car-accident

മുംബയ്: മഹാരാഷ്ട്രയിലെ സെൽസുരയിൽ മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ പാലത്തിന്റെ കൈവരിയിലിടിച്ച് താഴേക്ക് മറിഞ്ഞ് ബി.ജെ.പി എം.എൽ.എ വിജയ് രഹാംഗ്ടാലെയുടെ മകൻ അവിഷ്‌കർ രഹാംഗ്ടാലെ അടക്കം ഏഴു പേർ മരിച്ചു. വാർധ സവാംഗി മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥിയാണ് അവിഷ്കർ.

തിങ്കളാഴ്ച രാത്രി 1.30ഓടെ ഡിയോലിയിൽ നിന്ന് വാർധയിലേക്ക് സഞ്ചരിക്കവെ, സെൽസുര ഗ്രാമത്തിന് സമീപം വച്ചാണ് അപകടമുണ്ടായത്. കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

അവസാനവർഷ വിദ്യാ‌ർത്ഥികളായ നീരജ് ചൗഹാൻ, വിവേക് നന്ദൻ, പ്രത്യുഷ് സിംഗ്, ശുഭം ജസ്വാൾ, ഒന്നാംവർഷ വിദ്യാർത്ഥി പവാൻ ശക്തി, മെഡിക്കൽ ഇന്റേൺ നിതേഷ് സിംഗ് എന്നിവരാണ് മരിച്ചത്.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും രണ്ടുലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചു.