
സ്‌മൃതി മന്ദാന ഐ.സി.സിയുടെ മികച്ച വനിതാ താരം
ദുബായ്: 2021 ലെ ഏറ്റവും മികച്ച വനിതാ താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ നൽകുന്ന റേയ്ച്ചൽ ഹെയ് ഹോ ഫ്ലിന്റ് പുരസ്കാരം ഇന്ത്യൻ സൂപ്പർ ഓപ്പണർ സ്മൃതി മന്ഥാനയ്ക്ക്. മൂന്നു ഫോർമാറ്റിലും കഴിഞ്ഞ വർഷം പുറത്തെടുത്ത മികച്ച പ്രകടനമാണ് സ്മൃതിയെ പുരസ്കാരത്തിന് അർഹയാക്കിയത്.
മികച്ച പുരുഷ താരത്തിനുള്ള ഗാരി സോബേഴ്സ് അവാർഡ് പാകിസ്ഥാൻ പേസ് ബൗളർ ഷഹീൻ അഫ്രീദി നേടി. കഴിഞ്ഞ വർഷം 22 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി 855 റൺസാണ് സ്മൃതി നേടിയത്. 38.86 ശരാശരിയിൽ 1സെഞ്ച്വറിയും 5 അർദ്ധ സെഞ്ച്വറിയും സ്മൃതി നേടി. ഗോൾഡ് കോസ്റ്റിൽ ആസ്ട്രേലിയക്കെതിരെയാണ് സ്മൃതി സെഞ്ച്വറി നേടിയത്. ഇന്ത്യൻ വനിതാ ടീമിന്റെ ആദ്യ ഡേ നൈറ്റ് ടെസ്റ്റായിരുന്നു അത്.
ഇംഗ്ലണ്ടിന്റെ ടാമി ബ്യൂമോണ്ട്, ദക്ഷിണാഫ്രിക്കൻ താരം ലിസ്സെല്ലെ ലീ അയർലൻഡിന്റെ ഗാബി ലൂയിസ് എന്നിവരെ മറികടന്നാണ് സ്മൃതി കഴിഞ്ഞ വർഷത്തെ മികച്ച വനിതാ താരമായത്. മികച്ച വനിതാ താരത്തിനുള്ള ഐ.സി.സി. പുരസ്കാരം രണ്ടാം തവണ നേടുന്ന രണ്ടാമത്തെ താരമാണ് സ്മൃതി. നേരത്തേ 2018ലും സ്മൃതി ഐ.സി.സിയുടെ മികച്ച താരമായിരുന്നു. അക്കൊല്ലം മികച്ച ഏകദിന താരവും സ്മൃതിയായിരുന്നു.
ഐ.സി.സിയുടെ കഴിഞ്ഞ വർഷത്തെ ട്വന്റി-20 ടീമിൽ സ്മൃതി ഇടം നേടിയിട്ടുണ്ട്. ഏകദിന ടീമിൽ മിതാലി രാജും ജുലൻ ഗോസ്വാമിയും ഇടം നേടി.
പാക് അധിപത്യം
മികച്ച പുരുഷ താരത്തിനുള്ള അവാർഡ് നേടിയ ഷഹീൻ അഫ്രീദി ഉൾപ്പെടെ 4 പാക് താരങ്ങൾക്ക് ഇത്തവണ ഐ.സി.സിയുടെ വ്യക്തിഗത പുരസ്കാരം ലഭിച്ചു. മികച്ച ഏകദിന പുരുഷ താരമായി പാക് നായകൻ ബാബർ അസത്തെ തിരഞ്ഞെടുത്തപ്പോൾ ട്വന്റി-20 താരമായി വിക്കറ്റ് കീപ്പർ ഓപ്പണർ മുഹമ്മദ് റിസ്‌വാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വനിതകളിലെ എമേർജിംഗ് താരമായി തിരഞ്ഞെടുത്തത് പാക് യുവതാരം ഫാത്തിമ സനയെയാണ്.
കഴിഞ്ഞ വർഷം 36 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 78 വിക്കറ്റ് നേടിയാണ് ഷഹീൻ അഫ്രീദി മികച്ച പുരുഷ താരത്തിനുള്ല അവാർഡ് സ്വന്തമാക്കുന്നത്. ഗാരി സോബോഴേസ് അവാർഡ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും അഫ്രീദിയാണ്. ട്വന്റി-20 ലോകകപ്പുകളിൽ ഉൾപ്പെടെ മികച്ച പ്രകടനമാണ് ഷഹീൻ പുറത്തെടുത്തത്.
21 ട്വന്റി-20കളിൽ നിന്ന് 23 വിക്കറ്റും 9 ടെസ്റ്റുകളിൽ നിന്ന് 47 വിക്കറ്റുമാണ് ഷഹീൻ നേടിയത്
ടെസ്റ്റിൽ റൂട്ട് തന്നെ
ടെസ്റ്റിലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം ഇംഗ്ലീഷ് ക്യാപ്ടൻ ജോറൂട്ടിനാണ്. ഇന്ത്യയുടെ ആർ.അശ്വിൻ, കിവി താരം കെയ്ൽ ജാമീസൺ, ശ്രീലങ്കൻ താരം ധിമുക്ത് കരുണാരത്നെ എന്നിവരെ പിന്തള്ളിയാണ് റൂട്ട് മികച്ച ടെസ്റ്റ് താരമായത്. ഒരു കലണ്ടർ വർഷം ടെസ്റ്റിൽ 1700 റൺസ് നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കാഡ് 2021ൽ റൂട്ട് സ്വന്തമാക്കിയിരുന്നു. 15 ടെസ്റ്റിൽ നിന്ന് 6 സെഞ്ച്വറിയടക്കം 1708 റൺസ് നേടിയ റൂട്ട് 14 വിക്കറ്റഹ്മകളും സ്വന്തമാക്കി.
പ്രധാന വ്യക്തിഗത പുരസ്കാരങ്ങൾ
വനിതാ വിഭാഗം
മികച്ച താരം - സ്മൃതി മന്ദാന
ഏകദിന താരം - ലിസ്സെല്ലെ ലീ
ട്വന്റി-20 -താരം ടാമി ബ്യുൂമോണ്ട് (ഇംഗ്ലണ്ട്)
എമേർജിംഗ് താരം - ഫാത്തിമ സന (പാകിസ്ഥാൻ)
പുരുഷ വിഭാഗം
മികച്ച താരം - ഷഹീൻ അഫ്രീദി (പാകിസ്ഥാൻ)
ടെസ്റ്റ് താരം - ജോറൂട്ട് (ഇംഗ്ലണ്ട്)
ഏകദിന താരം - ബാബർ അസം (പാകിസ്ഥാൻ)
ട്വന്റി -20 താരം - മൊഹമ്മദ് റിസ്‌വാൻ(പാകിസ്ഥാൻ)
എമേർജിംഗ് താരം - ജാന്നേമൻ മലൻ (ദക്ഷിണാഫ്രിക്ക)
മികച്ച അമ്പയർ -മരയിസ് എരാസ്‌മസ്
ഐ.സി.സിയുടെ മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം വീണ്ടും നേടാനായതിൽ അഭിമാനമുണ്ട്. എന്റെ കഴിവിൽ വിശ്വസിച്ച് എപ്പോഴും എന്നെ പിന്തുണയ്ക്കുന്ന ടീം അംഗങ്ങളോടും പരിശീലകരോടും വീട്ടുകാരോടും സുഹൃത്തുക്കളോടും ആരാധകരോടും ഞാൻ നന്ദി പറയുന്നു.
സ്മൃി മന്ദാന