
ഹൃദയങ്ങളെ സ്വന്തമാക്കി കൊണ്ട് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'ഹൃദയം" ആസ്വാദകർ ഏറ്റെടുത്തിരിക്കുകയാണ്. മലയാളസിനിമയിലെ പ്രഗത്ഭരുടെ രണ്ടാംതലമുറയുടെ കൂടിച്ചേരൽ കൂടിയാണിത്. വളരെ മനോഹരമായ അവതരണത്തിലൂടെ കയ്യടി നേടുകയാണ് വിനീത്. സിനിമയ്ക്ക് പിന്നിലുള്ള രസകരമായ ഓർമ്മകൾ പങ്കുവയ്ക്കുന്നു വിനീത്...
വിനീതിന്റെ പോയിന്റ് ഒഫ് വ്യൂവിൽ ആരാണ് പ്രണവ്?
ഒറ്റവാക്കിൽ പറഞ്ഞാൽ അടുത്തറിയുംതോറും കൂടുതൽ കൂടുതൽ ഇഷ്ടപ്പെടുന്ന വ്യക്തിത്വം ഉള്ള ആളാണ് പ്രണവ് മോഹൻലാൽ. കഥ ആലോചിക്കുമ്പോൾ എന്റെ മനസിൽ പ്രണവ് ഇല്ലായിരുന്നു. പക്ഷേ എഴുതുന്നതിനു മുമ്പേ എനിക്ക് ആ കഥാപാത്രമായി പ്രണവിനെ കാണാൻ സാധിക്കുന്നുണ്ടായിരുന്നു. 'തട്ടത്തിൻ മറയത്ത്"എഴുതുന്ന സമയത്ത് 'സ്ലം ഡോഗ് മില്യൺയറി" ലെ ദേവ് പട്ടേൽ പോലെ മുഖമുള്ള ഒരാൾ വേണം എന്നായിരുന്നു മനസിൽ. അങ്ങനെയാണ് നിവിൻ അതിലേക്ക് വന്നത്. 'ഹൃദയ"ത്തിൽ അപ്പുവിനെ ആലോചിച്ചു തുടങ്ങിയത് മുതൽ ഓരോ സീനും എഴുതുമ്പോൾ എനിക്കവനെ കാണാൻ കഴിയുന്നുണ്ടായിരുന്നു. അവൻ ഇങ്ങനെയൊക്കെ ആയിരിക്കും ചെയ്യുക എന്നത് മനസിൽ ഉണ്ടായിരുന്നു. ചില കാര്യങ്ങളിൽ എനിക്ക് ചില സംശയങ്ങളും ഉണ്ടായിരുന്നു. പക്ഷേ ചെയ്തു വന്നപ്പോൾ അവൻ അത് നമ്മൾ പ്രതീക്ഷിക്കാത്ത റൂട്ടിലേക്ക് കൊണ്ടുപോയി മനോഹരമാക്കി ചെയ്തു.
പ്രണവിന്റെ തിരിച്ചു വരവായി 'ഹൃദയം" അല്ലേ?
അങ്ങനെ ആയിരിക്കട്ടെ. നമ്മടെ ഷൂട്ട് നടക്കുന്ന സമയത്ത് ചില ഷോട്ട് കഴിയുമ്പോൾ അസിസ്റ്റന്റ് ഡയറക്ടർ പിള്ളേരും കാമറമാനും ഒക്കെ അടുത്ത് വന്നിട്ട് വളരെ ആശ്ചര്യത്തിൽ ''ചേട്ടാ അപ്പു..."" അത്ര മാത്രം പറയും. അവരുടെ വാക്കുകളിൽ ഉണ്ട് അവൻ ചെയ്യുന്നതിന്റെ റേഞ്ച്! ചിലപ്പോഴൊക്കെ ഷോട്ട് എടുക്കുമ്പോ കാമറാമാൻ എന്നെ തൊണ്ടും. കാരണം അപ്പുവിന്റെ ചില നോട്ടവും നടത്തവും ഒക്കെ ഞങ്ങൾക്ക് ലാലേട്ടൻ ആയിട്ടാണ് തോന്നുന്നത്. ആ ചെരിഞ്ഞുള്ള നോട്ടമൊക്കെ ചിലപ്പോഴൊക്കെ അതേപോലെ സ്ക്രീനിൽ വന്നിട്ടുണ്ട്. ഒന്നും മാറ്റി ചെയ്യാൻ പറഞ്ഞിട്ടില്ല. നമ്മൾക്ക് ഇഷ്ടമല്ലേ ലാലേട്ടന്റെ ആ ചെരിഞ്ഞുള്ള നടത്തവും നോട്ടവുമൊക്കെ.
