alcohol

ന്യൂഡൽഹി: ഡ്രൈ ഡേകളുടെ എണ്ണം വെട്ടിക്കുറച്ച് ഡൽഹിയിലെ അരവിന്ദ് കേജ്‌രിവാൾ സ‌ർക്കാർ. ഇന്ന് ഇറക്കിയ പുതുക്കിയ ഉത്തരവ് അനുസരിച്ചാണ് ഡൽഹിയിലെ ഡ്രൈ ഡേകളുടെ എണ്ണം കുറച്ചത്. നേരത്തെ 21 ആയിരുന്ന ഡ്രൈ ഡേകൾ മൂന്നായിട്ടാണ് വെട്ടിക്കുറച്ചത്. റിപ്പബ്ളിക്ക് ഡേ (ജനുവരി 26), സ്വാതന്ത്ര്യ ദിനം (ഓഗസ്റ്റ് 15) ഗാന്ധി ജയന്തി (ഒക്ടോബർ 2) എന്നീ ദിവസങ്ങളിൽ ഡൽഹിയിൽ ഇനി മുതൽ ഡ്രൈ ഡേ ആയിരിക്കും.

എന്നാൽ എൽ - 15 ലൈസൻസ് കൈവശമുള്ള ഹോട്ടലുകളിൽ ഡ്രൈ ഡേയ്ക്കും മദ്യവില്പനയ്ക്ക് അനുമതിയുണ്ട്. അതേസമയം ഈ മൂന്ന് ദിവസം കൂടാതെ ഏതെങ്കിലും സാഹചര്യത്തിൽ മറ്റേതെങ്കിലും ദിവസങ്ങളിൽ മദ്യ വില്പന നി‌ർത്തിവയ്ക്കേണ്ട ആവശ്യം വന്നാൽ മുന്നറിയിപ്പില്ലാതെ ഡ്രൈ ഡേ പ്രഖ്യാപിക്കാൻ സ‌ർക്കാരിന് അധികാരമുണ്ടായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിൽ ഡ്രൈ ഡേകളിൽ വരുന്ന മാറ്റങ്ങൾ കാരണം ഏതെങ്കിലും ലൈസൻസുകാരന് നഷ്ടം സംഭവിച്ചാൽ സ‌ർക്കാർ ഉത്തരവാദിയായിരിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.

ഇതിന് മുമ്പ് സ്വാതന്ത്ര്യ ദിനം, റിപ്പബ്ളിക്ക് ദിനം, ഗാന്ധി ജയന്തി എന്നിവയ്ക്ക് പുറമേ പ്രധാന രാഷ്ട്രീയ നേതാക്കളുടെയും സാമുദായിക നേതാക്കന്മാരുടെയും ജന്മദിനങ്ങൾക്കും മദ്യവില്പന നിരോധിച്ചിരുന്നു.