
സുഗമമായ യാത്രയും താങ്ങാവുന്ന വിലയിലുമുള്ള കാറുകളെ തേടുന്ന മിക്കവരുടെയും ഫസ്റ്റ് ഓപ്ഷനാണ് സി എൻ ജി, ഇലക്ട്രിക് കാറുകൾ. എന്നാൽ ഇവയ്ക്ക് പെട്രോൾ വാഹനങ്ങളെക്കാൾ വിലയൽപ്പം കൂടുതലാണ്. ഇവ രണ്ടിന്റെയും ബ്രാൻഡ് ഇമേജിലും വളരെയധികം വ്യത്യാസം പ്രകടമാണ്. ഇലക്ട്രിക് വാഹനങ്ങളെ ഉയർന്ന വിപണി മൂല്യമുള്ളവയായി കണക്കാക്കുമ്പോൾ സി എൻ ജി വാഹനങ്ങൾക്ക് താങ്ങാവുന്ന നിരക്കാണ് വിപണിയിൽ. എന്നാൽ ഇന്ധനം നിറയ്ക്കുന്നതിനായി പമ്പുകളിൽ നീണ്ട നിരയിൽ ചെലവഴിക്കേണ്ടി വരുന്നതിനാൽ സി എൻ ജി വാഹനങ്ങളോട് വാഹനപ്രേമികൾക്ക് പ്രിയം അൽപ്പം കുറവാണ്. ഇതിന് പരിഹാരമായി ടാറ്റാ മോട്ടോഴ്‌സ് തങ്ങളുടെ പുതിയ സി എൻ ജി കാർ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ടാറ്റാ ടിയാഗോ സി എൻ ജി, അഥവാ ഐ സി എൻ ജി കാറുകളാണ് ഏറ്റവും അടുത്തായി വിപണിയിൽ എത്തിയ താരം.
ടാറ്റാ ടിയാഗോ ഐ സി എൻ ജി ഡിസൈൻ

എക്‌സ് ഇ, എക്‌സ് എം, എക്‌സ് ടി, എക്‌സ് ഇസഡ് പ്ളസ് ( എസ് ടി, ഡിടി) എന്നിങ്ങനെ നാല് ട്രിമ്മുകളിലായാണ് ടാറ്റാ ടിയാഗോ പുതിയ സി എൻ ജി കാർ അവതരിപ്പിച്ചിരിക്കുന്നത്. 2020ൽ പുറത്തിറക്കിയ ടിയാഗോയുടെ മാതൃകയിൽ തന്നെ നിർമിച്ചിരിക്കുന്നതിനാൽ പുതിയ
ഉത്പന്നത്തിന് പുറമേ അധികം മാറ്റങ്ങൾ നൽകിയിട്ടില്ല. ടെയിൽഗേറ്റിൽ ഐ സി എൻ ജി എന്ന ബാഡ്‌ജ് പുതുതായി ഘടിപ്പിച്ചു എന്നത് മാത്രമാണ് വ്യത്യാസം. ഡോർ ഹാൻഡിലിനുള്ളിലെയും ബൂട്ട് ലിഡ്ഡിലെയും ഗ്രില്ലിനുള്ളിലെ ക്രോം ഫിനിഷിംഗ് ടാറ്റാ ടിയാഗോ ഐ സി എൻ ജിയുടെ പ്രധാന പ്രത്യേകതകളിൽ ഒന്നാണ്. എന്നാൽ ബൂട്ടിനുള്ളിൽ 80 ലിറ്ററിന്റെ സ്റ്റോറേജ് സ്പേസ് മാത്രമാണുള്ളത്. ടാറ്റയുടെ പെട്രോൾ വാഹനങ്ങളിൽ 242 ലിറ്റർ സ്റ്റോറേജാണുള്ളത്. എൽ ഇ ഡി ഡി ആർ എൽ ഹെഡ് ലാമ്പുകളും പതിന്നാല് ഇഞ്ച് സ്റ്റീൽ വീലുകളും ഇവയുടെ മറ്റ് പ്രത്യേകതകളാണ്.

ടാറ്റാ ടിയാഗോ ഐ സി എൻ ജിയുടെ ഉൾഭാഗം

കറുപ്പും ബെയ്ജ് നിറത്തിലുള്ളതുമായ ഡാഷ്‌ബോർഡും അപ്ഹോൾസ്റ്ററിയും ഒഴികെ കാര്യമായ മാറ്റമൊന്നും ഉൾഭാഗത്തില്ല. സ്റ്റാൻഡേർഡ് വേർഷനിലെ ഫിറ്റും ഫിനിഷുമെല്ലാം ടാറ്റാ ടിയാഗോ ഐ സി എൻ ജിയിലുമുണ്ട്. സ്ക്രീനിന്റെ ഇടത് ഭാഗത്തെ സി എൻ ജി ഐക്കണിന് ഇടം നൽകുന്നതിനായി ഡിജിറ്റൽ ഉപകരണങ്ങൾക്ക് ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. രണ്ട് തരം ഇന്ധന മോഡുകൾക്കും ഇടം നൽകുന്ന രീതിയിൽ വലത് വശം ഇന്ധന ഗേജുമായി ബന്ധിപ്പിച്ചിരിക്കുന്നു.

വളരെ ക്ളീനായതും ബ്രൈറ്റ് ആയതുമായ ഡിസ്‌പ്ളേ ഇവയുടെ ഉൾവശം കൂടുതൽ മനോഹരമാക്കുന്നു. ഇലക്ട്രിക്കൽപരമായി അഡ്ജസ്റ്റ് ചെയ്യാനും മടക്കാനും സാധിക്കുന്ന വിംഗ് മിററുകൾ, ഓട്ടോമാറ്റിക് ക്ളൈമറ്റ് കൺട്രോൾ, എട്ട് സ്‌പീക്കറുള്ള ഹർമൻ ഓഡിയോ സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ളേ സംവിധാനമുള്ള ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ എന്നിവ ടാറ്റാ ടിയാഗോ ഐ സി എൻ ജിയുടെ ഫീച്ചറുകളാണ്. ഇവയുടെ ബേസ് വാരിയന്റുകളിലും ഇത്തരം ഫീച്ചറുകൾ ലഭ്യമാണ്.

സുരക്ഷാ ഫീച്ചറുകൾക്ക് പുറമേ സ്വമേധയാ എസി കൺട്രോൾ ചെയ്യാൻ കഴിയുന്ന സംവിധാനങ്ങൾ, ബ്ളാക്ക്, ഗ്രേ നിറത്തിലെ ഇന്റീരിയറുകൾ, പവർ വിൻഡോകൾ, ഡിസ്പ്ളേ സംവിധാനത്തിലെ പാർക്കിംഗ് സെൻസറുകൾ, കൈകൊണ്ട് പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന സെൻട്രൽ ലോക്ക്, പിയാനോ കറുപ്പ് നിറത്തിലെ ഒആർവിഎം, ഗ്ളോവ് ബോക്സ് എന്നിവയും മറ്റ് ട്രിമ്മുകളിലെ ഫീച്ചറുകളാണ്. 73 ബി എച്ച് പി, 95 എൻ എം പീക്ക് ടോർക്ക് നിർമിക്കാൻ സാധിക്കുന്ന 1.2 എൽ റെവോട്രോണിലെ മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനുകളും ഇവയുടെ പ്രത്യേകതയാണ്.