
കൊല്ലങ്കോട്: വില്പനക്ക് കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി രണ്ട് പേരെ കൊല്ലങ്കോട് പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം, കൊളത്തൂർ സ്വദേശി അബ്ദുൾ കരീം(48), പാലക്കാട് പുതുനഗരം സ്വദേശി ഷംസുദ്ദീൻ (46) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി കൊല്ലങ്കോട് ബസ് സ്റ്റാൻഡ് റോഡിൽ പാലക്കാട് ഡാൻസാഫ് സ്ക്വാഡും കൊല്ലങ്കോട് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബൈക്കിലെത്തിയ പ്രതികൾ വലയിലായത്.
പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ മൂന്നു ലക്ഷം രൂപയോളം വില വരും. കൊല്ലങ്കോട്, നെമ്മാറ കേന്ദ്രീകരിച്ച് ചില്ലറ കച്ചവടം നടത്തുന്നവർക്ക് കൈമാറാൻ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. ഇരു പ്രതികളും മുൻപ് സമാന രീതിയിൽ കേസിൽ പിടിക്കപ്പെട്ടവരാണ്. അബ്ദുൾ കരീമിനെതിരെ പാലക്കാട് സൗത്ത്, നോർത്ത്, കൊഴിഞ്ഞാമ്പാറ, മലപ്പുറം എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. ഷംസുദ്ദീന് പുതുനഗരം പൊലിസ് സ്റ്റേഷനിൽ കഞ്ചാവു കേസുണ്ട്.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് ഐ.പി.എസിന്റെ നിർദ്ദേശത്തെത്തുടർന്ന് പാലക്കാട് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സി.ഡി.ശ്രീനിവാസിന്റെ മേൽനോട്ടത്തിലാണ് പ്രതികളെ പിടികൂടിയത്.