dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മൂന്നാം ദിവസത്തെ ചോദ്യം ചെയ്യൽ ആരംഭിച്ചു. ഒൻപത് മണിയോടെ കേസിലെ പ്രതികളായ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവർ കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി.

ചോദ്യം ചെയ്യലിന്‍റെ അവസാന ദിവസമായ ഇന്ന് സംവിധായകൻ ബാലചന്ദ്രകുമാറിനെ കൂടി വിളിപ്പിക്കാ‍ന്‍ ക്രൈംബ്രാഞ്ച് ഉദ്ദേശിച്ചിരുന്നുവെങ്കിലും ഒഴിവാക്കി. നിലവിലെ സാഹചര്യത്തിൽ ബാലചന്ദ്രകുമാറിനെ വിളിപ്പിക്കേണ്ട ആവശ്യമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അഞ്ച് പ്രതികളുടെ രണ്ടു ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായപ്പോൾ സാമ്പത്തിക ഇടപാടുകളടക്കം കേസിൽ വഴിത്തിരിവാകുന്ന സുപ്രധാന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. മൊഴികളിലെ വൈരുദ്ധ്യം തുടരുന്നതിനാൽ ഇന്നത്തെ പതിനൊന്ന് മണിക്കൂ‌ർ ചോദ്യം ചെയ്യൽ നി‌ർണായകമാണ്. അന്വേഷണ പുരോഗതി വ്യാഴാഴ്ച ഹൈക്കോടതിയെ അറിയിക്കണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് പുറപ്പെടുവിക്കുക.


അതേസമയം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി വിചാരണ കോടതി ഇന്ന് പരിഗണിക്കും. ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുണ്ടെന്നും, ഇവ കോടതിക്ക് കൈമാറണമെന്നുമാണ് ദിലീപിന്റെ ആവശ്യം. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ക്രൈംബാഞ്ചിന്റെ ഹർജിയും ഇന്ന് പരിഗണിക്കും.