
ഒരു ദേശത്തിന്റെയാകെ അമ്മയാണ് മുടപുരത്തെ തെങ്ങുംവിള ദേവീക്ഷേത്രത്തിലെ ദേവി.എല്ലാ ജാതിക്കാരും എല്ലാ മതക്കാരും ഒരുപോലെ ആരാധിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് തെങ്ങുംവിള ദേവീ ക്ഷേത്രം. എ.ഡി.ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് തെങ്ങുംവിള ദേവീക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടന്നതെന്നാണ് ചരിത്ര രേഖകൾ പറയുന്നത്. നാട്ടുരാജ്യമായിരുന്ന തിരുവഞ്ചിക്കുളം ആസ്ഥാനമായി ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ നൈനാൻ പണികഴിപ്പിച്ചതാണ് തെങ്ങുംവിള ദേവീക്ഷേത്രമെന്നാണ് ചെക്കിഴാരുടെ പെരിയ പുരാണത്തിൽ പരാമർശിക്കുന്നത്.ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി ഇളക്കി മാറ്റിയ കൽവിളക്കുകളിലും ശിലകളിലും പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന വട്ടെഴുത്തിൽ ഈ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ മുടപുരത്താണ് തെങ്ങുംവിള ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പ്രകൃതി രമണീയമായ ഗ്രാമത്തിന് നടുവിൽ, ദേശത്തിനാകെ ഐശ്വര്യമായി നിൽക്കുന്ന തെങ്ങുംവിള ദേവീ ക്ഷേത്രം നാട്ടുകാരുടെ മുഴുവൻ ആത്മീയ ആശ്രയമാണ്. ഈ ക്ഷേത്രത്തിൽ ചൊവ്വാഴ്ച തോറും നടക്കുന്ന നാരങ്ങവിളക്കിൽ മുടങ്ങാതെ മൂന്നു പ്രാവശ്യം പങ്കെടുക്കുന്ന പെൺകുട്ടികളുടെ കല്യാണം നടക്കുമെന്നതാണ് ഏറ്റവും വലിയ വിശ്വാസം.ദൂരദേശങ്ങളിൽ നിന്നു പോലും ഭക്തർ നാരങ്ങവിളക്കിൽ പങ്കെടുക്കാൻ എത്താറുണ്ട്. ക്ഷേത്രത്തിന് ചുറ്റും താമസിക്കുന്നവരിൽ കൂടുതലും വിദേശത്ത് ജോലി ചെയ്യുന്നവരാണ്.അവരുടെയെല്ലാം ജീവിതവിജയത്തിന് കാരണം തെങ്ങുംവിളയിലെ അമ്മയുടെ അനുഗ്രഹമെന്ന് അടിയുറച്ച് വിശ്വസിക്കുന്ന പ്രവാസികളെല്ലാം ഉത്സവത്തിന് വരുന്നത് പതിവാണ്.
കുംഭമാസത്തിലെ ഭരണി നാളിലാണ് തെങ്ങുംവിള ദേവീ ക്ഷേത്രത്തിലെ ഉത്സവം. ഉരുളും വില്ലിൻമേൽ തൂക്കവുമാണ് പ്രധാന വഴിപാടുകൾ. അന്നദാനവും കാൻസർ രോഗികൾക്കുള്ള സഹായ വിതരണവും ഈ ക്ഷേത്രത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേയും മുടപുരം ആയുർവേദ ആശുപത്രിയിലേയും കിടപ്പ് രോഗികൾക്ക് പായസമുൾപ്പെടെയുള്ള വിഭവസമൃദ്ധമായ സദ്യ കൊടുത്തതിന് ശേഷമേ തെങ്ങുംവിള ദേവീ ക്ഷേത്രത്തിൽ അന്നദാനം നടത്തൂ. ക്ഷേത്രത്തിന് മുമ്പിൽ കാൻസർ രോഗികൾക്കുള്ള സഹായത്തിനായി കാണിക്കപ്പെട്ടി വച്ചിട്ടുണ്ട്. ഇതിൽ വീഴുന്ന ഓരോ ചില്ലിക്കാശും കാൻസർ രോഗികൾക്കുള്ള ചികിത്സക്കായി മാത്രമേ ഉപയോഗിക്കൂ. ക്ഷേത്രമുറ്റത്ത് കാൻസർ രോഗികൾക്കുള്ള ചികിത്സക്കായി ഇത്തരമൊരു കാണിക്കവഞ്ചി കേരളത്തിൽ ആദ്യമായി നടപ്പിലാക്കിയത് തെങ്ങുംവിള ദേവീ ക്ഷേത്രത്തിലാണ്.
(ഗണേശോത്സവ ട്രസ്റ്റിന്റെ മുഖ്യകാര്യദർശിയായ ലേഖകന്റെ ഫോൺ: 9447010690)