
ലണ്ടൻ : രോമാവൃതമായ ഭീമൻ ശരീരവും കൂർത്ത കൊമ്പുകളുമായി കോടാനുകോടി വർഷങ്ങൾക്ക് മുമ്പ് ധ്രുവപ്രദേശങ്ങളിൽ ജീവിച്ചിരുന്ന മാമത്തുകൾ മനുഷ്യർക്ക് എന്നും ഒരു അത്ഭുതമാണ്. വംശനാശം സംഭവിച്ച ഇവയ്ക്ക് നാം ഇന്ന് കാണുന്ന ആനകളുമായി സാമ്യമുണ്ടെന്ന് നമുക്കറിയാം. എന്നാൽ, ജനിതകപരമായി അത്രയും സാമ്യം ഇരുവർക്കുമില്ല.
സൈബീരിയയിൽ നിന്നുൾപ്പെടെ മഞ്ഞിൽ പുതഞ്ഞ നിലയിൽ അധികം കേടുപാടുകൾ സംഭവിക്കാത്ത അവസ്ഥയിൽ കണ്ടെത്തിയ ഫോസിലുകളിൽ നിന്നാണ് മനുഷ്യൻ മാമത്തുകളെ പറ്റി പഠിക്കുന്നത്. ഇപ്പോഴിതാ ശാസ്ത്രലോകത്തിന് ഏറെ നിർണായകമായ ഒരു കണ്ടെത്തലിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് യു.കെ. മാമത്തുകളുടെ ഒരു ' ശവപ്പറമ്പാണ് " അത്.!
ഏകദേശം പൂർണമായും സംരക്ഷിക്കപ്പെട്ട നിലയിൽ അഞ്ച് മാമത്തുകളുടെ ഫോസിലുകളാണ് യു.കെയിയിലെ സ്വിൻഡനിൽ കഴിഞ്ഞ വർഷം അവസാനം ഗവേഷകർ കണ്ടെത്തിയത്. മാമത്ത് ഫോസിലുകൾ യു.കെയിൽ മുമ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയും മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ട ഫോസിലുകൾ ലഭിക്കുന്നത്.
ഏകദേശം രണ്ടര ലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നതാണ് ഈ അഞ്ച് മാമത്തുകളും. ഒരു മെറ്റൽ ക്വാറിയിലാണ് ഇവ മറഞ്ഞുകിടന്നത്. അഞ്ച് മാമത്തുകളിൽ രണ്ടെണ്ണം കുട്ടികളാണ്. മാമത്തുകളുടെ ഫോസിലുകൾക്കൊപ്പം മറ്റൊരു കാര്യം കൂടി ഗവേഷകർക്ക് ലഭിക്കുകയുണ്ടായി. നിയാണ്ടർതാൽ മനുഷ്യർ ഉപയോഗിച്ചിരുന്നുവെന്ന് കരുതുന്ന പ്രാചീന ആയുധങ്ങളാണത്. മേഖലയിൽ നിന്ന് കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്തിയേക്കുമെന്ന പ്രതീക്ഷയിൽ മേഖലയിൽ കൂടുതൽ പര്യവേഷണം തുടരുകയാണ് ഗവേഷകർ.