
ബംഗളൂരു: കാർ വാങ്ങാനെത്തിയപ്പോൾ അപമാനിച്ച് പുറത്താക്കിയ മഹീന്ദ്രയുടെ ഷോറൂം ജീവനക്കാർക്ക് എട്ടിന്റെ പണി കൊടുത്ത് കർണാടകയിലെ കർഷകൻ. കർണാടകയിലെ തുമകുരുവിലാണ് സംഭവം. തന്റെ കാർഷിക ആവശ്യങ്ങൾക്ക് വേണ്ടി മഹീന്ദ്രയുടെ ബൊലേറോ പിക്ക് അപ്പ് ട്രക്ക് വാങ്ങുന്നതിന് വേണ്ടി തുമകുരുവിലുള്ള മഹീന്ദ്ര ഷോറൂമിലെത്തിയതായിരുന്നു കെംപഗൗഡ എന്ന കർഷകൻ. എന്നാൽ കെംപഗൗഡയുടെ വസ്ത്രധാരണ രീതിയെല്ലാം കണ്ട ഷോറൂം ജീവനക്കാരൻ അദ്ദേഹത്തെ അപമാനിച്ച് പുറത്താക്കുകയായിരുന്നു.
ആവശ്യപ്പെട്ട വാഹനത്തിന് പത്ത് ലക്ഷം രൂപയെങ്കിലും ആകുമെന്നും എന്നാൽ കെംപഗൗഡയെ കണ്ടാൽ പത്ത് രൂപ പോലും കൈയിൽ ഇല്ലാത്ത വ്യക്തിയാണെന്ന് ആർക്കും മനസിലാകുമെന്നും ജീവനക്കാരൻ പറഞ്ഞു. തുടർന്ന് ജീവനക്കാരനുമായി വാക്കേറ്റത്തിലേർപ്പെട്ട കെംപഗൗഡയും കൂട്ടുകാരനും പത്ത് ലക്ഷം രൂപയുമായി മടങ്ങിവന്നാൽ ഇന്ന് തന്നെ വാഹനം ലഭിക്കുമോ എന്ന് ജീവനക്കാരനോട് ചോദിച്ചു. കെംപഗൗഡയ്ക്ക് പണം എത്തിക്കാൻ സാധിക്കില്ലെന്ന് കരുതിയ ജീവനക്കാരൻ അത് സമ്മതിക്കുകയും ചെയ്തു.
ഒരു മണിക്കൂറിന് ശേഷം പത്ത് ലക്ഷം രൂപയുമായി കെംപഗൗഡയും സുഹൃത്തും ഷോറൂമിൽ മടങ്ങിയെത്തി. എന്നാൽ ജീവനക്കാരന് നേരത്തെ സമ്മതിച്ചതു പോലെ വാഹനം നൽകാൻ സാധിച്ചില്ല. അതിന് കാരണം ഒരു മഹീന്ദ്ര വാഹനം ബുക്ക് ചെയ്ത് ഉപഭോക്താവിന്റെ കൈയിൽ എത്താൻ മാസങ്ങളോളം എടുക്കുമെന്നത് തന്നെ. എത്രയൊക്കെ കിണഞ്ഞു ശ്രമിച്ചാലും ചുരുങ്ങിയത് നാലു ദിവസം എങ്കിലും കഴിയാതെ കെംപഗൗഡയ്ക്ക് വാഹനം നൽകാൻ ഷോറൂം ജീവനക്കാരന് കഴിയില്ലായിരുന്നു.
തർക്കം മുറുകിയതോടെ പൊലീസ് സ്ഥലത്തെത്തുകയും തുടർന്ന് തന്നെ അപമാനിച്ച ഷോറൂം ജീവനക്കാരൻ മാപ്പ് പറഞ്ഞാൽ പ്രശ്നം അവസാനിപ്പിക്കാമെന്ന് കെംപഗൗഡ സമ്മതിക്കുകയും ചെയ്തു. ജീവനക്കാരൻ മാപ്പ് പറഞ്ഞെങ്കിലും തന്നെയും തന്റെ തൊഴിലിനെയും അപമാനിച്ച ഷോറൂംകാരിൽ നിന്നും തനിക്ക് വാഹനം ആവശ്യമില്ലെന്ന് പറഞ്ഞ് കെംപഗൗഡ മടങ്ങിപോയി.
സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ വീഡിയോ നിരവധിപേർ ഷെയർ ചെയ്യുകയും മഹീന്ദ്രയുടെ ഉടമ ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്യുകയും ചെയ്തു.
Mahindra Car showroom salesman taunted a farmer aftr seeing his attire when he visited showroom to buy Bolero Pik-up. Farmer Kempegowda alleged field officer of showroom made fun of farmer & his attire, told him tat car is not worth 10 rupees for him to buy. @anandmahindra pic.twitter.com/9fXbc5naY7
— Sagay Raj P || ಸಗಾಯ್ ರಾಜ್ ಪಿ (@sagayrajp) January 23, 2022