
ആലുവ: വിവരാവകാശ പ്രകാരം ലഭിച്ച അപേക്ഷയ്ക്ക് മറുപടി നൽകാൻ വൈകിപ്പിച്ചതിനും തെറ്റായ വിവരം നൽകിയതിനും ഗതാഗത വകുപ്പ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറിൽ നിന്ന് 11,750 രൂപ പിഴ ഈടാക്കാൻ സംസ്ഥാന വിവരവകാശ കമ്മിഷൻ ഉത്തരവിട്ടു.
ഗതാഗത വകുപ്പിൽ 2020 കാലയളവിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസറും അണ്ടർ സെക്രട്ടറിയുമായിരുന്ന മേഴ്സി ഗബ്രിയേലിനെതിരെയാണ് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. കെ.എൽ. വിവേകാനന്ദന്റെ ഉത്തരവ്.
ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ നൽകാത്തതിനെതിരെ ആലുവ സ്വദേശിയും വിവരാവകാശ പ്രവർത്തകനുമായ ഖാലിദ് മുണ്ടപ്പിള്ളിയാണ് കമ്മിഷനെ സമീപിച്ചത്. ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം പിഴ ട്രഷറിയിൽ ഒടുക്കി ചലാന്റെ അസ്സൽ സഹിതം കമ്മീഷൻ സെക്രട്ടറിയെ അറിയിക്കണം. വൈകിയാൽ ശമ്പളത്തിൽ നിന്നും സമാന തുക ഓഫീസ് മേധാവി ഈടാക്കണം. അതിനും സാധിച്ചില്ലെങ്കിൽ സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്തു സംഖ്യ ഈടാക്കാമെന്നും ഉത്തരവിൽ പറയുന്നു.
2020 ജനുവരി 18ന് ഗതാഗത വകുപ്പിൽ സമർപ്പിച്ച അപേക്ഷയ്ക്ക് 30 ദിവസത്തിനകം മറുപടി നൽകാത്തതിനും പിന്നീട് മറുപടി തെറ്റായി നൽകിയതിനുമാണ് സംസ്ഥാന വിവരാവകാശ കമ്മിഷന് ഖാലിദ് മുണ്ടപ്പിള്ളി പരാതി നൽകിയത്.