
വാഷിംഗ്ടൺ: ദക്ഷിണ ചൈനാ കടലിൽ ഫ്ലൈറ്റ് ഓപ്പറേഷനിടെ യുദ്ധക്കപ്പലായ യു.എസ്.എസ് കാൾ വിൻസണിന്റെ ഡെക്കിലേക്ക് എഫ്-35 സി യുദ്ധവിമാനം ലാൻഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ ഏഴ് അമേരിക്കൻ സൈനികർക്ക് പരിക്ക്. അപകടത്തിൽപ്പെട്ട വിമാനത്തിൽ നിന്ന് പൈലറ്റ് സുരക്ഷിതമായി ഇജക്‌ട് ചെയ്തെന്ന് യു.എസ് നേവി വ്യക്തമാക്കി. പരിക്കേറ്റ സൈനികരിൽ മൂന്ന് പേർ ഫിലിപ്പീൻസിലെ മനിലയിലെ ആശുപത്രിയിലും മറ്റ് നാല് പേർ കപ്പലിൽ തന്നെയും ചികിത്സയിലാണ്. സംഭവത്തിൽ യു.എസ് നേവി അന്വേഷണം ആരംഭിച്ചു. യു.എസ്.എസ് കാൾ വിൻസൺ, യുഎസ്എസ് എബ്രഹാം ലിങ്കൺ എന്നീ യുദ്ധക്കപ്പലുകളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മുതലാണ് ദക്ഷിണ ചൈനാ കടലിൽ യു.എസ് നേവി പരിശീലനം ആരംഭിച്ചത്.