
ആംസ്റ്റർഡാം : ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നിന്ന് നെതർലൻഡ്സിലെ ആംസ്റ്റർഡാമിലെ ഷിഫോൽ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത കാർഗോ വിമാനത്തിന്റെ നോസ് വീലിൽ ( മുൻവശത്തെ ലാൻഡിംഗ് വീൽ ) ഒളിച്ച് യുവാവ് സഞ്ചരിച്ചത് 11 മണിക്കൂർ. ഞായറാഴ്ച രാവിലെ വിമാനം ലാൻഡ് ചെയ്തപ്പോഴാണ് യുവാവിനെ അധികൃതർ കണ്ടെത്തിയത്. സാധാരണ ഗതിയിൽ വിമാനത്തിന്റെ വീലുകൾക്കിടെയിൽ അതിസാഹസികമായി ഒളിച്ചുകടക്കാൻ ശ്രമിക്കുന്നവർ അതിദാരുണമായി മരിക്കുന്നത് പതിവാണ്. എന്നാൽ, യുവാവിനെ ജീവനോടെയാണ് ഡച്ച് പൊലീസ് കണ്ടെത്തിയത്. പക്ഷേ, ഇയാളുടെ ശരീര താപനില അപകടകരമാംവിധം താഴ്ന്നിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. യുവാവിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന യുവാവ് ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം കൂടുതൽ ചോദ്യം ചെയ്യൽ നടക്കും.