
കോഴിക്കോട്: സംസ്ഥാന സർക്കാർ ലോകായുക്തയുടെ അധികാരം കവരുന്ന നിയമഭേദഗതി കൊണ്ടുവരുന്നത് അഴിമതി നടത്താനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. അഴിമതിക്കാരെ സംരക്ഷിക്കാൻ പിണറായി സർക്കാർ ഏതറ്റം വരെയും പോകും. കെ.ടി.ജലീലിന് മന്ത്രിസ്ഥാനം പോയത് ലോകായുക്ത ഇടപെടൽ മൂലമാണ്. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം അനർഹർക്ക് നൽകിയെന്ന ആരോപണം ലോകായുക്ത ഗൗരവമായി പരിഗണിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് തിരക്ക് പിടിച്ച ഈ തീരുമാനം. ലോകായുക്തയെ നോക്കുകുത്തിയാക്കി അഴിമതി നടത്തുകയാണ് സി. പി. എമ്മിന്റെ ലക്ഷ്യമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
ലോകായുക്ത ഭേദഗതി അനാവശ്യം :കുമ്മനം
ലോകായുക്തയെ നിർവീര്യമാക്കുന്ന സർക്കാരിന്റെ നിർദ്ദിഷ്ട ഭേദഗതി അനാവശ്യവും ദുരുപദിഷ്ടവുമാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പ്രസ്താവിച്ചു.
പല്ലും നഖവും പിഴുതു മാറ്റി ലോകായുക്തയെ നോക്കുകുത്തിയാക്കി മാറ്റുകയും അഴിമതിക്കാരായ മന്ത്രിമാരെ രക്ഷപ്പെടുത്തുകയുമാണ് ഭേദഗതിയുടെ ലക്ഷ്യം .അഴിമതിക്കേസിൽ വിചാരണ നേരിടുന്ന മന്ത്രിമാർ
കുറ്റക്കാരെന്ന് ലോകായുക്ത വിധിച്ചാലും തൽസ്ഥാനത്തു തുടരാൻ ഇതോടെ അവസരമൊരുങ്ങും. അഴിമതി കേസുകളിൽ സ്വന്തം നേതാക്കളെ കുറ്റവാളികളായി ലോകായുക്ത കണ്ടെത്തിയപ്പോൾ സി.പി.എം നിയമത്തിന്റെ ചിറകുകൾ അരിഞ്ഞു കുറ്റവാളികൾക്ക് രക്ഷാകവചം ഒരുക്കുകയാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി .