
വടക്കഞ്ചേരി: ബാംഗ്ലൂർ കേന്ദ്രീകരിച്ച് വിസ തട്ടിപ്പു നടത്തിയ മലയാളി ദമ്പതികളെ വടക്കഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തു. വടക്കഞ്ചേരി വള്ളിയോട് സ്വദേശിയായ ബിനോയുയുടെ പരാതിയിലാണ് ബാംഗ്ലൂർ സ്വദേശിയായ ബിജു ജോൺ, ഭാര്യ ലിസമ്മ ജോൺ എന്നിവരെ ബാംഗ്ലൂരിവിൽ നിന്ന് പിടികൂടിയത്. ഓസ്ട്രേലിയയിൽ ബിനോയുടെ ഭാര്യയ്ക്ക് നേഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് വിവിധ തവണകളിലായി 18 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി.
പാസ്പോർട്ടും, വിദ്യാഭ്യാസ യോഗ്യതകളും ഉൾപ്പെടെ രേഖകൾ നൽകിയിട്ടും മൂന്നു വർഷമായിട്ടും വിസ നൽകാതെ കബളിപ്പിച്ചതിനെ തുടർന്നാണ് ബിനോയ് ഇവർക്കെതിരെ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ ഡിവൈ.എസ്.പി കെ.എം.ദേവസ്യ, എസ്.ഐ മഹേന്ദ്ര സിംഹൻ എന്നിവരുടെ നിർദ്ദേശ പ്രകാരം വടക്കഞ്ചേരി പൊലീസ് ബാംഗ്ലൂരിൽ അന്വേഷണം നടത്തി ദമ്പതികളെ പിടികൂടിയത്.
ബാംഗ്ലൂർ കേന്ദ്രീകരിച്ച് വിവിധ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം നൽകി വിസ നൽകാമെന്ന് പറഞ്ഞ് വർഷങ്ങളായി തട്ടിപ്പു നടത്തിവരുന്നവരാണെന്ന് വടക്കഞ്ചേരി പൊലീസ് പറഞ്ഞു. കണ്ണൂർ സ്വദേശിയാണ് ലിസമ്മ ജോൺ. ഇവരെ പിടികൂടി വടക്കഞ്ചേരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വടക്കഞ്ചേരി എ.എസ്.ഐ ബിനോയ് മാത്യു, സിവിൽ പൊലീസ് ഓഫീസർമാരായ ദിലീപ്, ലതിക, അജിത എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ ബാംഗ്ലൂരിലെത്തി പിടികൂടിയത്.