
ഇരിക്കൂർ: ചെങ്കൽ ക്വാറി മേസ്തിരിയെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് മെഷീൻ ഡ്രൈവർമാർ റിമാൻഡിൽ. കേളകം ചെട്ട്യാംപറമ്പിലെ പാലപ്പറമ്പിൽ അഖിൽ (24), കണിച്ചാറിലെ പനക്കൽ അശ്വിൻ (21) എന്നിവരെയാണ് ഇരിക്കൂർ പോലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ഓഗസ്റ്റ് 29 ന് രാത്രിയായിരുന്നു സംഭവം. മലപ്പുറം സ്വദേശിയും ചെങ്കൽ ക്വാറിയുടെ മേസ്തിരിയുമായ ജമീലിനെ വധിക്കാൻ ശ്രമിച്ചതായാണ് കേസ്.
മൂവരും കല്യാട് ചെങ്കൽ ക്വാറിയിൽ തൊഴിലാളികളായിരുന്നു. ബ്ലാത്തൂരിൽ വാടക ക്വാർട്ടേഴ്സിലായിരുന്നു താമസം. രാത്രി വാക്ക് തർക്കത്തിനിടെ ജമീലിനെ ഇരുവരും ആക്രമിക്കുകയും കല്ലുകൊണ്ട് കാല് അടിച്ച് തകർക്കുകയുമായിരുന്നു. ജമീലിന്റെ കാലിന്റെ എല്ല് പൊട്ടിയിരുന്നു.
പൊലീസ് കേസെടുത്തതോടെ ഇരുവരും മുങ്ങുകയായിരുന്നു. കഴിഞ്ഞദിവസം ഇരുവരും നെടുംപൊയിലിൽ എത്തിയതായുള്ള രഹസ്യ വിവരത്തെ തുടർന്ന് ശനിയാഴ്ച്ച പുലർച്ചെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.