഭീഷണിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അജ്ഞാത ഡ്രോണുകൾ കഴിഞ്ഞ വർഷവും കണ്ടെത്തിയിരുന്നു. ഡ്രോൺ വേധ സാങ്കേതിക വിദ്യകളടക്കം ഞങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണ രേഖ വഴിയുള്ള മയക്കുമരുന്ന് കടത്താണ് തങ്ങൾ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയെന്നും മയക്കുമരുന്ന് കടത്തുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 2021ൽ നടന്നത് 58 നുഴഞ്ഞുകയറ്റ ശ്രമങ്ങൾ

 5 ഭീകരരെ വധിച്ചു

 21 പേർ തിരിച്ചുപോയി

 ഒരാൾ കീഴടങ്ങി

 2021ൽ 31 പേർ നുഴഞ്ഞുകയറി (റിപ്പോർട്ട്)

 2019 ൽ 130

 2020ൽ 36