rpn-singh

ലക്നൗ: രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ലെന്ന ആപ്തവാക്യത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഉത്തർപ്രദേശ് രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങൾ. മന്ത്രിമാർ ഉൾപ്പെടെ എട്ട് എം എൽ എമാർ ബി ജെ പിയിൽ നിന്ന് സമാജ്‌വാദി പാർട്ടിയിലേക്ക് ചുവടുമാറിയതോടെയാണ് ഇത്തവണത്തെ കാലുമാറ്റ രാഷ്ട്രീയത്തിന് ഉത്ത‌ർപ്രദേശിൽ തുടക്കെ കുറിക്കുന്നതെങ്കിലും കോൺഗ്രസിൽ നിന്നുള്ള ആർ പി എൻ സിംഗിന്റെ രാജി പുതിയ മാനങ്ങളാണ് ഉത്തർപ്രദേശ് രാഷ്ട്രീയത്തിന് നൽകുന്നത്. മുൻ കേന്ദ്രമന്ത്രിയും രാഹുൽ ഗാന്ധിയുടെ ഏറ്റവും അടുത്ത നേതാക്കളിൽ ഒരാളുമായിരുന്ന ആർ പി എൻ സിംഗിന്റെ ചുവടുമാറ്റം ഒരർത്ഥത്തിൽ രാഹുലിനും പ്രിയങ്കയ്ക്കും വ്യക്തിപരമായി ഏൽക്കുന്ന ഏറ്റവും വലിയ പ്രഹരമാണ്.

പ്രിയങ്ക ഗാന്ധി ഉത്ത‌പ്രദേശിന്റെ ചുമതല ഏറ്റെടുത്തതിന് ശേഷം പാർട്ടി വിട്ട് ബി ജെ പിയിൽ ചേരുന്ന മൂന്നാമത്തെ ഉയർന്ന നേതാവാണ് ആർ പി എൻ സിംഗ്. ആദ്യം ജ്യോതിരാദിത്യ സിന്ധ്യയും തൊട്ടുപിറകേ ജിതിൻ പ്രസാദയും നേരത്തെ പാർട്ടി വിട്ടിരുന്നു. സിന്ധ്യയേയും പ്രസാദയും ആർ പി എൻ സിംഗും എല്ലാം ഒരുകാലത്ത് രാഹുൽ ഗാന്ധിയുമായി ഏറ്റവും അടുത്ത നേതാക്കന്മാരിൽ ഉൾപ്പെട്ടവർ ആയിരുന്നു.

ആ‌ പി എൻ സിംഗ് ആദ്യം കോൺഗ്രസ് നേതൃത്വവുമായി ഇടയുന്നത് 2019ൽ മോദി സ‌ർക്കാർ ജമ്മു കാശ്മീരിന്റെ സ്വയംഭരണാവകാശം നൽകുന്ന ആർട്ടിക്കിൾ 370 എടുത്ത് കളയുന്നതോടെയാണ്. കോൺഗ്രസ് ഈ നീക്കത്തെ ശക്തമായി എതിർത്തെങ്കിലും ആർ പി എൻ സിംഗ് അടക്കമുള്ള ഒരുപറ്റം നേതാക്കൾ കോൺഗ്രസ് നിലപാട് തെറ്റാണെന്ന് വാദിച്ചിരുന്നു. പൊതുവികാരം മോദിക്ക് അനുകൂലമാണെന്നും കോൺഗ്രസ് അതിനൊപ്പം നിൽക്കണമെന്നുമുള്ള അഭിപ്രായമായിരുന്നു ആർ പി എൻ സിംഗിന്. തുടർന്ന് അതേവർഷം നടന്ന ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിൽ മോദിക്കെതിരെ വ്യക്തിപരമായ വിമർശനം ഒഴിവാക്കണമെന്ന നിലപാടായിരുന്നു പ്രചാരണ ചുമതലയുണ്ടായിരുന്ന ആ‌ർ പി എൻ സിംഗിന്. എന്നാൽ മറിച്ചൊരു നിലപാടുണ്ടായിരുന്ന രാഹുൽ ഗാന്ധിയുമായി ആർ പി എൻ സിംഗിന് ഉണ്ടായിരുന്ന ബന്ധം അതോടുകൂടി വഷളായി.

ആ‌ർ പി എൻ സിംഗിന്റെ രാജി കോൺഗ്രസ് മുൻകൂട്ടി പ്രതീക്ഷിച്ചിരുന്നുവെന്നാണ് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവരുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. എങ്കിൽ പോലും തുടർച്ചയായ നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് ഉത്തർപ്രദേശിന്റെ ചുമതലയുള്ള പ്രിയങ്കയ്ക്കും രാഹുൽ ഗാന്ധിക്കും കനത്ത പ്രഹരം തന്നെയാണ്.