
 കൗമുദി ടി.വി.യിലെ ജനപ്രിയ സീരിയലായ 'അളിയൻസി" ലെ ഗിരിരാജൻ എന്ന അമ്മാവൻ വേഷത്തെ ഉജ്ജ്വലമാക്കുന്ന മണി ഷൊർണ്ണൂരിനെ കുറിച്ച് കൂടുതലറിയാം
മിനിസ്‌ക്രീനിൽ തനത് അഭിനയശൈലി കൊണ്ട് പ്രേക്ഷകമനസിൽ ഇടം നേടിയ നടനാണ് മണി ഷൊർണൂർ എന്ന ആറുമുഖൻ. കൗമുദി ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന 'അളിയൻസ്" പരമ്പരയിലെ ഗിരിരാജൻ എന്ന അമ്മാവൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനാണ്. തിരുവനന്തപുരത്തെ അളിയൻസി" ന്റെ ചിത്രീകരണത്തിനടയിൽ കിട്ടിയ ഇടവേളയിലാണ് മണി ഷൊർണൂർ കുളപ്പുള്ളി 'കലാഗ്രാമ"ത്തിലെ വീട്ടിലെത്തിയത്. അദ്ദേഹത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം.
നാടകം എന്നെ നടനാക്കി
നാടകവുമായുള്ള ബന്ധം പത്താംവയസിൽ തുടങ്ങിയതാണ്. നാട്ടിൽ റേഷൻ കടയും നാടകവുമായി നടന്നിരുന്ന ഏട്ടൻ പൊന്നു ബാലസുബ്രഹ്മണ്യനാണ് നാടകലോകത്തേക്ക് വഴികാട്ടിയായത്. റേഷൻകട പൂട്ടി ഏട്ടൻ നേരെ നാടക ക്യാമ്പിലെത്തും. നാട്ടിലെ വായനശാലകൾക്കും ക്ലബ്ബുകൾക്കുമായി ഒരുക്കുന്ന നാടകങ്ങളുടെ സംവിധായകൻ ഏട്ടനാണ്. അർദ്ധരാത്രി വരെ നീളുന്ന നാട റിഹേഴ്സലും മറ്റും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ഏട്ടന് തുണപോവുക ഞാനും. ബാല്യത്തിലേ നാടകവേദിയിൽ പിച്ചവയ്‌ക്കാൻ ഈ അനുഭവങ്ങൾ എന്നെ സഹായിച്ചു. കുളപ്പുള്ളി യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ സ്‌കൂൾ നാടകവേദിയിൽ 'ഒരാൾ കൂടി കളളനായി" എന്ന നാടകത്തിൽ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത് അദ്ധ്യാപകരെയടക്കം ഞെട്ടിച്ച സംഭവമായിരുന്നു. പിന്നെ നാടക വഴിയിലൂടെ കുറെ ദൂരം താണ്ടി. കേരളത്തിലെ പല പ്രൊഫഷണൽ നാടകവേദികൾക്കൊപ്പം എന്റെ പേര് കൂട്ടിച്ചേർക്കാൻ കഴിഞ്ഞു. നാടകരംഗത്ത് വേറിട്ട അഭിനയശൈലിയും സംഭാഷണരീതിയും സ്വീകരിച്ചിരുന്നു.നാടകലോകം നൽകിയ അനുഭവങ്ങൾ ഏറെ വിലപ്പെട്ടതാണ്.
നാടകത്തിൽ നിന്ന് മിമിക്രിയിലേക്ക്
ജീവിക്കാനുള്ള പിടിവള്ളി തേടി കലാലോകത്ത് നടക്കുന്ന സമയത്ത് മിമിക്രിയിലും ഒരു കൈ നോക്കി. ഹാസ്യപ്രധാനമായ സ്‌കിറ്റുകളുമായി നടൻ നിയാസ് ബക്കറും ഞാനും മിമിക്രിയിൽ ഒരുമിച്ച് സഞ്ചരിച്ചു. മിമിക്രി ലോകത്ത് വർഷത്തെ കലാനുഭവം വലിയ മുതൽകൂട്ടായി മാറി. ഇങ്ങനെയുള്ള കലാപരിപാടികൾക്കിടെയാണ് 'അളിയൻസ്" ഉൾപ്പെടെയുള്ള മിനിസ്‌ക്രീൻ പരമ്പരകളിലെത്തുന്നത്. നാടകം, മിമിക്രി, സ്റ്റേജ് ഷോ, സീരിയൽ, സിനിമ അങ്ങനെ കല ലോകത്ത് അഭിനയത്തിന്റെ പല വഴികളിലൂടെയും സഞ്ചരിക്കാൻ സാധിക്കുന്നു എന്നത് പഴനിമല മുരുകന്റെ അനുഗ്രഹമായാണ് കരുതുന്നത്.

