madras-hc

ചെന്നൈ: തമിഴ്നാട്ടിൽ മൂന്നാംഭാഷയായി ഹിന്ദി പഠിപ്പിക്കാത്തതെന്തെന്നും ഹിന്ദി പഠിക്കുന്നത് കൊണ്ട് എന്താണ് ദോഷമെന്നും തമിഴ്നാട് സർക്കാരിനോടാരാഞ്ഞ് മദ്രാസ് ഹൈക്കോടതി. ഹിന്ദി അറിയാത്തതിനാൽ തമിഴ്നാട്ടിലെ പലർക്കും കേന്ദ്ര സർക്കാർ ജോലി ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുന്നതായി കോടതി ചൂണ്ടിക്കാട്ടി.

ദേശീയ വിദ്യാഭ്യാസ നയം 2020 തമിഴ്നാട്ടിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മുനീശ്വർ നാഥ് ഭണ്ഡാരി, ജസ്റ്റിസ് പി.ഡി. ഔദികേശവലു എന്നിവരടങ്ങിയ ഒന്നാം ബെഞ്ചിന്റെ നിരീക്ഷണം. കടലൂരിലെ അർജുനൻ ഇളയരാജ സമർപ്പിച്ച ഹർജി അംഗീകരിച്ച കോടതി നാലാഴ്ചക്കകം മറുപടി നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

എന്നാൽ തമിഴ്നാട് സർക്കാർ ദ്വിഭാഷാ നയമാണ് പിന്തുടരുന്നതെന്നും മൂന്ന് ഭാഷാ നയം നടപ്പിലാക്കുന്നത് വിദ്യാർത്ഥികൾക്ക് അമിതഭാരം സൃഷ്ടിക്കുമെന്നും അഡ്വക്കേറ്റ് ജനറൽ ആർ. ഷൺമുഖസുന്ദരം പ്രതികരിച്ചു. വിദ്യാ‌ർത്ഥികൾക്ക് ഹിന്ദി പഠിക്കാൻ തടസങ്ങളൊന്നുമില്ല. ഹിന്ദി പ്രചാരസഭ പോലെയുള്ള സ്ഥാപനങ്ങളുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.