നെടുമങ്ങാട്: നെടുമങ്ങാട് താലൂക്ക് ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ.നജീബിനെ സസ്പെൻഡ് ചെയ്യാൻ ഇടയാക്കിയ പരാതിയിൽ കഴമ്പില്ലെന്ന് ആരോഗ്യവകുപ്പ് അഡി.ഡയറക്ടർ (വിജിലൻസ്) നടത്തിയ അന്വേഷണത്തിൽ ബോധ്യമായി. ഇതുസംബന്ധിച്ച റിപ്പോർട്ട് വിവരാവകാശരേഖ പ്രകാരം പുറത്തുവന്നു.
2019ലാണ് ഡോ.നജീബ് കൈയേറ്റം ചെയ്തെന്ന് പരാതി ഉന്നയിച്ച് അന്നത്തെ ലേ സെക്രട്ടറി കാഷ്വാലിറ്റിയിൽ ചികിത്സ തേടിയത്. സംഭവം വിവാദമായതിനെ തുടർന്ന് ഡോ.നജീബിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
എന്നാൽ, വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ പരാതിക്കാരന്റെയും സാക്ഷികളുടെയും മൊഴികളിലെ വൈരുദ്ധ്യവും സംഭവം നടന്ന സമയവും ചികിത്സ തേടിയ സമയവും തമ്മിലുള്ള പൊരുത്തക്കേടും കണ്ടെത്തി. രക്തസമ്മർദ്ദം രേഖപ്പെടുത്തിയതിൽപ്പോലും പൊരുത്തക്കേട് ഉണ്ടായിരുന്നു.
സാമ്പത്തിക ഇടപാടുകളിൽ അഴിമതിക്ക് കൂട്ടുനിൽക്കാത്തതുകൊണ്ടാണ് തനിക്കെതിരെ പരാതി ഉന്നയിച്ചതെന്നാണ് ഡോ. നജീബ് ബോധിപ്പിച്ചത്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് അനുകൂല വിധി നേടി ഡോ.നജീബ് സർവീസിൽ തിരിച്ചു കയറിയെങ്കിലും മറ്റൊരിടത്തേക്ക് സ്ഥലം മാറ്റിയിരുന്നു. പരാതിക്കാരൻ സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തു.