
ന്യൂയോർക്ക്: പ്രമുഖ അമേരിക്കൻ ഇലക്‌ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല 2021ൽ കുറിച്ചത് 19 വർഷത്തെ ചരിത്രത്തിനിടയിലെ ഏറ്റവും ഉയർന്ന ലാഭം. 2020നേക്കാൾ ആറ് മടങ്ങ് വളർച്ചയോടെ 550 കോടി ഡോളർ ലാഭമാണ് കൊവിഡ് പ്രതിസന്ധിക്കും ചിപ്പ് ക്ഷാമത്തിനും ഇടയിൽ കഴിഞ്ഞവർഷം ടെസ്‌ല നേടിയത്.
യൂറോപ്പിലും ചൈനയിലും വില്പന കുതിച്ചതാണ് ടെസ്‌ലയ്ക്ക് കരുത്തായത്. 87 ശതമാനം വളർച്ചയോടെ 9.36 ലക്ഷം വാഹനങ്ങൾ 2021ൽ കമ്പനി വിറ്റഴിച്ചു. വരുമാനം 3,150 കോടി ഡോളറിൽ നിന്നുയർന്ന് 5,380 കോടി ഡോളറായി. ഡിസംബർപാദ വരുമാനം 65 ശതമാനം വർദ്ധിച്ച് 1,770 കോടി ഡോളറിലെത്തി.
ചിപ്പ് ക്ഷാമം രൂക്ഷമായതിനാൽ ഈവർഷം പുതിയ മോഡലുകൾ അവതരിപ്പിക്കില്ലെന്ന് സി.ഇ.ഒ എലോൺ മസ്‌ക് വ്യക്തമാക്കി. കമ്പനിയുടെ അഭിമാനപദ്ധതിയായ സൈബർട്രക്ക് 2021ൽ വിപണിയിലെത്തേണ്ടതായിരുന്നു. ഈവർഷവും സൈബർട്രക്ക് പുറത്തിറക്കില്ലെന്ന് ഇതോടെ ഉറപ്പായി. 25,000 ഡോളർവിലയുള്ള ഇലക്ട്രിക് കാറുകൾ പുറത്തിറക്കാനുള്ള പദ്ധതിയും നീളും.