ee

കൊവിഡ് കാലത്ത് വായിക്കാൻ ലഭിച്ച നല്ല പുസ്തകങ്ങളിൽ ഒന്നാണ്, അജിത് വെണ്ണിയൂർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'അറിയുന്ന ഗാന്ധി, അറിയാത്ത ഗാന്ധി." ചരിത്രപശ്‌ചാത്തലത്തിലാണ് ഈ ഗ്രന്ഥരചന നടത്തിയിരിക്കുന്നത്. മാസങ്ങളോളം നീണ്ടു നിന്ന ഗവേഷണം ഇത്തരം പുസ്‌തക രചനയ്‌ക്ക് അനിവാര്യമാണ്. ഈ പുസ്‌തകരചനയ്‌ക്കായി ഗ്രന്ഥകാരൻ ചെയ്‌ത കഠിനശ്രമങ്ങൾക്ക് ഇതിന്റെ ഓരോ താളും സാക്ഷ്യംവഹിക്കുന്നു.

വിവിധകാലഘട്ടങ്ങളിൽ പല സ്ഥലങ്ങളിലേക്കുമുള്ള യാത്രകൾക്കിടയിൽനടന്ന രസകരമായ സംഭാഷണങ്ങളിലൂടെ മഹാത്മജിയുടെ ദർശനവും വ്യക്തിത്വവും മഹത്വവും വെളിവാക്കുന്ന പ്രതിപാദനശൈലിയാണ് ഈ പുസ്‌തകത്തിൽ ഗ്രന്ഥകാരൻ സ്വീകരിച്ചിരിക്കുന്നത്. പുതുമയുള്ള ഈ സമീപനം ഗ്രന്ഥത്തിന്റെ മാറ്റ് കൂട്ടുന്നു. ഭാരതത്തിന്റെ ദേശീയപ്രസ്ഥാനത്തിൽ മഹാത്മജി വഹിച്ച അതുല്യമായ പങ്ക് വെളിവാക്കുന്നതാണ് ഈ പുസ്‌തകം.
ഇത് വായിച്ചുകഴിയുമ്പോൾ വായനക്കാരന് പല സംശയങ്ങളും തോന്നാം, സ്വാതന്ത്ര്യലബ്‌ധിയോടെ രാഷ്ട്രഭരണത്തിൽനിന്നും വിട്ടുനിൽക്കാനുള്ള മഹാത്മജിയുടെ തീരുമാനം തത്വാധിഷ്‌ഠിതമായ തന്റെ ചിന്താഗതിയും പ്രായോഗിക രാഷ്ട്രഭരണവും, അതായത് തീയറിയും പ്രാക്‌ടിക്കലും തമ്മിൽ യോജിച്ചുപോകാൻ എളുപ്പമല്ല എന്ന അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണോ?

ഒരു ചെകിട്ടത്ത് അടിക്കാനോങ്ങുന്നവന് മറുചെകിടും കൂടി നീട്ടിക്കാണിക്കണമെന്ന അദ്ദേഹത്തിന്റെ ചിന്താഗതി യുദ്ധത്തിന് ഒരുങ്ങിവരുന്ന ശത്രുരാജ്യത്തിന് മുന്നിൽ പ്രാവർത്തികമല്ല എന്ന ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണോ? അദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഭാരതത്തിൽനിന്നും കൂടുതൽ സ്ഥലം പിടിച്ചെടുക്കാൻ യുദ്ധസന്നാഹവുമായി വന്നെത്തുന്ന ചൈനയോട് ഏതുവിധത്തിലാണ് അദ്ദേഹം പ്രതികരിക്കുമായിരുന്നത്? ഭീകരരെ യുദ്ധപരിശീലനവും മാരകായുധങ്ങളുംനൽകി ഭാരതത്തിലേക്കയക്കുന്ന പാക്കിസ്ഥാനോട് ഏതു തരത്തിലായിരിക്കുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം?
ധാരാളം പുതിയ അറിവുകൾ ഈ പുസ്‌തകം നമുക്ക് പകർന്നുതരുന്നു. മഹാത്മജിയും അയ്യങ്കാളിയും തമ്മിൽനടന്ന കൂടിക്കാഴ്‌ചയുടെ പിന്നാമ്പുറരംഗമാണ് അതിലൊന്ന്. എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും ഇത് ഒരു പുതിയ അറിവാണ്. അധികമാരും അറിയാത്ത ഇത്തരം അനേകം സംഭവങ്ങൾ ഈ പുസ്‌തകത്തിലുണ്ട്. വിസ്‌താരഭയത്താൽ ഞാൻ അവയെപ്പറ്റിയെല്ലാം പരാമർശിക്കാൻ ഉദ്ദേശിക്കുന്നില്ല. ഒരു കാര്യം നിസ്സംശയം പറയാം. വളർന്നുവരുന്ന തലമുറ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വസ്‌തുതകളാണ് ഈ പുസ്‌തകത്തിലുള്ളത്. അവർ മാത്രമല്ല, സാമൂഹികചിന്താഗതിയുള്ള എല്ലാ മലയാളികളും അവശ്യം വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥം തന്നെയാണ് ഈ പുസ്‌തകം.
(ജസ്റ്റിസ് എം.ആർ.ഹരിഹരൻനായർ ഫോൺ: 79079 21419)

കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്‌തകത്തിന്റെ വില ₹180