
തന്നെ സ്ഥിരമായി ഫോണിൽ വിളിച്ച് ശല്യം ചെയ്യുന്ന യുവാവിനെ പൊലീസ് പിടികൂടിയ വിവരം പങ്കുവച്ച് നടൻ ടിനി ടോം. മൂന്ന് മാസത്തിലേറെയായി ഇയാൾ ശല്യം ചെയ്യാൻ തുടങ്ങിയിട്ട്. ഉപദ്രവം കൂടിയപ്പോൾ പൊലീസിൽ പരാതി നൽകി. പത്ത് മിനിട്ടിനുള്ളിൽ പൊലീസ് ഇയാളെ പിടികൂടിയെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.
'ഷിയാസ് എന്നു പറഞ്ഞു പരിചയപ്പെടുത്തിയ യുവാവ് ഫോണിൽ വിളിച്ച് അസഭ്യം പറയുകയാണ്. നമ്പർ ബ്ലോക്ക് ചെയ്യുമ്പോൾ അടുത്ത നമ്പറിൽനിന്നും വിളിക്കും. തിരിച്ച് പറയുന്നതു റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയാണ് ഇവന്റെ ലക്ഷ്യം.
പരാതി നൽകി പത്ത് മിനിട്ടിനുള്ളിൽ ഇവനെ പിടികൂടി. ആളെ സ്റ്റേഷനിൽ കൊണ്ടുവന്നു. എന്തോ മാനസികമായി ചെറിയ പ്രശ്‌നമുള്ളയാളാണ്. എന്തായാലും ഞാൻ കേസ് പിൻവലിക്കുകയാണ്. കേസ് തുടർന്നാൽ അത് വലിയ ക്രൈം ആയി മാറും.'- ടിനി ടോം പറഞ്ഞു.