murder

തെലങ്കാന: മാനസിക രോഗിയായ യുവാവ് ഡംബൽ ഉപയോഗിച്ച് അമ്മയെ തലയ്ക്കടിച്ച് കൊന്നു. രക്ഷിക്കാൻ ശ്രമിച്ച സഹോദരിയെയും ഇയാൾ ആക്രമിച്ചു. ഹൈദരാബാദിലെ സുൽത്താൻ ബസാറിലാണ് സംഭവം നടന്നത്.

പുലർച്ചെ രണ്ടു മണിക്ക് വ്യായാമം ചെയ്തുകൊണ്ടിരുന്ന 24കാരൻ കൊണ്ട സുധീർ കുമാറിനോട് രാത്രി വ്യായാമം ചെയ്യുന്നത് അവസാനിപ്പിക്കാൻ അമ്മയായ കൊണ്ട പാപ്പമ്മ ആവശ്യപ്പെടുകയായിരുന്നു. ഇത് കേട്ട് പ്രകോപിതനായ യുവാവ് ഡംബൽ ഉപയോഗിച്ച് അമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു. അമ്മയെ രക്ഷിക്കാനെത്തിയ സഹോദരി സുചിത്രയെയും ഇയാൾ ഡംബൽ ഉപയോഗിച്ച് ആക്രമിച്ചു. പരിക്കേറ്റ സുചിത്ര അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. സുധീറിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ബിരുദ പഠനത്തിനു ശേഷം ഫുഡ് ഡെലിവറി ഏജന്റായാണ് സുധീർ ജോലി ചെയ്തിരുന്നത്. എന്നാൽ ഒരുവർഷമായി ഇയാൾ ജോലി ഉപേക്ഷിച്ച് വീട്ടിൽ കഴിയുകയാണ്. അന്വഷണത്തിൽ സുധീറിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും അടുത്തിടെയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും കണ്ടെത്തി. സുധീറിന്റെ പിതാവ് ഏഴു വർഷം മുമ്പാണ് മരിച്ചത്. വീട്ടിൽ അമ്മയും സുധീറും സുചിത്രയും മാത്രമായിരുന്നു താമസം.