basil-joseph

തിയേറ്ററിൽ വൻ തരംഗമായ ജാൻ എ മൻ എന്ന ചിത്രത്തിന്റെ നിർമാതാക്കളായ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും പുതിയ ചിത്രവുമായി എത്തുന്നു. ചിയേഴ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് നടൻ ടൊവിനോ തോമസ് പുറത്തിറക്കി.

മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതനായ വിപിൻ ദാസാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. കുഞ്ഞിരാമായണം, ഗോദ, മിന്നൽ മുരളി എന്നിങ്ങനെ വമ്പൻ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനും നടനുമായ ബേസിൽ ജോസഫ് ആദ്യമായി നായകവേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. 'ജയ ജയ ജയ ജയ ഹേ' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. മലയാളികൾക്ക് പ്രിയങ്കരിയായി മാറുന്ന ദർശന രാജേന്ദ്രനാണ് ചിത്രത്തിലെ നായിക. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയത്തിൽ നായിക ദർശനയായിരുന്നു. പ്രണവ് മോഹൻലാലാണ് ചിത്രത്തിലെ നായകൻ. ജാൻ എ മന്നിലും ബേസിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ചിത്രത്തിന്റെ വാർത്താ പ്രചരണം നിർവഹിക്കുന്നത് വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ്. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോയും അണിയറക്കാർ പുറത്തുവിട്ടിരിക്കുകയാണ്.