 
പ്രണവ് ഈസിനിമ കമ്മിറ്റ് ചെയ്തത് എങ്ങനെയാണ്? വിനീത് ശ്രീനിവാസന്റെ സിനിമ എന്ന് കേട്ടപ്പോൾ ഡബിൾ ഓകെ എന്നു പറഞ്ഞതാണോ?
കഥ പറഞ്ഞിരുന്നില്ല. ഞാൻ നേരെ പോയി സ്ക്രിപ്റ്റ് വായിക്കുകയാണ് ചെയ്തത്. 2019 ലാണ്. ആദ്യത്തെ ദിവസം ഫസ്റ്റ് ഹാഫ് മുഴുവൻ വായിച്ചു അടുത്ത ദിവസം പോയി സെക്കന്റ് ഹാഫ് വായിച്ചു. അതിനു ശേഷം ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുപ്പോ അപ്പു ചോദിച്ചു, ''ഒരു ദിവസം എനിക്ക് സമയം തരുമോ?"" ഒന്നുരണ്ട് ദിവസത്തിന് ശേഷം എന്നെ വിളിച്ചു പറഞ്ഞു എനിക്ക് എന്റെ ഭാഗത്തു നിന്നും ഓക്കേ ആണ് പക്ഷേ വിനീതിന് എന്നെക്കാൾ നല്ല നടന്മാർ വച്ച് ചെയ്യണം എന്നുണ്ടെങ്കിൽ ചെയ്തോളൂട്ടോ. ഞാൻ പറഞ്ഞു ഞാൻ മറ്റൊരു ഓപ്ഷൻ ചിന്തിച്ചിട്ടില്ല. ഞാൻ വേറെ ഓപ്ഷൻസ് ആലോചിക്കുന്നുണ്ടേൽ തടസമാവില്ല എന്നൊക്കെ ആലോചിക്കുന്ന ആളാണ് അപ്പു. വളരെ സിമ്പിൾ വ്യക്തിയാണ്.
താരജാഡകൾ ഒന്നുമില്ലാതെ കറങ്ങി നടക്കുന്ന സിംപിൾ ആയ അപ്പുവിനെക്കുറിച്ച് ഒരുപാട് വായിച്ചിട്ടുണ്ട്?
ഒരു തരത്തിന്റെ പരിവേഷം ഇല്ലാതെയാണ് അവൻ ലൊക്കേഷനിൽ പെരുമാറുന്നത്. ചുറ്റുമുള്ള പിള്ളേരുടെ കൂടെ കൂടിയാൽ അവൻ ഏതാന്ന് കണ്ട് പിടിക്കാൻ പോലും ബുദ്ധിമുട്ടാണ്. എല്ലാവരുടെയും കൂട്ടത്തിൽ അവൻ ഉണ്ടാകും. ചായ കുടിക്കാൻ എല്ലാവരും പോയാൽ അവനും കാണും പിള്ളേരുടെ കൂടെ. അവൻ ഒരു സെലിബ്രിറ്റിയുടെ മകൻ അല്ലെങ്കിൽ ഒരു ആർട്ടിസ്റ്റ് അങ്ങനെ ഒരു ഫീൽ ഉള്ള ആളല്ല. ഭയങ്കര രസമുള്ള ആളാണ് അപ്പു.
സിനിമയിലെ രണ്ടാംതലമുറയാണ് നിങ്ങൾ എല്ലാവരും. വിനീത്, കല്യാണി, പ്രണവ്, പൃഥ്വിരാജ്. എല്ലാവരും ഒരുമിച്ച് വന്നത് എങ്ങനെയാണ്?
രാജുവിന്റെ വോയിസ് വളരെ ആറ്റിറ്റ്യൂഡ് ഉള്ള വോയ്സ് ആണ്. അങ്ങനെ ഒരു ശബ്ദം ആ പാട്ടിന് വന്നാൽ നന്നാകും എന്നെനിക്ക് തോന്നി. പാടാനറിയുന്ന ആരെ കൊണ്ട് വേണേലും പാടിക്കാം പക്ഷേ പാട്ടിനെ പുഷ് ചെയ്യുന്ന പോലൊരു ശബ്ദം വന്നാൽ നന്നാകും എന്ന് തോന്നിയതുകൊണ്ടാണ് രാജു ഇതിലേക്ക് വന്നത്. 2019ൽ ഒരു തെലുങ്ക് സിനിമയിലെ ഡാൻസ് കണ്ടപ്പോൾ കല്യാണി വളരെ വൈബ്രന്റ് ആയി തോന്നിയിരുന്നു. മലയാളത്തിൽ അവൾ ചെയ്തിരുന്നുമില്ല. അങ്ങനെ ഒരു നായിക ഇവിടെ നന്നാകും എന്ന് തോന്നി. ഇതെല്ലാം ഒത്തു വന്നതാണ്.
