
മലയോരഗ്രാമത്തിലെ സമ്പന്നനാണ് സദാശിവൻ. പണം വാങ്ങുമ്പോഴും കൊടുക്കുമ്പോഴും കുറഞ്ഞത് അഞ്ചുവട്ടമെങ്കിലും എണ്ണിയിരിക്കും. അതേ സമയം സംസാരത്തിൽ ഈ നിയന്ത്രണമോ ശ്രദ്ധയോ ഇല്ല. വായിൽ വരുന്നത് ആലോചിക്കാതെ വിളിച്ചു പറയും. വാഹനം റിവേഴ്‌സ് എടുക്കുന്നതുപോലെ വാക്കിൽ നിന്നും പിന്നോട്ടെടുക്കുന്നത് ശ്രമകരമാണ്.
സദാശിവന്റെ ഭാര്യ ഭക്തയും ഉദാരമതിയുമാണ്. നിത്യവും അന്നമോ പണമോ ദാനം ചെയ്യണമെന്ന വിശ്വാസക്കാരി. സദാശിവൻ പലപ്പോഴും ഭാര്യയുമായി തെറ്റുന്നതുതന്നെ ഇതേ ചൊല്ലിയാണ്. പണം കുന്നുകൂടണം, ആ കുന്നുംപുറത്ത് മലർന്ന് കിടന്ന് കാറ്റു കൊള്ളുന്നതിന്റെ സുഖം അനുഭവിച്ചവർക്കേ അറിയാവൂ എന്ന് സദാശിവൻ ഇടയ്‌ക്കിടെ പറയാറുണ്ട്. ഒരു പർവതവും ഉറവയെ മടിശ്ശീലയിൽ കെട്ടിവയ്‌ക്കുന്നില്ല. താഴ്‌വരയിലേക്ക് ഒഴുക്കി വിടുകയാണ്. പ്രകൃതിയുടെ നിലനിൽപ്പിനു തന്നെ ആധാരം അതല്ലേ എന്ന് ഭാര്യ തിരിച്ചടിക്കും. നിന്നോട് തർക്കിച്ച് സമയം പാഴാക്കുന്ന നേരത്ത് നാലുകാശ് പലിശയ്‌ക്ക് കൊടുത്താൽ നന്നായേനെ എന്നായിരിക്കും സദാശിവന്റെ പ്രതിരോധവാക്കുകൾ.
പണമുണ്ടാക്കണമെങ്കിൽ തലവര വേണം. അതില്ലെങ്കിൽ കയ്യിലിരിക്കുന്നത് കൂടി നഷ്‌ടപ്പെട്ട് കടവും കയറും എന്ന് സദാശിവൻ പറഞ്ഞിരിക്കുമ്പോഴാണ് ഭാര്യ സമ്പാദ്യത്തേക്കാൾ വിലപ്പെട്ടാണ് വിശ്വാസമെന്ന് സൂചിപ്പിച്ചത്. ഉദാഹരണമായി മീനാക്ഷിയുടെ ജീവിതകഥയും പറഞ്ഞു.
മുറുക്കും പലഹാരങ്ങളും ഉണ്ടാക്കി വിൽക്കുന്ന നിർദ്ധനസ്ത്രീയാണ് മീനാക്ഷി. രണ്ടുപെൺമക്കൾ. ഭർത്താവ് ഓട്ടോ ഡ്രൈവർ, സ്വതവേ അലസൻ. ഒരു ദിവസം ഓടിയാൽ അതിന്റെ ക്ഷീണം തീരാൻ രണ്ടുദിവസം ചുമ്മാ നിൽക്കും. പലഹാരവിൽപ്പന, കോഴിവളർത്തൽ, ആടുവളർത്തൽ അങ്ങനെ മീനാക്ഷി സമയം പാഴാക്കാറില്ല.
നാൽപ്പതുവർഷമായി വാടകവീട്ടിൽ. അയൽവാസികളുമായി നല്ല ബന്ധം. ഇടപഴകുന്നവരിൽ നല്ല മതിപ്പും വിശ്വാസവം ഉണ്ടാക്കും. വാടകവീട്ടിൽ കഴിഞ്ഞുകൊണ്ടു തന്നെ രണ്ടു പെൺമക്കളുടെയും കല്യാണം കഴിഞ്ഞു. പണമെല്ലാം കൈ വായ്‌പയായി വാങ്ങിയത്. ചെറിയ ചിട്ടികളിൽ നിന്നും കിട്ടുന്ന പണം കുറേശ്ശെ മടക്കി കൊടുക്കും. ഇളയമകളുടെ കല്യാണത്തിന് വാങ്ങിയതിൽ കുറേ ബാക്കിയുണ്ട്. വാടകവീടിന് സമീപം അഞ്ചുസെന്റും വീടും വിൽക്കുന്നു എന്നറിഞ്ഞപ്പോൾ വാങ്ങാനൊരു മോഹം. ഒറ്റക്കാശില്ല, ആകെയുള്ളത് വിനയവും വിശ്വാസവും. നാൽപ്പതുവർഷം മുമ്പ് എവിടെ നിന്നോ വന്ന് വാടകക്കാരിയായി. ഇപ്പോൾ ജന്മനാടും പോറ്റിയനാടും എല്ലാം ഇതു തന്നെ. പലരും വീടുവാങ്ങാൻ ചോദിക്കാതെ തന്നെ പണം വായ്‌പയായി നൽകി. ചെറിയൊരു ഗൃഹപ്രവേശനചടങ്ങു വച്ചപ്പോൾ പലരും ആത്മാർത്ഥമായി സഹകരിച്ചു. എല്ലാവരും പറഞ്ഞ ആശംസകൾക്കെല്ലാം ഒരേ മുഖഛായ. പണം ആർക്കും സമ്പാദിക്കാം, പക്ഷേ വിശ്വാസം സമ്പാദിക്കുന്നതും നിലനിർത്തുന്നതും വളരെ പ്രയാസകരമാണ്.
(ഫോൺ: 9946108220)