malabar-gold

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ആഗോള വികസന പദ്ധതിയുടെ ഭാഗമായി വിദേശ രാജ്യങ്ങളിൽ അഞ്ച് പുതിയ ഷോറൂമുകൾ ആരംഭിച്ചു. ഒമാൻ, ഖത്തർ, മലേഷ്യ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ.

മസ്കറ്റിലെ അൽ ഖൗദ് സ്‌ട്രീറ്റിൽ തുറന്ന ഷോറൂമിന്റെ ഉദ്ഘാടനം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഡയറക്‌ടർ ഖാമിസ് താനി തുനൈ അൽ മന്ദാരി നിർവഹിച്ചു. ഒമാനിലെ മാൾ ഒഫ് ഒമാനിൽ ആരംഭിച്ച ഷോറൂം വാണിജ്യ വ്യവസായ മന്ത്രാലയ അണ്ടർ സെക്രട്ടറി അസില ബിൻത് സലേം അൽ സംസാമിയ ഉദ്ഘാടനം ചെയ്‌തു. ഖത്തറിലെ അൽ മീറ ജെറിയൻ ജനൈഹത്തിൽ ആരംഭിച്ച ഷോറൂമിന്റെ ഉദ്ഘാടനം ഷെയ്‌ക് ഹാമദ് നാസർ ബിൻ അബ്ദുള്ള അൽ താനി, ഷെയ്‌ക് സാലഹ് അൽ മാരി എന്നിവർ ചേർന്ന് നിർവഹിച്ചു.

ഖത്തറിലെ ഖരഫ ലാൻഡ്മാർക്ക് ഷോപ്പിംഗ് മാളിൽ പുതിയ ഷോറൂം ഷെയ്‌ക് അബ്ദുള്ള നാസർ ബിൻ അബ്ദുള്ള അൽ താനി, ഷെയ്‌ക് ഹാമദ് നാസർ ബിൻ അബ്ദുള്ള അൽ താനി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്‌തു. മലേഷ്യയിലെ പെനാങിൽ തുറന്ന പുതിയ ഷോറൂമിന്റെ ഉദ്ഘാടനം പെനാങ് ഡെപ്യൂട്ടി ചീഫ് മിനിസ്‌റ്റർ പി. രാമസ്വാമി നിർവഹിച്ചു.

കൂടുതൽ ഷോറൂമുകൾ

ആഗോള വികസന പദ്ധതിയുടെ ഭാഗമായി ഈമാസം 22 പുതിയ ഷോറൂമുകൾ തുറക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് വിദേശത്തെ അഞ്ച് പുതിയ ഷോറൂമുകളെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. വിവിധ രാജ്യങ്ങളിലായി കൂടുതൽ പുതിയ ഷോറൂമുകൾ തുറക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 നിലവിൽ പത്ത് രാജ്യങ്ങളിലായി 280ലേറെ ഷോറൂമുകൾ മലബാർ ഗോൾഡിനുണ്ട്.

 14 മൊത്ത വ്യാപാര യൂണിറ്റുകളും ഇന്ത്യയിലും വിദേശത്തുമായി 9 ആഭരണ നിർമ്മാണ യൂണിറ്റുകളുമുണ്ട്.

 451 കോടി ഡോളറാണ് കമ്പനിയുടെ വാർഷിക വിറ്റുവരവ്.

 ലാഭത്തിന്റെ 5% വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കായാണ് വിനിയോഗിക്കുന്നത്.