
സൗത്ത് ആഫ്രിക്കയുമായി നടന്ന ടെസ്റ്റ് ക്രിക്കറ്റ് തോൽവിക്ക് ശേഷം വിരാട് കോഹ്‌ലി തന്റെ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻസി രാജിവച്ചത് അപ്രതീക്ഷിതമായ തീരുമാനമായിരുന്നില്ല. ഒരുപക്ഷേ കോഹ്‌ലി രാജിവച്ചില്ലായിരുന്നെങ്കിൽ അന്താരാഷ്ട്ര പര്യടനത്തിന് ശേഷം ബി. സി.സി.ഐ രാജി ആവശ്യപ്പെട്ടേനെ.
മത്സരങ്ങളിലെ തോൽവിക്ക് ക്യാപ്റ്റൻസി രാജിവയ്‌ക്കുന്നതിന് പിന്നിലെ ഒരു കാരണം ഞാൻ മനസിലാക്കുന്നത്, ക്രിക്കറ്റിനുള്ളിലെ വാണിജ്യവത്‌കരണമാണ്. ഐ.പി.എല്ലിലെ ഒരു മാച്ചിൽ നിന്നും പരസ്യങ്ങളിലൂടെ മാത്രം അറുപത്തിമൂന്ന് കോടി രൂപയാണ് ലഭിക്കുന്നത്. ഐ.പി.എൽ ഫ്രാഞ്ചൈസി എടുക്കുന്നത് 7.5 ബില്യൺ ഡോളറിനാണ്. ഈ തുക മറ്റ് ലീഗ് മത്സരങ്ങൾ വെച്ച് നോക്കുമ്പോൾ ലോകത്തിൽ നാലാം സ്ഥാനത്താണ്. ആദ്യ സ്ഥാനം നേടിയ ക്രമത്തിൽ എൻ.എഫ്.എൽ ( 17.5 ബില്യൺ ഡോളർ), എം.എൽ.ബി ( 13.5 ബില്യൺ ഡോളർ), എൻ.ബി.എ (8.5 ബില്യൺ ഡോളർ) തുടങ്ങിയവയാണ്. പല കമ്പനികളും ഇന്ത്യൻ ടീമിന് വേണ്ടി ( ഏകദിനം, ടി 20, ടെസ്റ്റ് ക്രിക്കറ്റ്) സ്‌പോൺസർ ചെയ്യുന്നുണ്ട്. അതിനാൽ ടീം വിജയത്തിൽ കുറഞ്ഞു മറ്റൊന്നും നേടരുതെന്നൊരു നിർബന്ധബുദ്ധിയും അവർക്കുണ്ടാകും. കളി വിജയിക്കുമ്പോഴാണ് ആളുകൾ കൂടുതൽ കാണുക. ശേഷമുള്ള ജയിച്ച മത്സരങ്ങളുടെ ഹൈലൈറ്റ്സ് കാണുന്നതിലൂടെയും അവരുടെ പരസ്യങ്ങൾക്ക് കൂടുതൽ ജനപ്രീതി കിട്ടും. തോറ്റുകഴിഞ്ഞാൽ കളി കാണുന്നതിൽ അവർക്ക് താത്‌പര്യം കുറയും. ഇതൊരു പുതിയ ട്രെൻഡായി തുടരുന്നു. ഇതിൽ നിന്ന് മനസിലാകുന്നത്, ഭാവിയിൽ ഏതൊരു പരമ്പര തോറ്റാലും ക്യാപ്റ്റന് തന്റെ സ്ഥാനം രാജിവയ്‌ക്കേണ്ടി വരും എന്നതാണ്.
ജയിക്കേണ്ടത് ഇന്ത്യൻ ടീമിന് ഒരു ബാദ്ധ്യതയായിരിക്കുകയാണ്. 1972 മുതൽ 2000 വരെ നടന്ന അന്താരാഷ്ട്ര പരമ്പര മത്സരങ്ങളിൽ ഇന്ത്യ ആകെ ജയിച്ചത് ഒന്നു മാത്രമാണ് (1986 ൽ ഇംഗ്ലണ്ടിൽ). അല്ലാതെ ഒരു ടെസ്റ്റ് പരമ്പരകളിലും അന്യ രാജ്യങ്ങളിൽ ജയിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ വിരാട് കോഹ്‌ലി ക്യാപ്റ്റൻസി ഏറ്റെടുത്തശേഷം ഇന്ത്യയിലും അന്യരാജ്യങ്ങളിലും കളിക്കുന്ന മത്സരങ്ങളിൽ കൂടുതൽ വിജയം കണ്ടുതുടങ്ങി. അപ്പോൾ മത്സരങ്ങളിൽ നമുക്ക് ജയിക്കാൻ സാധിക്കുമെന്ന് എല്ലാവരും ഉറച്ചു വിശ്വസിക്കാൻ തുടങ്ങി, എന്നാൽ തുടർന്നുണ്ടാകുന്ന തോൽവികൾ ആർക്കും സഹിക്കാൻ കഴിയാതെ പോവുകയും ചെയ്യുന്നു. ഉദാഹരണത്തിന് സൗത്ത് ആഫ്രിക്കയിൽ നടന്ന മത്സരത്തിൽ കെ.എൽ രാഹുൽ നേതൃത്വം കൊടുത്ത ഏകദിന മത്സരത്തിൽ തോറ്റുപോയിരുന്നു. സാധാരണ ഒന്നുരണ്ട് വർഷത്തേക്ക് ക്യാപ്റ്റൻസി തുടരാൻ കഴിയുമായിരുന്നു, എന്നാൽ തോറ്റുപോയതിനാൽ രാജിവയ്‌ക്കാൻ നിർബന്ധിതനായി. രോഹിത് ശർമയെ ഏകദിന മത്സരങ്ങളുടെയും, ട്വന്റി ട്വന്റി മത്സരങ്ങളുടെയും ക്യാപ്റ്റൻ ആയി തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും അതും താത്കാലികം മാത്രമാണ്, കാരണം ഏതെങ്കിലും പരമ്പര മത്സരത്തിൽ തോൽവിയുണ്ടായാൽ അദ്ദേഹത്തെയും മാറ്റുന്നതായിരിക്കും.
