
വാഷിംഗ്ടൺ: വാർത്താ സമ്മേളനത്തിനിടെ തന്റെ മൈക്ക് ഓൺ ആണെന്നറിയാതെ മാദ്ധ്യമപ്രവർത്തകനെ അധിക്ഷേപിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിവാദത്തിൽ. വൈറ്റ് ഹൗസിൽ നടന്ന ഒരു യോഗത്തിന് ശേഷമാണ് സംഭവം. എല്ലാ മാദ്ധ്യമപ്രവർത്തകരും പോകാൻ തയാറെടുക്കവെ ഫോക്സ് ന്യൂസിലെ ജേർണലിസ്റ്റായ പീറ്റർ ഡൂസി ബൈഡനോട് വിലക്കയറ്റം രാഷ്ട്രീയ ബാദ്ധ്യതയാണോ എന്ന് ചോദിച്ചു.
ചോദ്യം അത്ര രസിക്കാതെ വന്ന ബൈഡൻ തന്റെ മൈക്ക് ഓൺ ആണെന്നറിയാതെ വിലക്കയറ്റം വലിയ സമ്പാദ്യമാണെന്നും കൂടുതൽ വിലക്കയറ്റം വരണമെന്നും പരിഹസിക്കുകയും പതിഞ്ഞ സ്വരത്തിൽ ചിരിച്ചുകൊണ്ട് ഡൂസിയ്ക്കെതിരെ അധിക്ഷേപ വാക്കുകൾ പിറുപിറുക്കുകയുമായിരുന്നു.
സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയായിരുന്നു. എന്നാൽ, കുറച്ച് മണിക്കൂറുകൾക്ക് ശേഷം അത്തരം മോശം വാക്കുകൾ പറഞ്ഞത് വ്യക്തപരമായിരുന്നില്ലെന്ന് ജോ ബൈഡൻ തന്നോട് പറഞ്ഞതായി ഡൂസി വെളിപ്പെടുത്തി. പ്രസിഡന്റിന്റെ കമന്റ് ഉൾപ്പെടുന്ന പരിപാടിയുടെ ട്രാൻസ്‌ക്രിപ്റ്റ് വൈറ്റ് ഹൗസ് പുറത്തിറക്കിയിരുന്നു.