 
നമ്മുടെ ഹൃദയം സമ്മിശ്ര വികാരങ്ങളുടെ ഒരു കളക്ഷൻ ആണ്. 'ഹൃദയ" വും അങ്ങനെ ആണല്ലോ?
ഈ ഇന്റർവ്യൂ നേരത്തെ നടന്നിരുന്നെങ്കിൽ എനിക്ക് ഈ ഡയലോഗ് ബാക്കിയുള്ളിടത്തെല്ലാം പോയി പറയാരുന്നു, സമ്മിശ്ര വികാരങ്ങളുടെ ഒരു കളക്ഷൻ ആയിരിക്കും ഹൃദയം എന്ന്. പറഞ്ഞു തന്നതിന് നന്ദി (ചിരിക്കുന്നു). ഹൃദയത്തിന്റെ ആദ്യ ടീസർ വന്നപ്പോ നമ്മൾ പുറത്ത് വിട്ടത് ഒരു ചെറിയ പ്രണയ സിനിമ പോലെയാണ്. മെല്ലെ മെല്ലെയാണ് അതിനപ്പുറമുള്ള ലോകം പ്രേക്ഷകർ കാണണം എന്ന് ഞാൻ ആഗ്രഹിച്ചത്. നമ്മുടെ ലൈഫ് എങ്ങനെയാണോ അതുപോലെ സിനിമ പോണം എന്നാണ് ഞാൻ ആഗ്രഹിച്ചിട്ടുള്ളത്. ഇയാളുടെ ലൈഫിൽ ഓരോ സ്റ്റേജിലും കടന്ന് വരുന്ന വ്യക്തികൾ അവർക്ക് വ്യക്തമായ റോൾ ഉണ്ടാകും. വീണ്ടും ഇയാൾ മുന്നോട്ട് പോകും. ഒരു ലൈഫ് ജേർണി ആണ് ഞാൻ ഉദ്ദേശിച്ചിട്ടുള്ളത്. എന്റെ സിനിമ കഴിഞ്ഞു തിയേറ്ററിൽ നിന്ന് ആളുകൾ ഇറങ്ങുമ്പോ ചിരിച്ച മുഖത്തോട് കൂടി ഒരു നിറവോടെ ഇറങ്ങണം എന്നാണ് ഞാൻ ആഗ്രഹിക്കാറുള്ളത്.
രണ്ട് ലോക്ക് ഡൗൺ കടന്നു വന്ന സിനിമയാണ് ഹൃദയം. ആ ഒരു സമയത്ത് സിനിമ മാറിയോ?
സിനിമയുടെ രണ്ടാം പകുതിയിൽ ഞാൻ ഡയലോഗുകൾ ചിലത് മാറ്റി എഴുതാൻ ശ്രമിച്ചിട്ടുണ്ട്. കൂടുതലും വന്ന മാറ്റങ്ങൾ അതാണ്. ഫിലിം മേക്കിംഗിൽ കുറെ കാര്യങ്ങൾ എനിക്ക് ആലോചിക്കാനുള്ള സമയം കിട്ടി. ആദ്യ പകുതി മുഴുവൻ എഡിറ്റ് ചെയ്ത് കണ്ടിരുന്നു. ഏകദേശം 90 ശതമാനവും ഓർഡറിൽ ആണ് ഷൂട്ട് ചെയ്തത്. അതുകൊണ്ട് തന്നെ സെക്കന്റ് ഹാഫ് എങ്ങനെ വേണം എന്ന് തീരുമാനിക്കാനുള്ള സമയം കിട്ടിയിരുന്നു. ലോക്ക്ഡൗൺ കൊണ്ടുള്ള ഗുണം ഉണ്ടായത് കഥാപാത്രങ്ങളുടെ എല്ലാവരുടെയും ലുക്ക് മാറിയിരുന്നു. സിനിമയിൽ വർഷങ്ങൾക്ക് ശേഷം ഇവർ കണ്ട് മുട്ടുന്ന ഒരു സീനിൽ എല്ലാവർക്കും വന്നത് വളരെ വലിയ ചേഞ്ച് ആയിരുന്നു. ആ സീൻ എടുത്തത് ലോക്ക് ഡൗണിന് ശേഷം 9 മാസങ്ങൾ കഴിഞ്ഞാണ്. അവർ എല്ലാവരും ശരിക്കും നേരിട്ട് കണ്ടതും അന്ന് തന്നെയാണ്. നമ്മൾ അതെല്ലാം ഷൂട്ട് ചെയ്യുകയായിരുന്നു. ശരിക്കും അതിലെ നടീനടന്മാർക്കും അങ്ങനെ ഒരു ഒത്തുചേരൽ ഫീലിംഗ് ഉണ്ടായിരുന്നു.