ഇതിന് മുൻപേയും അന്താരാഷ്ട്ര പര്യടനങ്ങളിൽ നാം വിജയിച്ചു മുന്നേറുമ്പോഴും, സീരീസിൽ ഒരു പരാജയം ഉണ്ടാവുമ്പോൾ പല കളിക്കാർക്കും തന്റെ ക്യാപ്റ്റൻസി രാജിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്. അജിത് വടേക്കർ, സുനിൽ ഗാവസ്‌കർ, ബിഷൻ സിംഗ് ബേദി, കപിൽ ദേവ്, സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ് തുടങ്ങിയവരും ഇത് പോലെ ദയനീയ പരാജയങ്ങൾക്ക് രാജിവയ്‌ക്കേണ്ടി വന്ന കളിക്കാരാണ്.
ചുവന്ന ബോൾ കൊണ്ട് കളിക്കുന്ന ടെസ്റ്റ് ക്രിക്കറ്റിലും, വെള്ള ബോൾ കൊണ്ട് കളിക്കുന്ന 50 ഓവർ മാച്ചിലും, ടി 20 പോലെയുള്ള മത്സരങ്ങൾക്കും ഒരു ക്യാപ്റ്റൻ മതിയെന്ന തെറ്റിദ്ധാരണ ബി.സി.സി ഐയ്‌ക്ക് ഉണ്ട്. അത് അവർ പുനഃപരിശോധിക്കേണ്ടതാണ്. ഓസ്‌ട്രേലിയ ഏകദിന മത്സരങ്ങൾക്കും, ടെസ്റ്റ് മത്സരങ്ങൾക്കും, ടി20 ക്കും മൂന്നുനാല് പേരൊഴികെ പ്രത്യേകം ടീം അംഗങ്ങളും ഓരോ ടീമിനും ഓരോ ക്യാപ്റ്റനേയും കൊണ്ടുവന്നത് പോലെയുള്ള മാതൃകാപരമായ മാറ്റങ്ങൾ നമ്മുടെ ടീമിലും പരീക്ഷിക്കാവുന്നതാണ്. ഇങ്ങനെയൊരു നീക്കത്തിലൂടെയാണ് ടി20 വേൾഡ് കപ്പിൽ അവർ ജയിച്ചതും ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താൻ സാധിച്ചതും.
ബുദ്ധിപരമായ തീരുമാനമാണ് ഓസ്‌ട്രേലിയ ഇതിലൂടെ നടപ്പിലാക്കിയിരിക്കുന്നത്. കാരണം ടെസ്റ്റ് കളിക്കുന്നത് നല്ല അനുഭവസമ്പത്തുള്ള മുപ്പത് വയസെങ്കിലുമായ ഒരാളാവും. എന്നാൽ ടി20 കളിക്കുന്നത് ഊർജസ്വലരായ ചെറുപ്പക്കാരായിരിക്കും. ഇന്ത്യൻ ടീമിലും ഇതുപോലെ ഫിസിക്കൽ ഫിറ്റ്നസിന്റെയും, വയസിന്റെയും ഫോമിന്റെയും അടിസ്ഥാനത്തിൽ കൂടുതൽ ഫിറ്റ് ആയ കളിക്കാരെ പ്രത്യേകം ടീമായി തിരഞ്ഞെടുത്താൽ നമുക്കും വിജയിക്കുന്നതിനും ക്യാപ്റ്റൻ രാജിവയ്‌ക്കേണ്ടി വരുന്ന സാഹചര്യം കുറയ്‌ക്കുന്നതിനും സാധിക്കും.
ക്രിക്കറ്റിൽ വാണിജ്യവത്‌കരണം വന്നതിലൂടെ നിറയെ നേട്ടങ്ങളുണ്ടായിട്ടുണ്ട്. കളിക്കാർക്ക് നല്ല തുക പ്രതിഫലം ലഭിച്ചു തുടങ്ങി, സ്‌കൂൾ, കോളജ്, ജില്ല, സംസ്ഥാന ലെവലിൽ തന്നെ എല്ലാവരും ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി, ക്രിക്കറ്റ് കൂടുതൽ ജനകീയമാകാൻ തുടങ്ങി, പക്ഷേ നേട്ടങ്ങളോടൊപ്പം നിരവധി ദോഷങ്ങളും ഉണ്ടാകുന്നുണ്ട്. ഹോക്കി, ഫുട്ബാൾ, ബാഡ്‌മിന്റൺ, ഗുസ്തി, വെയ്റ്റ് ലിഫ്റ്റിംഗ്, ബോക്സിങ്, മുതലായ കായികമേഖലകൾ സ്‌പോൺസർമാരെ കിട്ടാതെ തഴയപ്പെടാൻ തുടങ്ങി എന്നുള്ളതാണ്. കൂടാതെ കൂടുതൽ സ്‌പോൺസർഷിപ്പ് ലഭിക്കുന്തോറും കളി ജയിക്കാൻ കളിക്കാരുടെ മേൽ സ്‌പോൺസർമാരുടെ കൂടുതൽ സമ്മർദ്ദം വരികയും ചെയ്യുന്നു.