
തൃശൂർ: രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ, പാക് പട്ടാളത്തിന്റെ വെടിയേറ്റ് വീരമൃത്യു വരിച്ച മകന്റെ പേരിലുള്ള പെൻഷൻ കിട്ടാൻ രണ്ട് പതിറ്റാണ്ടിലേറെയായി പോരാടുകയാണ് ഒരമ്മ. ഇരിങ്ങാലക്കുട കീഴുത്താണി മച്ചാട്ട് പുത്തൂർ വീട്ടിൽ ഇന്ദിരാ മേനോൻ (75) ആണ് മകൻ വിനയകുമാറിന് നീതികിട്ടാനായി പോരാടുന്നത്.
1996 സെപ്തംബർ 30ന് 28-ാം വയസിലാണ് ബി.എസ്.എഫ് ജവാനായിരുന്ന വിനയകുമാർ ജമ്മുകാശ്മീരിലെ പൂഞ്ചിൽ വീരമൃത്യു വരിച്ചത്. പാക്കിസ്ഥാൻ സൈന്യം അതിർത്തിയിലെ ബി.എസ്.എഫ് പോസ്റ്റ് ആക്രമിച്ചിരുന്നു. പ്രത്യാക്രമണം നടത്തുമ്പോഴാണ് പി.എൻ. വിനയകുമാർ പാക് പട്ടാളത്തിന്റെ വെടിയേറ്റ് വീണത്.
വിനയകുമാറിന്റെ ഭാര്യയ്‌ക്ക് പെൻഷൻ ലഭിച്ചിരുന്നു. 2000 ജൂണിൽ പുനർവിവാഹ ശേഷം പെൻഷൻ കൈപ്പറ്റിയിട്ടില്ല.
അമ്മയായ ഇന്ദിരയ്‌ക്ക് പെൻഷൻ അനുവദിക്കുന്നതിനുള്ള സമ്മതപത്രം അവർ നൽകുകയും ചെയ്‌തു. ബി.എസ്.എഫിന് എല്ലാ രേഖകളും നൽകയതാണ്. 2011 ഡിസംബറിൽ ഇന്ദിരയുടെ ഭർത്താവ് നാരായണൻകുട്ടിയും മരിച്ചു. 2016ലും 2021ലും പ്രധാനമന്ത്രിയുടെ പെൻഷൻ പരാതി പരിഹാര സെല്ലിൽ പരാതി നൽകി. അവിടെ നിന്ന് ബി.എസ്.എഫിലേക്ക് നൽകിയെങ്കിലും നടപടിയായില്ല.
കനറാ ബാങ്കിന്റെ ഇരിങ്ങാലക്കുട ബ്രാഞ്ചിലൂടെയാണ് നേരത്തെ പെൻഷൻ ലഭിച്ചത്. അതിന്റെ രേഖകളൊന്നും ഇപ്പോൾ അവിടെ ഇല്ല. ബി.എസ്.എഫ് ബംഗളൂരുവിലെ കനറാ ബാങ്കിന്റെ സെൻട്രൽ പെൻഷൻ സ്‌കീം പ്രൊസസിംഗ് സെന്ററുമായി ബന്ധപ്പെട്ടെങ്കിലും രേഖകൾ ലഭിച്ചില്ല. 1997 മുതൽ 2000 വരെ പെൻഷൻ നൽകിയത് പാസ്ബുക്കിൽ ഉണ്ടെന്ന് ഇന്ദിരാ മേനോൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
മകന്റെ പെൻഷൻ വാങ്ങി ഉപജീവനം നടത്താൻ കാത്തിരിക്കയല്ല താനെന്നും മകന്റെ വീരമൃത്യു അപമാനിക്കപ്പെടുകയാണെന്നും തന്റെ മരണത്തിന് മുമ്പ് മകന് നീതി ലഭിക്കണമെന്നാണ് ആവശ്യമെന്നും അവർ പറഞ്ഞു.
മകൾ പി. ബിന്ദു, ജയ്‌ഹിന്ദ് രാജൻ, അഡ്വ. കെ.ജി. സതീശൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.