
കൊച്ചി: ബൈക്ക് യാത്രക്കാരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ പള്ളുരുത്തി കൊച്ചുപുളിക്കൽ വീട്ടിൽ നിഖിൽ സുനിലി(29)നെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് സംഭവം. കൊച്ചി കപ്പൽശാലയുടെ മുൻവശത്തു കൂടി ബൈക്കിൽ യാത്ര ചെയ്തിരുന്ന ഷിപ്പ്യാർഡ് ജീവനക്കാരനായ മിഥിൽ രാജിനെയും സുഹൃത്തിനെയുമാണ് പ്രതി ആക്രമിച്ചത്. ബൈക്കിന് മുമ്പേ പോകുകയായിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് ബ്രേക്കിട്ടത് മിഥിൽ രാജ് ചോദ്യം ചെയ്തു. ഇതോടെ ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് നിഖിൽ വീശുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.