
ആത്മാവിലേയ്ക്കുള്ള ജാലകം എന്നാണ് കണ്ണുകളെ കാവ്യാത്മകമായി പറയുക. എന്നാൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളനുസരിച്ച് നിങ്ങളുടെ കണ്ണുകൾക്ക് വേറെയും ചില പ്രത്യേകതകളുണ്ട്. കണ്ണുകളിലൂടെ മനസ് മാത്രമല്ല ഒരു മനുഷ്യന്റെ പ്രായവും ശരീരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും എളുപ്പത്തിൽ പറയാൻ കഴിയും.
കണ്ണിന്റെ പിൻഭാഗത്ത് മൃദുവായ കോശങ്ങളുണ്ട് മദ്ധ്യവയസെത്തുമ്പോൾ ഈ കോശങ്ങൾ നശിക്കാൻ തുടങ്ങുന്നു. 47000 മദ്ധ്യവയസ്ക്കരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഈ കോശങ്ങളിൽ പരിശോധന നടത്തുന്നതിലൂടെ നിങ്ങൾ എപ്പോൾ മരണപ്പെടും എന്നതുവരെ കണ്ടെത്താനാകും.
കണ്ണിലൂടെ മനസിലാക്കാം രോഗങ്ങൾ

1. നിങ്ങളുടേത് വരണ്ട കണ്ണുകളാണെങ്കിൽ അത് റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്റെ ലക്ഷണമാകാൻ സാദ്ധ്യതയുണ്ട്.
2. കൊളസ്ട്രോളിന്റെ അളവ് ശരീരത്തിൽ അമിതമായാൽ കണ്ണിന്റെ കൃഷ്ണമണിയ്ക്ക് ചുറ്റും വെളള, ചാര അല്ലെങ്കിൽ നീല നിറത്തിലുള്ള വളയം ഉണ്ടാക്കും.
3. കൃഷ്ണമണിയ്ക്ക് ചുറ്റും ചെമ്പ് അല്ലെങ്കിൽ സ്വർണ്ണ നിറത്തിലുള്ള വളയം ഉണ്ടാവുകയാണെങ്കിൽ ഇത് അപൂർവമായ ഒരു ജനിതക രോഗം നിങ്ങൾക്കുണ്ടെന്നാണ് കാട്ടിത്തരുന്നത്. തലച്ചോറിലും കരളിലും മറ്റ് അവയവങ്ങളിലും ചെമ്പ് അടിഞ്ഞുകൂടുന്ന ഈ അസുഖം പിന്നീട് ശരീരത്തിൽ വിഷാംശം നിറയ്ക്കുകയും ചെയ്യുന്നു.
4. കണ്ണുകളുടെ പിൻഭാഗത്തുള്ള രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് മനസിലാക്കിത്തരുന്നത് നിങ്ങൾക്ക് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ക്യാൻസർ, ഗ്ലോക്കോമ തുടങ്ങിയ അസുഖങ്ങളുണ്ടെന്നാണ്.
കണ്ണുകളിൽ നോക്കി വയസ് കണ്ടെത്താം

കണ്ണുകളിലെ റെറ്റിന പരിശോധിക്കുന്നതിലൂടെ നമ്മുടെ ജീവശാസ്ത്രപരമായ പ്രായം കണ്ടെത്താൻ കഴിയുമെന്നാണ് മറ്റൊരു പഠനം തെളിയിച്ചിട്ടുള്ളത്. എന്നാൽ ഇതിലൂടെ നമ്മുടെ യഥാർത്ഥ പ്രായം തിരിച്ചറിയാൻ കഴിയില്ല. ഈ പഠനം പറയുന്നതനുസരിച്ച് നമ്മുടെ കണ്ണുകളിലെ റെറ്റിന പരിശോധിക്കുമ്പോൾ ആ ഭാഗത്തെ കോശങ്ങൾ കൂടുതലും നശിച്ച അവസ്ഥയിലാണെങ്കിൽ അടുത്ത പത്തുവർഷത്തിനുള്ളിൽ ആ വ്യക്തി മരണപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.