
കൊച്ചി: ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് കൊണ്ടുവന്നത് രഹസ്യ സ്വഭാവത്തോടുകൂടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലോകായുക്തയെ തീരുമാനിക്കുന്ന കമ്മിറ്റിയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും ഉണ്ട്. ഇത്രയും വലിയ ഭേദഗതി നടത്തിയിട്ടും പ്രതിപക്ഷത്തെയോ പ്രതിപക്ഷ നേതാവിനെയോ അറിയിച്ചിട്ടില്ലെന്നും വി ഡി സതീശൻ ആരോപിച്ചു.
'അഴിമതി നിരോധന നിയമത്തിൽ കേന്ദ്ര സർക്കാർ ഭേദഗതികൾ വരുത്തിയതോടുകൂടി നിയമത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഏക ആശ്രയമായിരുന്നത് ലോകായുക്തയാണ്. ലോകായുക്ത കൊടുക്കുന്ന ശുപാര്‍ശകള്‍, നിര്‍ദേശങ്ങള്‍ എന്നിവ പൂര്‍ണമായും അനുസരിക്കാന്‍ സര്‍ക്കാരിനും ബന്ധപ്പെട്ടവര്‍ക്കും ഉത്തരവാദിത്തമുണ്ട്. അതില്‍ വെള്ളം ചേര്‍ത്ത് ഇനിമുതല്‍ ലോകായുക്തയുടെ തീരുമാനങ്ങളും ശുപാര്‍ശകളും സര്‍ക്കാരിന് ഹിയറിംഗ് നടത്തി വേണമെങ്കില്‍ സ്വീകരിക്കാം അല്ലെങ്കിൽ നിരസിക്കാം എന്നതായി മാറുകയാണ്. ഇതോടെ മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണവുമായി ലോകായുക്തയില്‍ പോയാല്‍ ലോകായുക്തയുടെ തീരുമാനം തിരിച്ച് മുഖ്യമന്ത്രിയുടെ കൈയില്‍ വരും. മുഖ്യമന്ത്രിക്ക് ഹിയറിംഗ് നടത്തി നടപടി വേണ്ടായെന്ന് തീരുമാനിക്കാൻ കഴിയും. ഇതോടുകൂടി ലോകായുക്തക്ക് യാതൊരു പ്രസക്തിയും ഇല്ലാതാകുമെന്നും' വി ഡി സതീശൻ പറഞ്ഞു
'ലോകായുക്തയായി തിരഞ്ഞെടുക്കപ്പെടുന്നത് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്ന ആളോ അല്ലെങ്കില്‍ സുപ്രീംകോടതിയുടെ മുൻ ജഡ്ജിയോ ആയിരുന്നു. ഇപ്പോള്‍ അത് മാറ്റി ഏതെങ്കിലും ജഡ്ജി ആയാല്‍ മതി എന്നതാക്കി. ഇത് ലോകായുക്തയുടെ പ്രധാന്യം കുറയ്ക്കാനുള്ള മറ്റൊരു നടപടിയാണ്. സർക്കാരിന് എതിരായ കേസുകൾ ലോകായുക്തയുടെ പരിഗണനയിലുള്ളതാണ് ഈ തിരക്ക് പിടിച്ച തീരുമാനത്തിന് പിന്നിൽ. ലോകായുക്തയുടെ അധികാരം വിപുലപ്പെടുത്തണമെന്നാണ് സിപിഎം കേന്ദ്ര നിലപാട്. എന്നാൽ അതിന് വിരുദ്ധമായ തീരുമാനമാണ് കേരള സർക്കാർ എടുക്കുന്നത്. കേരളത്തിലെ സിപിഎം വെറും പ്രാദേശിക പാർട്ടിയായി മാറുകയാണെന്നും' അദ്ദേഹം പറഞ്ഞു. ലോകായുക്ത ഓര്‍ഡിനന്‍സ് ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.