sreenarayana

റിപ്പബ്ലിക് ദിന പരേഡിൽ കേരളം മുന്നോട്ടുവച്ച നിശ്ചലദൃശ്യങ്ങൾ നിരസിക്കപ്പെടാനുണ്ടായ സാഹചര്യങ്ങൾ കേന്ദ്ര പ്രതിരോധമന്ത്രി നേരിട്ട് വ്യക്തമാക്കിയതാണ്. അത് സംബന്ധിച്ച് പരാതി ഉന്നയിച്ച ബംഗാൾ, തമിഴ്നാട് മുഖ്യമന്ത്രിമാർക്ക് അദ്ദേഹം കത്തയച്ചു. അതിനാൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട പ്രസ്താവന എത്രമാത്രം അടിസ്ഥാനരഹിതവും പച്ചക്കള്ളങ്ങൾ നിറഞ്ഞതുമാണെന്ന് ചൂണ്ടിക്കാണിക്കാതിരിക്കാൻ ആവുന്നില്ല.
റിപ്പബ്ലിക് ദിന പരേഡിലേക്കുള്ള ഫ്ളോട്ടുകൾ തീരുമാനിക്കുന്നത് ഒരു വിദഗ്ദ്ധ സമിതിയാണ്. അതിൽ സർക്കാരിനോ പ്രതിരോധ വകുപ്പിനോ ഒരു റോളുമില്ല. വിദഗ്ദ്ധസംഘം നൽകുന്ന ശുപാർശ സർക്കാർ സ്വീകരിക്കുന്നു. വർഷങ്ങളായി തുടരുന്ന സംവിധാനമാണിത്. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ പരിപാടി എന്ന നിലയ്‌ക്ക് അതിന്റെ മികവ് കുറയാതിരിക്കാൻ വേണ്ടുന്ന കരുതലുകൾ എടുക്കാറുണ്ട്. ഓരോ വർഷവും സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, കേന്ദ്ര സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിങ്ങനെ അനവധി മേഖലകളിൽ നിന്ന് ടാബ്ലോകൾ നിർദ്ദേശിക്കപ്പെടും; അത് ഈ സമിതി പരിശോധിക്കും, മികച്ചതും അനുയോജ്യമായതും അനുവദിക്കും. ഈ വർഷത്തെ 56 നിശ്ചലദൃശ്യ നാമനിർദ്ദേശങ്ങളിൽ 21 എണ്ണം മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്; 35 എണ്ണം നിരാകരിക്കപ്പെട്ടു. പലപ്പോഴും പല സംസ്ഥാനങ്ങൾക്കും അവസരം നിഷേധിക്കപ്പെട്ടിട്ടുണ്ട്; ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കും തുടർച്ചയായി അവസരം ലഭിക്കാതെ പോയിട്ടുണ്ട്. കേരളത്തിന്റെ ടാബ്ലോ കഴിഞ്ഞവർഷം ഉണ്ടായിരുന്നു; അതിനുമുൻപ് 2018 ലും.
സംസ്ഥാനം ഭരിക്കുന്ന കക്ഷിയുടെ രാഷ്ട്രീയമോ കൊടിയുടെ നിറമോ നോക്കിയല്ല അത് തീരുമാനിക്കുന്നത് എന്നത് ഇതിൽനിന്ന് വ്യക്തമാണല്ലോ.

