
ചെന്നൈ: ഒന്നര രൂപയ്ക്ക് സ്വാദിഷ്ഠമായ ഇഡ്ഡലി നൽകും ചെന്നൈ സ്വദേശിനിയായ വെറോണിക്കയെന്ന് 70കാരി.
ഒപ്പം സാമ്പാറും ചട്ണിയും കൂടി നൽകുന്നുണ്ട്. ചെന്നെെയിലെ അടമ്പാക്കത്തെ വാടകവീട്ടിൽ 72 കാരനായ ഭർത്താവ് നിക്കോളാസിനൊപ്പമാണ് വെറോണിക്കയുടെ താമസം. കഴിഞ്ഞ 20 വർഷമായി ഇവർ ഇഡ്ഡലി വിൽക്കുന്നുണ്ട്. ആവശ്യക്കാർക്ക് ഇഡ്ഡലി വീടുകളിലെത്തിക്കുന്നതിന് വേറെ പണം നൽകേണ്ടതില്ല. കച്ചവടത്തിനായി ദിവസവും രാവിലെ വെറോണിക്ക പുറപ്പെടും. ഒരു ദിവസത്തെ കച്ചവടം കഴിഞ്ഞാൽ 300 രൂപയാണ് ലഭിക്കുക. ഈ പണം അടുത്ത ദിവസത്തെ ഇഡ്ഡലി തയ്യാറാക്കാൻ വേണ്ടിവരും.
താൻ ഇത് സംതൃപ്തിയ്ക്ക് വേണ്ടി ചെയ്യുന്നതാണെന്നും അല്ലാതെ ലാഭത്തിന് വേണ്ടിയല്ലെന്നുമാണ് വെറോണിക്ക പറയുന്നത്. ഭർത്താവ് നിക്കോളാസ് ഒരു ബാങ്ക് എ.ടി.എമ്മിന്റെ സെക്യൂരിറ്റി ജീവനക്കാരനാണ്. അദ്ദേഹത്തിന്റെ ശമ്പളത്തിൽ നിന്നാണ് ദെെനംദിന ചെലവുകൾ നടക്കുന്നത്. ആദ്യം ഒരു ഇഡ്ഡലിക്ക് 50 പെെസയും ഒരു രൂപയുമായിരുന്നു വില. പിന്നീട് സാമ്പാറും ചട്ണിയും കൂടി ചേർത്ത് വില ഒന്നര രൂപയാക്കി. വെറോണിക്കയുടെ ഇഡ്ഡലിക്കായി നൂറിലധികം കുടുംബങ്ങൾ കാത്തിരിക്കുന്നുണ്ട്. താനും വിവാഹിതരായ മൂന്നു പെൺമക്കളും വെറോണിക്കയുടെ കച്ചവടത്തിൽ ഇടപെടാറില്ലെന്ന് നിക്കോളാസ് പറയുന്നു. എല്ലാം ചെയ്യുന്നത് വെറോണിക്ക തനിച്ചാണ്. ഇത്രയും വീട്ടുകാർക്ക് ഏത് ബുദ്ധിമുട്ടുള്ള കാലത്തും വെറോണിക്ക ഭക്ഷണം എത്തിച്ചിരുന്നു. ദിവസവും വെളുപ്പിന് മൂന്നുമണിക്ക് എഴുന്നേറ്റാണ് ഇഡ്ഡലി തയ്യാറാക്കുന്നത്. പലതവണ ശ്രമിച്ചെങ്കിലും തങ്ങൾക്ക് ഇതുവരെ വാർദ്ധക്യ പെൻഷൻ ലഭിച്ചിട്ടില്ലെന്നും നിക്കോളാസ് പറയുന്നു.