martial

സെവിയ്യ: ഫ്രഞ്ച് താരം ആന്റണി മാർഷിയാൽ ഇംഗ്ലീഷ് ക്ലബ് മാ‍ഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് വായ്പാ അടിസ്ഥാനത്തിൽ സ്പാനിഷ് ക്ലബ് സെവിയ്യയിലേക്ക് മാറി. 26 കാരനായ മാർഷിയാൽ ഈ സീസൺ അവസാനിക്കുന്നതുവരെ സെവിയ്യയ്ക്കായി കളിക്കും. ബാഴ്സലോണയേയും യുവന്റസിനേയും മറികടന്നാണ് മാർഷിയാലിനെ സെവിയ്യ സ്വന്തമാക്കുന്നത്. നിലവിൽ ലാലിഗയിൽ റയൽ മാ‌ഡ്രിഡിന് തൊട്ടു പിന്നിൽ രണ്ടാം സ്ഥാനത്താണ് സെവിയ്യ. 2015ൽ റെക്കാഡ് തുകയ്ക്ക് മൊണാക്കോയിൽ നിന്ന് യുണൈറ്റഡിൽ എത്തിയ മാർഷിയാൽ യുണൈറ്റഡിനായി 169 മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടി. ക്രിസ്‌റ്റ്യാനോ റൊണാൾഡോ,​ ജേഡൻ സാഞ്ചോ,​ മാർക്കസ് റാഷ്ഫോർഡ്,​ എഡിസൺ കവാനി,​ മേസൺ ഗ്രീൻവുഡ് എന്നിവർ മുന്നേറ്റ നിരയിൽ സ്ഥാനമുറപ്പിച്ചതോടെ ഈ സീസണിൽ നാല് തവണ മാത്രമേ യുണൈറ്റഡിനായി കളത്തിലിറങ്ങാൻ മാർഷിയാലിന് സാധിച്ചുള്ലൂ. ഇതിനാലാണ് ലോണിൽ പോകാൻ താരം തീരുമാനിച്ചത്.