kl-rahul

മുംബയ്: ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുന്നതിന് മുമ്പ് ഇരു ടീമുകളിലും വച്ച് ശക്തരായവ‌ർ ഇന്ത്യ തന്നെയായിരുന്നു. എന്നാൽ ടെസ്റ്റ് - ഏകദിന പരമ്പരകളിലെ സമ്പൂർണ പരാജയത്തിന് ശേഷം ഇന്ത്യ വിമർശകരുടെ നടുവിലാണ്, പ്രത്യേകിച്ച് ഏകദിനങ്ങളിൽ ടീമിനെ നയിച്ച കെ എൽ രാഹുൽ. രാഹുലിന്റെ ക്യാപ്ടൻസി പിഴവുകളാണ് ഇന്ത്യയുടെ ഏകദിന പരമ്പരയിലെ നാണംകെട്ട പ്രകടനത്തിന് കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഒരു കളി പോലും ജയിക്കാതെയാണ് ഇന്ത്യ തിരികെ നാട്ടിലെത്തിയത്.

എന്നാൽ രാഹുലിനെ പിന്തുണച്ച് കൊണ്ടാണ് പരിശീലകൻ ദ്രാവിഡ് മത്സരശേഷം സംസാരിച്ചത്. രാഹുൽ മികച്ച ക്യാപ്ടൻ തന്നെയാണെന്നും ഭേദപ്പെട്ട പ്രകടനം തന്നെയാണ് രാഹുൽ ക്യാപ്ടനെന്ന നിലയിൽ ദക്ഷിണാഫ്രിക്കയിൽ കാഴചവച്ചതെന്നും ദ്രാവിഡ് വ്യക്തമാക്കി. ഏതൊരു ക്യാപ്ടന്റെയും പ്രകടനം മെച്ചമാകുന്നത് തന്റെ ടീമംഗങ്ങളും കൂടി നല്ല പ്രകടനം കാഴ്ചവയ്ക്കുമ്പോഴാണെന്നും അങ്ങനെ നോക്കുമ്പോൾ രാഹുലിന് ലഭിച്ച ടീമിൽ ഒരുപാട് പോരായ്മകളുണ്ടായിരുന്നെന്നും ദ്രാവി‌‌‌ഡ് പറഞ്ഞു.

എന്നാൽ ദ്രാവിഡിന്റെ അതേ അഭിപ്രായമല്ല ബി സി സി ഐയിലുള്ള ഉന്നതർക്കും സെലക്ടർമാർക്കും. രാഹുൽ എപ്പോഴെങ്കിലും ഒരു ക്യാപ്ടനെ പോലെ പെരുമാറുന്നത് പരമ്പരയിൽ ഏതെങ്കിലും ഒരു അവസരത്തിൽ കണ്ടിരുന്നോ എന്നാണ് ഇതിനെകുറിച്ചുള്ള മാദ്ധ്യമപ്രവ‌ർത്തകരുടെ ചോദ്യങ്ങളോട് ഒരു സെലക്ടർ പ്രതികരിച്ചത്.

പരമ്പര നഷ്ടമായതിന് ശേഷം നടന്ന മൂന്നാം ഏകദിനത്തിൽ ഒരുവിധം എല്ലാ യുവതാരങ്ങൾക്കും അവസരം കൊടുത്തപ്പോഴും ഓപ്പണ‌ർ റിതുരാജ് ഗെയ്ക്‌വാദിനെ ടീമിൽ ഉൾപ്പെടുത്താൻ രാഹുൽ മടി കാണിച്ചതിനെതിരെയും വിമർശനം ഉയരുന്നുണ്ട്. കഴിഞ്ഞ ഐ പി എല്ലിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിൽ എത്തിയ ഗെയ്ക്‌വാദിനെ ടീമിലെ തന്റെ സ്ഥാനം നഷ്ടപ്പെടുമോ എന്ന് കരുതിയാണ് കെ എൽ രാഹുൽ അവസരം നൽകാത്തതെന്ന് സമൂഹമാദ്ധ്യമങ്ങളിൽ നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്.

അടിക്കടി പരിക്കേൽക്കുന്ന രോഹിത് ശർമ്മയ്ക്ക് ശക്തനായ ഒരു വൈസ് ക്യാപ്ടൻ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. കെ എൽ രാഹുലിനെയായിരുന്നു ആ സ്ഥാനത്തേക്ക് സെലക്ടർമാർ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഒരോറ്റ പരമ്പരയിലൂടെ തന്നെ രാഹുൽ വിമ‌ർശകരെ തനിക് നേരെ തിരിച്ചിരിക്കുകയാണ്.