ജീവിതത്തിലെ വേഷങ്ങൾ
ഷൊർണൂർ കുളപ്പുള്ളി ടൗണിൽ ഏറെക്കാലം ഓട്ടോ ഡ്രൈവറായിരുന്നു ഞാൻ. ഉപജീവനത്തിന് ഓട്ടോ ഡ്രൈവറായി ജീവിതത്തിൽ വേഷമിടുമ്പോഴും കയ്യിലുള്ള കലയെ കൈവിട്ടില്ല. ഓട്ടോ ഓടിച്ചും പെയിന്റ് പണിക്കാരനായും വാർക്കപ്പണിക്കാരനായും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഓടികൊണ്ടിരുന്നു. അപ്പോഴും കലാകാരനാകുക എന്ന സ്വപ്‌നം മനസിലുണ്ടായിരുന്നു. കുടുംബത്തിന്റെ ദാരിദ്ര്യം വഴിമുടക്കിയതിനാൽ വിദ്യാഭ്യാസം വേണ്ടത്ര നേടാനായില്ല. കല തന്നെയായിരുന്നു ആകെയുള്ള സമ്പത്ത്.
അളിയൻസിലെ അമ്മാവൻ
കൂട്ടുകുടുംബമാണ് ഞങ്ങളുടേത്. അമ്മയും സഹോദരിയും മരുമക്കളും സഹോദരനും ജ്യേഷ്ഠനുമൊക്കെ അടങ്ങിയ കൂട്ടു കുടുംബ ജീവിതത്തിൽ നല്ലൊരു അമ്മാവൻ വേഷമുണ്ടെനിക്ക്. അതിനാൽ തന്നെ 'അളിയൻസി" ലെ അമ്മാവൻ ഗിരിരാജനെ കൈകാര്യം ചെയ്യാൻ പ്രയാസമുണ്ടായില്ല. കൗമുദി ടി.വി.യിൽ വർഷങ്ങളായി നൂറുകണക്കിന് എപ്പിസോഡുകളിലൂടെ അളിയൻസും ഗിരിരാജൻ അമ്മാവനും മറ്റു കഥാപാത്രങ്ങളും ഏറെ ജനപ്രിയരായി.
എന്റെ അമ്മാവനുൾപ്പെടെയുള്ള പ്രേക്ഷകരിൽ നിന്ന് കിട്ടുന്ന സ്‌നേഹവും പരിഗണനയും ഏറെ വലുതാണ്. അളിയൻസിലെ അമ്മാവനെയടക്കം കഥാപാത്രങ്ങളെ മനസിലേറ്റിയവരിൽ ഹരിഹരൻ, പ്രിയദർശൻ, സത്യൻ അന്തിക്കാട് തുടങ്ങിയ മഹാരഥൻമാർ തന്നെയുണ്ട് എന്ന് പറയാൻ കഴിയുന്നതും മുരുക കൃപ തന്നെ. മുരുക കൃപ എന്ന് വെറുതെ പറയുന്നതല്ല. ഞങ്ങൾ 10 മക്കൾക്കും (ഒരാൾ ജീവിച്ചിരിപ്പില്ല) മുരുകന്റെ പേര് നൽകിയാണ് അച്‌ഛൻ സാക്ഷാൽ പഴനിമല മുരുകനോട് ആദരഭക്തി പ്രകടമാക്കിയത്. ഞാൻ ആറുമുഖനായതും അങ്ങനെയാണ്.
പനങ്ങാട്ടെ ഞങ്ങളുടെ വീട്
'അളിയൻസി" ന്റെ പ്രധാനപശ്ചാത്തലമായ വീട് തിരുവനന്തപുരത്തെ പനങ്ങാട്ടുള്ളതാണ്. ഇവിടെ ഞങ്ങളെ കാണാൻ വിശേഷാവസരങ്ങളിലും അവധി ദിനങ്ങളിലും മറ്റും പലഹാരങ്ങളുമായി പലരുമെത്തി സ്‌നേഹം പങ്കിടുന്നത് മറക്കാനാകാത്ത അനുഭവമാണ്. 'അളിയൻസി" ലെ അഭിനേതാക്കളെ ഒരു കുടുംബം പോലെ തന്നെ മറ്റുള്ളവർ കാണുന്നു എന്നതാണ് രസകരം. ഞങ്ങൾ അഭിനേതാക്കൾക്കിടയിലും ഈ ഊഷ്‌മള ബന്ധം നിലനിൽക്കുന്നു. ഞങ്ങൾക്കിടയിൽ 'ഈഗോ" എന്ന അസുഖമുള്ളവർ ആരുമില്ല. സംവിധായകൻ രാജേഷ് തലച്ചിറയടക്കം അളിയൻസ് കുടുംബം സന്തോഷത്തോടെ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു.
സിനിമ സ്വപ്‌നം തന്നെയാണ്
സിനിമ എപ്പോഴും മനസിലുണ്ട്. പന്ത്രണ്ട് സിനിമകളിൽ ഇതുവരെ അഭിനയിച്ചു 'മാജിക് മൊമന്റ്സ്" എന്ന വരാനിരിക്കുന്ന ഒരു സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞു. ഇപ്പോൾ സത്യൻ അന്തിക്കാടിന്റെ 'മകൾ" എന്ന പുതിയ സിനിമയിൽ ജയറാമിനൊപ്പം നല്ലൊരു വേഷം ചെയ്‌തിന്റെ സന്തോഷമുണ്ട്. മലയാള സിനിമയിൽ നിന്ന് മികച്ച കഥാപാത്രങ്ങൾ തേടി വരും എന്ന ഉറച്ച പ്രതീക്ഷയുണ്ട്. ഭാര്യ സുമയും മക്കളായ അഭിഷേകും അഭിരാമിയും പൂർണ പിന്തുണയാണ്.