p

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി സമ്പൂർണ അടച്ചിടലിനു പകരം മേഖലാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ കർക്കശമാക്കാനാണ് സർക്കാർ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻകരുതലുകൾ സ്വീകരിക്കുന്നതിനൊപ്പം എല്ലാവരും പ്രതിരോധ പ്രവർത്തനങ്ങളിൽ അണിചേരണമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

ഇത്തവണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ജില്ലകളെ മൂന്നു വിഭാഗമാക്കി തിരിച്ചാണ്. ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണമനുസരിച്ചാണ് ഒരു ജില്ല,​ നിയന്ത്രണങ്ങളുടെ ഏതു വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നു നിശ്ചയിക്കുന്നത്. ആദ്യ വിഭാഗത്തിൽ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക,​ പൊതുപരിപാടികൾക്കും വിവാഹ- മരണാനന്തര ചടങ്ങുകൾക്കും 50 പേർക്ക് പങ്കെടുക്കാം. രണ്ടാം വിഭാഗത്തിൽ പൊതുപരിപാടികൾ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈനായേ നടത്താവൂ. മൂന്നാം കാറ്റഗറിയിലാണ് കൂടുതൽ കർശന നിയന്ത്രണങ്ങൾ. മറ്റു വിഭാഗങ്ങളിലെ നിയന്ത്രണങ്ങൾക്കു പുറമേ ഇവിടെ സിനിമാ തിയേറ്ററുകൾ, നീന്തൽക്കുളങ്ങൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല.

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ)​ 40 കടന്നിരിക്കുകയാണ്. ആദ്യ രണ്ടു ഘട്ടങ്ങളിലും പരമാവധി ആളുകളെ പരിശോധിക്കാനാണ് ശ്രമിച്ചതെങ്കിൽ ഇപ്പോൾ രോഗലക്ഷണമുള്ളവരെ മാത്രമാണ് പരിശോധനയ്ക്കു വിധേയമാക്കുന്നത്. അതുകൊണ്ട് ടി.പി.ആറിന് പഴയ പ്രസക്തിയില്ല. ഇപ്പോഴത്തെ സ്ഥിതിയിൽ കൊവിഡ് ബാധിതർ വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി. രോഗം കടുത്താൽ ആശുപത്രിയിലെത്തണം. ഗുരുതര രോഗങ്ങളുള്ളവരും പ്രായാധിക്യമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം.

രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതു തൊട്ടോ,​ ലക്ഷണങ്ങളില്ലാത്തവർ കൊവിഡ് സ്ഥിരീകരിച്ചതു തൊട്ടോ വീട്ടിൽ ഏഴു ദിവസം നിരീക്ഷണത്തിൽ കഴിയണം. മൂന്നു ദിവസം തുടർച്ചയായി പനി,​ ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഇല്ലാതിരുന്നാൽ ഗൃഹനിരീക്ഷണം അവസാനിപ്പിക്കാം. മെഡിക്കൽ കോളേജുകളിൽ ഐ.സി.യു,​ ഹൈ കെയർ കിടക്കകൾ, വെന്റിലേറ്ററുകൾ,​ പീഡിയാട്രിക് ഐ.സി.യു കിടക്കകൾ, പീഡിയാട്രിക് വെന്റിലേറ്ററുകൾ, ഓക്സിജൻ കിടക്കൾ എന്നിവ ഉൾപ്പെടെ 1588 കിടക്കകൾ പുതുതായി സജ്ജമാക്കിയിട്ടുണ്ട്. ദ്രവീകൃത ഓക്സിജന്റെ സംഭരണ ശേഷിയും വർധിപ്പിച്ചിട്ടുണ്ട്.


സ്ഥാപനങ്ങളിലും ഓഫീസുകളിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ക്ലസ്റ്റർ മാനേജ്‌മെന്റിന് രൂപം നൽകിയിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളിലും ഇൻഫെക്ഷൻ കൺട്രോൾ ടീം (ഐ.സി.ടി) രൂപീകരിക്കുകയും തിരഞ്ഞെടുത്ത ടീം അംഗങ്ങൾക്ക് മാർഗനിർദേശങ്ങളിൽ പരിശീലനം നൽകുകയും ചെയ്യും. കൊവിഡ് ബാധിച്ചാൽ പത്തിലധികം പേർക്ക് കൊവിഡ് ബാധിക്കുന്ന പ്രദേശം ലാർജ് ക്ലസ്റ്ററാകും. അഞ്ച് ക്ലസ്റ്ററുകളിൽ അധികമുണ്ടെങ്കിൽ പ്രാദേശിക ആരോഗ്യ അധികൃതരുടെ നിർദ്ദേശപ്രകാരം സ്ഥാപനം അഞ്ചു ദിവസം അടച്ചിടാൻ തീരുമാനിക്കാം. സാദ്ധ്യമാകുന്നിടത്തെല്ലാം സ്ഥാപനങ്ങളും ഓഫീസുകളും തുറന്നു പ്രവർത്തിക്കണമെന്നാണ് സർക്കാർ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.