burkina-faso

നെയ്റോബി : പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബർകിനാ ഫാസോയിൽ പട്ടാള അട്ടിമറി. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് ആളിക്കത്തുന്ന കലാപത്തിന് പിന്നാലെ തലസ്ഥാനമായ വാഗഡൂഗുവിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തുവെന്നും പ്രസിഡന്റ് റോക്ക് കബോറിനെ മിലിട്ടറി ക്യാമ്പിൽ തടവിലാക്കിയെന്നുമാണ് റിപ്പോർട്ടുകൾ.

കബോറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങളുടെ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യം അട്ടിമറി നീക്കം നടത്തിയത്. ഞായറാഴ്ച വാഗഡൂഗുവിൽ കലാപകാരികളായ പട്ടാളക്കാരെ പിന്തുണയ്ക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭകർ പ്രസിഡന്റിന്റെ പാർട്ടി ആസ്ഥാനം ഉൾപ്പെടെ തകർത്തിരുന്നു. തീവ്രവാദം നേരിടുന്നതിൽ ഭരണകൂടം പരാജയപ്പെട്ടെന്ന് കാട്ടിയായിരുന്നു പ്രക്ഷോഭം.

അൽ ഖ്വായിദ, ഐസിസ് എന്നിവയുമായി ബന്ധമുള്ള ഭീകര സംഘടനകളുടെ പ്രവർത്തനം രാജ്യത്ത് ശക്തമായതാണ് സംഘർഷങ്ങളിലേക്ക് നയിച്ചത്. ആയിരക്കണക്കിന് ആളുകളാണ് ഭീകര സംഘടനകളുടെ ആക്രമണങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് കൊല്ലപ്പെട്ടത്. കൂടാതെ പതിനായിരക്കണക്കിന് പേർക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് പാലായനം ചെയ്യേണ്ടി വന്നു.

തിങ്കളാഴ്ച വാഗഡൂഗുവിലുള്ള റോക്ക് കബോറിന്റെ ഔദ്യോഗിക വസതിയ്ക്ക് സമീപവും സൈനിക ക്യാമ്പുകളിലും വെടിവയ്പ് നടന്നിരുന്നു. പിന്നാലെയാണ് പ്രസിഡന്റിനെ സൈന്യം തടവിലാക്കിയെന്ന അന്താരാഷ്ട്ര മാദ്ധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നത്.

വൈകാതെ, രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായും സർക്കാരിനെയും പാർലമെന്റിനേയും പിരിച്ചുവിട്ടെന്നും ഭരണഘടന താത്കാലികമായി റദ്ദാക്കിയെന്നും സർക്കാരിന്റെ ഔദ്യോഗിക ടി.വി ചാനലിലൂടെ സൈനിക ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. രാജ്യത്തെ ഒന്നിപ്പിച്ച് നിറുത്തുന്നതിലും ഉയർന്നുവരുന്ന തീവ്രവാദ വെല്ലുവിളികളോട് പ്രതികരിക്കുന്നതിലും കബോർ പരാജയപ്പെട്ടെന്ന് സൈന്യം പറഞ്ഞു.

രാജ്യാതിർത്തികളെല്ലാം അടച്ചതായും ഉചിതമായ സമയത്ത് ഭരണഘടനാ ക്രമങ്ങളിലേക്ക് മടങ്ങുമെന്നും സൈന്യം വ്യക്തമാക്കി. സൈനിക നീക്കം സമാധാനപരമായിരുന്നെന്നും തങ്ങളുടെ നിയന്ത്രണത്തിലാക്കപ്പെട്ട എല്ലാവരും സുരക്ഷിത സ്ഥലങ്ങളിലാണെന്നും സൈന്യം കൂട്ടിച്ചേർത്തു. സർക്കാർ ടെലിവിഷൻ ആസ്ഥാനത്തിന്റെ പ്രവർത്തനവും സംപ്രേക്ഷണവും നിലവിൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

 കബോർ എവിടെ ?

പ്രസിഡന്റ് റോക്ക് കബോർ എവിടെയാണെന്നത് വ്യക്തമല്ല. വസതിയ്ക്ക് ചുറ്റും നടന്ന വെടിവയ്പിന് ശേഷം അദ്ദേഹത്തിന് എന്ത് സംഭവിച്ചുവെന്ന് അജ്ഞാതമാണ്. സംഭവസമയം ആകാശത്ത് ഹെലികോപ്ടറുകളുണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. പ്രസിഡന്റിന്റെ വീടിന് മുന്നിലുണ്ടായിരുന്ന ആയുധങ്ങൾ നിറച്ച ഏതാനും ഔദ്യോഗിക വാഹനങ്ങൾ വെടിയുണ്ടകളേറ്റ് തകർന്ന നിലയിലായിരുന്നെന്നും ഒരെണ്ണത്തിൽ രക്തകറകൾ കണ്ടതായും

വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. സൈനിക കലാപത്തിനിടെ പ്രസിഡന്റ് കബോർ വധശ്രമത്തെ അതിജീവിച്ചതായി അദ്ദേഹത്തിന്റെ പാർട്ടിയായ പീപ്പിൾസ് മൂവ്മെന്റ് ഫോർ പ്രോഗ്രസ് അറിയിച്ചിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിക്കുന്നത്. സൈന്യം കബോറിനെ തടവിൽ പാർപ്പിച്ചിരുക്കുകയാണെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ, സൈന്യം കബോറിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയെന്നാണ് മറ്റൊരു വിഭാഗം ആവർത്തിക്കുന്നത്. കബോറിനെ സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തുവിടണമെന്ന് ആഫ്രിക്കൻ യൂണിയൻ സൈനന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബർകിനാ ഫാസോയിൽ ആയുധങ്ങൾ ഉപയോഗിച്ച് ഭരണം പിടിച്ചെടുക്കാൻ സൈന്യം നടത്തിയ നീക്കത്തെ യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടെറെസ് അപലപിച്ചു. പ്രസിഡന്റിന്റെയും രാജ്യത്തെ സ്ഥാപനങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണമെന്നും ഗുട്ടെറെസ് പറഞ്ഞു.