സംഘപരിവാറിനെ ശ്രീനാരായണവിരോധികളാക്കി മുദ്രകുത്തി മുതലാക്കാനുള്ള നീക്കത്തിന്റെ പേരിലെങ്കിലും സി.പി.എം നേതാക്കൾ ഗുരുദേവന് സ്തുതി പാടുന്നതിന്റെ കൗതുകം വേറെയുമുണ്ട്. സംഘപരിവാറിന് ശ്രീനാരായണഗുരുദേവനും
ഗുരുദേവദർശനവും വോട്ട് ലക്ഷ്യമിട്ടുള്ള പാർട്ടി പരിപാടിയല്ല. അത് ഒരു ശീലമാണ്. ആർ.എസ്.എസ് കാര്യാലയങ്ങളിൽ പുലർച്ചെ ചൊല്ലുന്ന പ്രാർത്ഥനാഗീതം മുതൽ തുടങ്ങുന്ന ശീലം. ഭാരതത്തിലെ മഹത്തുക്കളെയും പുണ്യകേന്ദ്രങ്ങളെയും അഭിമാന ഗോപുരങ്ങളെയും ധീരനായകരെയും സ്മരിക്കുന്ന പ്രാതസ്മരണയിൽ ശ്രീനാരായണഗുരുദേവനുമുണ്ട്. 'ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ'
എന്ന് ഗുരുദേവന്റെ സമഗ്രജീവിതദർശനത്തെ കാച്ചിക്കുറുക്കി ഭാരതമൊട്ടാകെ എത്തിച്ചത് ആർ.എസ്.എസ് പ്രചാരകനും സൈദ്ധാന്തികനുമായ പി. പരമേശ്വരനാണ്.
1868 ൽ കോഴിക്കോട് നടന്ന ജനസംഘം ദേശീയസമ്മേളന വേദിക്ക് നൽകിയ പേര് ശ്രീനാരായണ നഗർ എന്നായിരുന്നു. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും എന്തിലും ഏതിലും ജാതിയും മതവും വർണവെറിയും ആരോപിക്കുന്ന സി.പി.എമ്മിന്റെ ക്ഷുദ്രരാഷ്ട്രീയത്തിന് മറുപടി പറയേണ്ടിവരും എന്നതുകൊണ്ട് ആചരിച്ചുപോന്ന ആദർശമല്ല സംഘപരിവാറിന് ശ്രീനാരായണദർശനമെന്ന് സാരം. ബൂർഷ്വാ നാരായണഗുരു എന്ന് ഗുരുദേവനെ അപഹസിച്ചതും അധിക്ഷേപിച്ചതും സി.പി.എമ്മാണ്, അവരുടെ ആചാര്യൻ ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടാണ്. 1988ൽ
ചിന്താവാരികയിൽ ഇ.എം.എസ് എഴുതിയത് നേതാക്കൾ വായിക്കണം. '' മാർക്സും ഏംഗൽസും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതുന്നതിന് മുമ്പ് അന്തരിച്ചുപോയ രാജാറാം മോഹൻ റോയി ബൂർഷ്വാ ദേശീയപ്രസ്ഥാനത്തിന്റെ മുന്നോടിയായിരുന്നു എന്ന് പറയുന്നതിൽ അസാംഗത്യമില്ല. ശ്രീനാരായണഗുരുവും അദ്ദേഹത്തിന്റെ മുൻഗാമികളോ സമകാലീനരോ പിൻഗാമികളോ ആയവരും ബംഗാളിൽ റാം മോഹൻ റോയി തുടങ്ങിവച്ച നവീകരണപ്രക്രിയകളുടെ ഇവിടത്തെ പ്രതിനിധികളായിരുന്നു.' 'അംബേദ്ക്കർ ഒരു പെറ്റിബൂർഷ്വ ആണെന്നും അതേ പ്രതിഭാസം കേരളത്തിൽ രൂപപ്പെട്ടത് നാരായണഗുരു മുതലായ സാമൂഹ്യപരിഷ്‌കർത്താക്കളുടെ രൂപത്തിലാണ് ' എന്നും 'അംബേദ്കർ, ഗാന്ധി, മാർക്സിസ്റ്റുകാർ' എന്ന പേരിലെഴുതിയ ലേഖനത്തിലും നമ്പൂതിരിപ്പാട് പറഞ്ഞിട്ടുണ്ട്. ഒരു പടികൂടിക്കടന്ന് ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം എന്ന പുസ്തകത്തിൽ ഹൈന്ദവ പുനരുത്ഥാനം ദേശീയതയുടെ വികൃതരൂപം' എന്ന തലക്കെട്ടിലാണ് ഇ.എം.എസ് ഗുരുദേവനെ അവതരിപ്പിച്ചത്. ഈ
നിലപാടിൽ നിന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ മാറിയതിന്റെ ഒരടയാളവും ഇന്നും കാണാനാവില്ല. ശ്രീനാരായണഗുരുദേവന്റെ നിശ്ചലദൃശ്യം സി.പി.എമ്മുകാർ തന്നെ കേരളത്തിന്റെ
തെരുവിൽ അവതരിപ്പിച്ചത് ആരും മറന്നുപോയിട്ടില്ല. കുരിശിൽ തറച്ച് വലിച്ചിഴയ്ക്കുന്ന രീതിയിലായിരുന്നു അത്. നവോത്ഥാനത്തിന്റെ പേരിൽ ശബരിമലയടക്കമുള്ള ക്ഷേത്രങ്ങൾക്കെതിരെ കള്ളക്കഥകളും ദുഷ്പ്രചാരണങ്ങളും പ്രചരിപ്പിച്ചവർ സ്വന്തം ഭാഗം ന്യായീകരിക്കാൻ ഗുരുദേവന്റെ പേരിൽ ജാതിയില്ലാ വിളംബരം എന്നൊന്ന് അടിച്ചിറക്കിയതും അടുത്തിടെയാണ്.
ശ്രീനാരായണഗുരുദേവനെ ആശയപരമായും അല്ലാതെയും അപമാനിച്ചും അവഹേളിച്ചും മാത്രം ശീലിച്ച ഒരു പാർട്ടി ഇപ്പോൾ സംഘപരിവാറിനെതിരെ ചെളിവാരിയെറിഞ്ഞ് മാന്യത നേടാൻ പുതിയ കഥയിറക്കുകയാണ്. അതിന് വിചാരധാരയെയും വികലമാക്കാനാണ് നീക്കം. ഗുരുദേവനെ അറിയാത്തവർക്ക് വിചാരധാരയും അറിയാനാവില്ല. ജാതിയോടും ജാതിവിവേചനത്തോടും എല്ലാമുള്ള കൃത്യമായ ധാരണയും നിലപാടും പ്രഖ്യാപിക്കുന്ന അനേകം സന്ദർഭങ്ങൾ വിചാരധാരയിലുണ്ട്. ഉദ്ധരണികൾ കൊണ്ട് ഓട്ടയടയ്ക്കുന്ന
കെട്ടുകാഴ്ചകൾ മതിയാക്കി ആത്മാർത്ഥമായി വിചാരധാരയെ അവർ പഠിക്കട്ടെ.
ശ്രീനാരായണഗുരുദേവനെയും പഠിക്കട്ടെ. ആർ.എസ്.എസ് ശാഖകളിൽ ഒരുമിച്ച് പ്രവർത്തകർ ചൊല്ലാറുള്ള ഗുരുദേവന്റെ 'ദൈവദശകം' സർക്കാർ വിദ്യാലയങ്ങളിൽ നിത്യപ്രാർത്ഥനയായി അംഗീകരിച്ച് ഉത്തരവിറക്കട്ടെ. ഇപ്പോൾ കാട്ടുന്ന ഭക്തി ആത്മാർത്ഥമാണെങ്കിൽ, അതാകും നമ്പൂതിരിപ്പാട് മുതൽ പുലർത്തിപ്പോന്ന ഗുരുദേവനിന്ദയ്ക്കുള്ള പരിഹാരം.

(ബി.ജെ.പി സംസ്ഥാന പ്രസി‌ഡന്റാണ് ലേഖകൻ)